DCBOOKS
Malayalam News Literature Website

ഗാന്ധിയെ ഇന്ത്യ നാടുകടത്തുമോ?

ചരിത്രകാരനും ‘ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി, ഗാന്ധി ബിഫോര്‍ ഇന്ത്യ’ മുതലായ പ്രസിദ്ധ പുസ്തകങ്ങളുടെ രചയിതാവുമായ രാമചന്ദ്ര ഗുഹ ആധുനിക ഇന്ത്യയുടെ ശില്പികളെ കുറിച്ചു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിച്ചു. സ്വാഭാവികമായും പ്രധാന ചര്‍ച്ചാവിഷയം ഗാന്ധി തന്നെ ആയിരുന്നു.

ഷാജഹാന്‍ മാടമ്പാട്ടുമായുള്ള സംവാദത്തില്‍, ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ ഗാന്ധിയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയുന്നത് പുറംനാട്ടുകാര്‍ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധി എന്ത് ചെയ്തു എന്നതിനേക്കാള്‍, ഗാന്ധി എന്ത് ചെയ്തില്ല എന്നതാണ് പല ഇന്ത്യക്കാരുടെയും പ്രധാന ചോദ്യം. ജാതിയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ ഗാന്ധി ശക്തമായ നയങ്ങള്‍ എടുത്തില്ലെന്നും, വിഭജനം തടഞ്ഞില്ല എന്നും, ഗാന്ധിയെക്കാള്‍ മഹത്തരം അംബേദ്കര്‍ ആണെന്നുമുള്ള വാദങ്ങള്‍ നമുക്ക് ചുറ്റും പലപ്പോഴും ഉയര്‍ന്നു വരുന്നു. ഗാന്ധി എന്ത് ചെയ്തില്ല, നെഹ്‌റു എന്ത് ചെയ്തില്ല എന്നതിനുപകരം ‘ഞാന്‍ എന്ത് ചെയ്തു’ എന്ന് നമ്മള്‍ ഇന്ത്യാക്കാരും നമ്മളെ ഭരിക്കുന്ന രാഷ്ട്രീയക്കാരും എന്ന് ചോദിച്ചു തുടങ്ങും?

ഗുജറാത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ഗാന്ധിയെ ആര് കൊന്നു, എന്തിനു വേണ്ടി കൊന്നു എന്ന യാഥാര്‍ഥ്യങ്ങള്‍ മായിച്ചു കളഞ്ഞു. ഗോഡ്‌സെയെ നമ്മളോര്‍ക്കുന്നത് മഹ്‌റമാവിന്റെ ഘാതകനായാണ്. എന്നാല്‍ ഭാവി തലമുറ വെള്ളപൂശിയ, താരപരിവേഷമുള്ള മറ്റൊരു ഗോഡ്‌സെയെ ആണോ കാണാന്‍ പോകുന്നത്? ജോര്‍ജ് ഓര്‍വെല്ലിന്റെ 1984 എന്ന നോവലിലെ സര്‍വവും കാണുകയും നിയന്ത്രിക്കുകയും ചെയുന്ന ബിഗ് ബ്രദറെ പോലെ ഹിന്ദുത്വം വിളമ്പുന്ന പാര്‍ട്ടികള്‍ നമ്മുടെ ചരിത്രവും പാഠപുസ്തകങ്ങളും അവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി മാറ്റിയെഴുതുമ്പോള്‍ നാം മൗനം അവലംബിക്കുകയാണോ വേണ്ടത്?

അല്ലെങ്കിലും മോഡി ഭരണകൂടത്തിന് സ്വച്ഛ് ഭാരത്തിന്റെ പ്രതീകമാക്കാന്‍ ഗാന്ധി കണ്ണാടികള്‍ മാത്രം മതിയല്ലോ! അതുമല്ലെങ്കില്‍ മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് വരുന്ന വിശിഷ്ട വ്യക്തികളെ കാണിക്കാന്‍ സബര്‍മതി ആശ്രമം. മോഡി ബ്രാന്‍ഡിങ്ങിന്റെ ഒരു കരു മാത്രമായി ഗാന്ധി ഒതുങ്ങി പോകുന്നു. ഗാന്ധിയുടെ ആദര്‍ശങ്ങളും ആശയങ്ങളും ഇന്നാരാണ് ഇന്ത്യയില്‍ പാലിച്ചു പോരുന്നത്?

