DCBOOKS
Malayalam News Literature Website

സ്വവര്‍ഗ പ്രണയികളുടെ കഥ പറയുന്ന ‘മോഹനസ്വാമി’

mohanaswami

ആണ്‍പെണ്‍ പ്രണയത്തിന്റെ തീവ്രതയും വൈകാരികതയും നാം കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാല്‍ രണ്ട് പുരുഷന്‍മാര്‍ തമ്മില്‍ പ്രണയമുണ്ടായാലോ..? പ്രണയം മാത്രമല്ല ശാരീരികമായി ഒന്നുചേര്‍ന്നാലോ.. കേള്‍ക്കുമ്പോഴേ സദാചാരവാദികളായ നമ്മള്‍ നെറ്റിചുളിക്കും. കേട്ടപാടെ വാളെടുക്കും. എന്നാല്‍ ഇവിടെ വിവരവും വിദ്യാഭ്യാസവും ഉയര്‍ന്ന ഉദ്യോഗവുമൊക്കയുള്ള രണ്ട് പുരുഷന്മാര്‍ തമ്മില്‍ പ്രണയിക്കുകയാണ്. പ്രണയത്തിന്റെ അന്ത്യം എന്തായാലും അവര്‍ പരസ്പരം പ്രണയിക്കുകയും ശരീരം പങ്കുവയ്ക്കുകയും ചെയ്യുന്നു..

മോഹനസ്വാമി എന്ന ആത്മസ്പര്‍ശിയായ കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ട് കന്നഡ സാഹിത്യത്തിലെ അതിശക്ത സാന്നിധ്യമായ വസുധേന്ദ്ര സ്വവര്‍ഗ്ഗ പ്രണയത്തെയും ലൈംഗികതയെയും കുറിച്ചുള്ള വ്യവസ്ഥാപിത കല്പനകളെ തിരുത്തുകയാണ് ഈ കഥകളിലൂടെ. ‘മോഹനസ്വാമി’, ‘കടുങ്കെട്ട്’, ‘കാഷിവീര’, ‘അനഘ’, ‘ഉയരങ്ങളില്‍’, ‘മൂട്ട’, ‘കിളിമഞ്ചാരോ’ തുടങ്ങിയ

മോഹനസ്വാമി
മോഹനസ്വാമി

പത്തുകഥകളുടെ സമാഹാരം മോഹനസ്വാമി എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ ഇതാദ്യമായാണ് ഗേസാഹിത്യം കടന്നുവരുന്നത്.  കന്നഡയിലെ ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ചുള്ള ചെറുകഥകള്‍ അടങ്ങിയ പുസ്തകമാണ് 2013ല്‍ പുറത്തിറങ്ങിയ മോഹനസ്വാമി‘.

സ്വവര്‍ഗ പ്രണയികളുടെ ജീവിതത്തിന്റെയും പ്രണയത്തന്റെയും തീവ്രമായ അകം പുറങ്ങളെ തുറന്നാവിഷ്‌കരിക്കുന്ന കഥകളാണ് മോഹനസ്വാമിയിലേത്. ആഷ് അഷിതയാണ് ഈ കഥകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.

മോഹനസ്വാമി..കഥയില്‍ നിന്ന് ;

സാധാരണ ബൈക്കിനു പിന്നിലിരിക്കുമ്പോള്‍ മോഹനസ്വാമി കാര്‍ത്തിക്കിനെ ഇറുകെ ചുറ്റിപ്പിടിക്കും. ഇടതുകൈ അരക്കെട്ടിനെ ചുറ്റും. വലതുകൈ തുടയിലും. കാര്‍ത്തിക്കിന്റെ അതിവേഗം ഒരിക്കലും മോഹനസ്വാമിയെ ബാധിച്ചിരുന്നില്ല. തല അയാളുടെ പുറത്തേക്ക് ചായ്ച്ചുവെച്ച് കണ്ണുകളടച്ച് അയാള്‍ ആ നിമിഷങ്ങളെ സ്വന്തമാക്കുമായിരുന്നു. സിഗ്‌നലുകളില്‍ വണ്ടി നിര്‍ത്തുമ്പോള്‍ കാര്‍ത്തിക് അയാളുടെ കൈയ്ക്കുള്ളില്‍ വിരല്‍ കോര്‍ക്കും. ആ സ്പര്‍ശനം എല്ലായ്‌പ്പോഴും മോഹനസ്വാമിയെ കോരിത്തരിപ്പിച്ചിരുന്നു.

