പതിരില്ലാത്ത പഴഞ്ചൊല്ലുകളുമായി ‘മൂത്തോറെ വാക്ക്’ 

അകത്തു കത്തിയും പുറത്തു പത്തിയും (മനസ്സില്‍ ദുഷ്ടത്തരം വെച്ചുകൊണ്ട് പുറമേക്ക് നല്ലപിള്ള ചമയുക)
അമക്കിച്ചെരച്ചാലും തലയിലെഴുത്ത് മാറില്ല (മനുഷ്യന്റെ വിധി പോലെയേ ജീവിതം മുന്നോട്ടുപോകൂ)
ഗണപതിക്കു വെച്ചത് കാക്ക കൊണ്ടുപോകുക (ഒരു കാര്യത്തിന്റെ തുടക്കം തന്നെ പിഴയ്ക്കുക)
നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കിളിര്‍ത്താല്‍ അതുമൊരു തണല് (നിര്‍ലജ്ജന്മാര്‍ അവര്‍ക്കുണ്ടാകുന്ന അപമാനത്തെയും ഗുണമായി വിചാരിക്കുന്നു)
മുറിവൈദ്യന്‍ ആളെക്കൊല്ലും (അല്പമാത്രമായ അറിവുള്ളവന്‍ അപകടകാരിയാണെന്ന് മുന്നറിയിപ്പ്)
നാഴികയ്ക്ക് നാല്പത് മട്ട് (കൂടെക്കൂടെ അഭിപ്രായം മാറുക)

പഴമൊഴികളും ശൈലികളും മലയാള ഭാഷയുടെ ഊര്‍ജ്ജമാണ്. പഴയ കാലത്തെ സവിശേഷമായ സാഹചര്യങ്ങളില്‍ നിന്ന് നിര്‍മ്മിക്കപ്പെട്ട ചൊല്ലുകള്‍ കാലപ്രയാണത്തിലും ഒളിമങ്ങാതെ നില്‍ക്കുന്നുവെന്നത് അവയുടെ കാലാതീതമായ നവീനത്വത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ച് കടന്നുപോകുന്ന ഈ ചൊല്ലുകളും ശൈലികളും സമാഹരിച്ച് ഒരു പുസ്തകം ഇപ്പോള്‍ പ്രസിദ്ധീകരിച്ചു. മനോജ് മനയില്‍ സമാഹരിച്ച പുസ്തകത്തിന്റെ പേര് മൂത്തോറെ വാക്ക് എന്നാണ്.

ജ്യോതിഷം, അന്യോപദേശം, ഉത്സവം, ആചാരം, ശിക്ഷാരീതികള്‍, ആരോഗ്യം, കൃഷി, ഐതിഹ്യം എന്നിങ്ങനെ നമ്മുടെ നാടിന്റെ വിഷയവൈവിധ്യം മുഴുവന്‍ പ്രയോജനപ്പെടുത്തിയാണ് മൂത്തോറെ വാക്ക് എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഓരോ പഴഞ്ചൊല്ല് അല്ലെങ്കില്‍ ശൈലിയും എടുത്ത് അര്‍ത്ഥം വിശദീകരിച്ച് അവയുടെ പ്രയോഗ സന്ദര്‍ഭങ്ങളും വിവരിക്കുന്ന രീതിയിലാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നമ്മുടെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് മൂത്തോറെ വാക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നമ്മുടെ സര്‍വ്വതോമുഖമായ വളര്‍ച്ചാഘട്ടങ്ങളുടെ പല തലങ്ങളെ അഭിമുഖീകരിക്കുന്നതാണ് ഈ പരമ്പരയില്‍ വരുന്ന ഓരോ പുസ്തകവും.

പത്രപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ മനോജ് മനയില്‍ ഇപ്പോള്‍ ജനം ടി.വിയുടെ പ്രോഗ്രാം വിഭാഗം മേധാവിയായി ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ പരമഹംസര്‍ പറഞ്ഞ കഥകള്‍ എന്ന പുസ്തകത്തിന് പ്രഥമ ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എന്‍.സി.ഇ.ആര്‍.ടിയുടെ ദേശീയ ഡോക്യുമെന്ററി പുരസ്‌കാരവും നേടിയിട്ടുണ്ട്.

Categories: LITERATURE
Tags: featured