പൊതുജനങ്ങളുമായി നിരന്തരം സംവദിച്ചു ഇത്തരം രാഷ്ട്രീയക്കാര്‍ പരത്തുന്ന തെറ്റിദ്ധാരണകളും, മണ്ടന്‍ ശാസ്ത്രസിദ്ധാന്തങ്ങളും തിരുത്തണ്ട ചുമതല ഇന്ത്യയിലെ എല്ലാ എഴുത്തുകാര്‍ക്കും ചരിത്രകാര്‍ക്കും ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്കുമില്ലേ?

തന്റെ ഞെരുക്കമേറിയ സാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്നു ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ശില്പിയായി മാറിയ അംബേദ്കറും, തന്റെ സൗകര്യമേറിയ സാഹചര്യങ്ങളിലും സ്വയം എളിമപ്പെടാനും സത്യത്തെ അന്വേഷിക്കാനും സ്വയം തിരുത്താനും മടി കാണിക്കാത്ത ഗാന്ധിയും എങ്ങനെ എതിരാളികളാകും? അവരെ എന്തിനു നാം എതിരാളികളായി കാണണം? ഇവരില്‍ ഒരാള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായാല്‍ ഭാവി തലമുറയ്ക്ക് കാട്ടി കൊടുക്കാവുന്ന നല്ലൊരു മാതൃകയല്ലേ നമുക്കു നഷ്ടപ്പെടുന്നത്? എന്തുകൊണ്ട് നമ്മുക്കു ഗാന്ധിയെയും അംബേദ്കറെയും ഒരുമിച്ചു സ്‌നേഹിച്ചുകൂടാ എന്നാണ് ഗുഹ ചോദിക്കുന്നത്.

ഗാന്ധിയെ ഇഷ്ടമല്ല എന്ന് പറഞ്ഞ കുറ്റത്തിന് ക്ലാസ്സല്‍ നിന്ന് പുറത്താക്കിയ സുഹൃത്തിന്റെ അനുഭവം ഒരു പെണ്‍കുട്ടി ഗുഹയോട് പങ്കുവെയ്ക്കുകയുണ്ടായി. അത്തരമൊരു നിര്‍ബന്ധിത സ്‌നേഹത്തിന്റെ ആവശ്യം ഗാന്ധിക്കില്ല. എന്നാല്‍ അഹിംസ,സമാധാനം, നിരാഹാര സമരങ്ങള്‍ എന്നിവയിലൂടെയും നമുക്ക് വിപ്ലവം കൊണ്ടുവരാം എന്ന ആശയം ഇന്ത്യയെ പഠിപ്പിച്ച ഗാന്ധിയെ അദ്ദേഹത്തിന്റെ തെറ്റുകളോടും കുറവുകളോടും കൂടി വിശകലനം ചെയ്തു പഠിക്കണോ, അതോ അദ്ദേഹത്തിന്റെ കൊലയാളിയെ ആരാധിക്കണോ എന്ന് ചോദിച്ചാല്‍, ആരെയും പേടിക്കാതെ ഗാന്ധിയെ തിരഞ്ഞെടുക്കാനുള്ള ചരിത്രബോധവും സാമാന്യബോധവും വേണമെന്നേ ഗുഹ നിര്‍ദേശിക്കുന്നുള്ളു. വിഭജനം തടയാന്‍ കഴിയാത്ത ഗാന്ധിയെ വിമര്‍ശിക്കൂ, പക്ഷെ വിഭജനസമയത്തും ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ച മുസ്‌ലിം സഹോദരങ്ങള്‍ക്ക് തുല്യ അവകാശങ്ങള്‍ കൊടുക്കണം എന്നുപറഞ്ഞ് നിരാഹാരം കിടന്ന ഗാന്ധിയെ കൂടി നിങ്ങള്‍ ഓര്‍ക്കൂ എന്നേ ഓര്‍മ്മപ്പെടുത്തുന്നുള്ളു. ബുദ്ധനെ പോലെ ഗാന്ധിയെയും നമ്മള്‍ ഇന്ത്യാക്കാര്‍ നാടുകടത്താതിരിക്കട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തയ്യാറാക്കിയത്: ജോയ്‌സ് ജോബ് (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍)

Comments are closed.