ഇന്ന് മോഹനസ്വാമി അയാളെ തൊടില്ലെന്ന് ആദ്യമേ തീരുമാനിച്ചുറപ്പിച്ചിരുന്നു. മറ്റൊരാള്‍ക്കുവേണ്ടി തന്നെ കളയാന്‍ ഒരുങ്ങുന്ന ഒരുത്തനെ ജീവിതത്തില്‍ എന്തിനാണ് വെറുതേ അള്ളിപ്പിടിച്ചിരിക്കുന്നത്? ഇരിപ്പുറപ്പിക്കാനെന്ന മട്ടില്‍ കാര്‍ത്തിക് അയാളുടെ തുടയില്‍ തൊട്ടെങ്കിലും മോഹനസ്വാമി പുറകിലെ കമ്പിയില്‍ പിടിച്ചു പിന്നിലേക്ക് നീങ്ങിയിരുന്നു. സിഗ്‌നലില്‍ എത്തിയപ്പോള്‍ കാര്‍ത്തിക് അയാളുടെ കയ്യില്‍ പിടിച്ചു. പൊള്ളലേറ്റ മട്ടില്‍ അയാള്‍ കൈ വലിച്ചെടുത്തു.

മെസ്സില്‍ നല്ല തിരക്കായിരുന്നു. കുറെ നേരം കാത്തുനിന്നിട്ടാണ് ഒരു ഒഴിഞ്ഞമേശ തരപ്പെട്ടത്. കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എരിവുള്ള സാമ്പാര്‍ മൂക്കില്‍ കയറി കാര്‍ത്തിക് ചുമച്ചു. ശ്വാസം കിട്ടാതെ അയാള്‍ കഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കാന്‍ മോഹനസ്വാമിക്കായില്ല. അയാള്‍ വെപ്രാളപ്പെട്ട് അപ്പുറത്തെ മേശയില്‍നിന്നും വെള്ളക്കുപ്പിയുമായി ഓടി വന്നു. ‘ശരിയായോ? ഇപ്പോള്‍ ആശ്വാസം തോന്നുന്നുണ്ടോ?’ അയാള്‍ പിണക്കം മറന്നുപോയി.

കാര്‍ത്തിക് ഒന്നും പറഞ്ഞില്ല. അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു നിന്നു. അതിന്റെ തിളക്കം കണ്ണുകളിലേക്കും പരന്നിരുന്നു.
വീട്ടിലെത്തിയപ്പോഴേക്കും പത്തു മണി കഴിഞ്ഞിരുന്നു. ചെന്ന പാടെ കാര്‍ത്തിക് കിടക്കയിലേക്കു മറിഞ്ഞു. ചെറുതായി കൂര്‍ക്കം വലിച്ചു തുടങ്ങി.

പക്ഷേ, മോഹനസ്വാമിയുടെ മനസ്സില്‍ ചിന്തകള്‍ ചിലന്തിവല കെട്ടുകയായിരുനു. കാര്‍ത്തിക്കിനോടു മോശമായി പെരുമാറരുതായിരുന്നു. പാവം. വീട്ടുകാര്‍ നിര്‍ബന്ധിച്ചാല്‍ അവനെങ്ങനെ കല്യാണം വേണ്ടെന്നു പറയാനാവും? എന്റെ കാര്‍ത്തി ഒരായിരം സുന്ദരിപ്പെണ്ണുങ്ങള്‍ക്ക് അനുയോജ്യനാണ്. അവനെ പിടിച്ചു വെക്കുന്നത് സ്വാര്‍ത്ഥതയല്ലേ?

