DCBOOKS
Malayalam News Literature Website

‘യുദ്ധം തിന്മയും തിന്മയും തമ്മില്‍’; ആരാധകരെ ആവേശത്തിലാഴ്ത്തി ‘ലൂസിഫര്‍’ ട്രെയിലര്‍

ആരാധകരെ കൈയിലെടുത്ത് മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ട്രെയിലര്‍. കാത്തിരിപ്പിനു വിരാമമിട്ട് ഇന്നലെ വൈകിട്ട് 9 മണിയോടെയാണ് നടന്‍ പൃഥ്വീരാജ് സുകുമാരന്റെ ആദ്യസംവിധാനസംരംഭമായ ലൂസിഫറിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയക്കാരനായാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

ബിഗ് ബജറ്റ് ചിത്രമായൊരുക്കുന്ന ലൂസിഫറില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ്, കലാഭവന്‍ ഷാജോണ്‍, സായ്കുമാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നടന്‍ മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

ആശീര്‍വാദ് മൂവീസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുജിത് വാസുദേവാണ് ഛായാഗ്രഹണം. മാര്‍ച്ച് 28ന് ചിത്രം തീയറ്ററുകളില്‍ എത്തും.

അതേസമയം ലൂസിഫറിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി മാറിക്കഴിഞ്ഞു. 21 ലക്ഷം ആളുകളാണ് 12 മണിക്കൂറിനുള്ളില്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞത്. ഏറ്റവും വേഗത്തില്‍ 20 ലക്ഷം കടക്കുന്ന ആദ്യ മലയാള ട്രെയിലര്‍ എന്ന റെക്കോര്‍ഡ് ഇനി ലൂസിഫറിന് സ്വന്തം.

Comments are closed.