കാര്‍ത്തിക്കിന്റെ കൈകള്‍ ഏതു നിമിഷം വേണമെങ്കിലും തന്നെ തേടി വരും. അന്നേരം തട്ടിമാറ്റില്ലെന്നുറപ്പിച്ചുകൊണ്ട് മോഹനസ്വാമി നിഴല്‍ചിത്രംപോലെ കിടക്കുന്ന പ്രിയപ്പെട്ടവനെ നോക്കി കിടന്നു. എന്റെ സ്‌നേഹം സത്യമെങ്കില്‍ അവന്‍ ഒരു നിമിഷത്തിനുള്ളില്‍
ഉണരും, എന്നെ തിരഞ്ഞു വരും. മോഹനസ്വാമി ക്ഷമയോടെ കാത്തു കിടന്നു. പ്രാര്‍ഥനയോടെ ഒന്നു തൊട്ട് നൂറുവരെ എണ്ണാന്‍ തുടങ്ങി. അപ്പോഴേക്കും കാര്‍ത്തിക്കിന്റെ കൂര്‍ക്കംവലി ഉച്ചസ്ഥായിയിലായിരുന്നു.

പലവട്ടം തോറ്റ ആളെന്ന നിലയ്ക്ക് ജയിക്കണമെന്ന വാശികൊണ്ട് കാര്യമൊന്നുമില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. അയാള്‍ മെല്ലെ കാര്‍ത്തിക്കിന്റെ അരികിലേക്ക് നീങ്ങിക്കിടന്നു. കെട്ടിപ്പിടിച്ചുകൊണ്ട്, അയാള്‍ മൂക്ക് കാര്‍ത്തിക്കിന്റെ ചെവിയില്‍ മെല്ലെ ഉരസാന്‍ തുടങ്ങി. കാര്‍ത്തിക് ഞെട്ടി ഉണര്‍ന്നു.

അസംഖ്യം പ്രാവശ്യം ഒന്നായി ചേര്‍ന്ന രണ്ടു ശരീരങ്ങള്‍ക്കും ഓരോ കുഞ്ഞു സ്പര്‍ശനവും പരിചിതമായിരുന്നു. മൃദുവായി ഉമ്മ വെച്ചു കൊണ്ട് മോഹനസ്വാമി പൊക്കിളില്‍ ഊതുമ്പോള്‍ അടിവയറില്‍നിന്ന് ചിത്രശലഭങ്ങള്‍ പറക്കുന്നതുപോലെ കാര്‍ത്തിക്കിനു തോന്നുമായിരുന്നു. തുടയിലെ മറുകില്‍ കാര്‍ത്തിക് നാക്കുരസുന്ന നിമിഷങ്ങളില്‍ സഹിക്കാനാവാതെ മോഹനസ്വാമി ഞരങ്ങും. ഇണചേര്‍ന്നതിനു ശേഷമുള്ള നിമിഷങ്ങളില്‍ മതിവരാതെ പ്രിയപ്പെട്ടവന്റെ കാതില്‍ കൊഞ്ചലോടെ മന്ത്രിക്കുമായിരുന്നു മോഹനസ്വാമി. ആനന്ദത്തിനിടയില്‍ കുറ്റബോധം ഒരിക്കലും അവരെ അലട്ടിയിരുന്നില്ല.

സര്‍പ്പങ്ങളെ പോലെ പരസ്പരം പുണരുന്ന രണ്ടു ശരീരങ്ങള്‍. എല്ലാ വേദനകളും ഉന്മാദം നിറഞ്ഞ സന്തോഷത്തിലേക്ക് വഴിമാറുന്ന ആ
നിമിഷം തൊട്ടരികില്‍ എത്തിനില്‍ക്കുന്നു. മോഹനസ്വാമി പ്രിയപ്പെട്ടവന്റെ മിന്നാമിനുങ്ങുപോലെ തിളങ്ങുന്ന കണ്ണുകളിലേക്ക് ആര്‍ത്തിയോടെ നോക്കി.
അതേ നിമിഷത്തിലാണ് കാര്‍ത്തിക്കിന്റെ ഫോണ്‍ ശബ്ദിച്ചത്. മോഹനസ്വാമി ചാടിയെണീറ്റു നോക്കി. ‘രശ്മി മൈ ലവ്’….

 

 

Comments are closed.