DCBOOKS
Malayalam News Literature Website

വായിച്ചാലും വായിച്ചാലും മതിവരാത്ത മിഷേലിന്റെ കഥ

ദയയുടേയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും വെളിച്ചം പരത്തുന്ന ഉജ്ജ്വലമായ ഒരു ബാലസാഹിത്യകൃതിയാണ് സിസിലിയാമ്മ പെരുമ്പനാനി രചിച്ച മിഷേലിന്റെ കഥ. ആരും മാതൃകയാകാന്‍ കൊതിക്കുന്ന മിഷേല്‍ എന്ന സല്‍സ്വഭാവിയായ പെണ്‍കുട്ടിയാണ് ഈ കഥയിലെ നായിക. തന്റെ കുടുംബത്തിന്റെ പ്രതാപാശൈ്വര്യങ്ങളിലും നാശനഷ്ടങ്ങളിലും ഒന്നു പോലെ സ്ഥിരചിത്തയായി നിന്നുകൊണ്ട് അവള്‍ മാതാപിതാക്കള്‍ക്കും സന്തോഷം നല്‍കി. ചതിയും വഞ്ചനയും മൂലം രണ്ടു കുടുംബങ്ങള്‍ക്കുണ്ടാകുന്ന കഷ്ടതയും പതനോത്ഥാനങ്ങളും വര്‍ണ്ണിക്കുന്ന ഈ കഥ മുതിര്‍ന്നവരേയും കുട്ടികളേയും ഒരേപോലെ ആകര്‍ഷിക്കുന്ന കഥകളാണ് ഈ കൃതിയിലേത്.

ഒരു ബാലനോവലിന് ആവശ്യമായ എല്ലാ ഘടകങ്ങളെല്ലാം മിഷേലിന്റെ കഥയില്‍ ഒത്തിണങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ ഉതകുന്ന പരിണാമ ഗുപ്തിയുള്ള ഒരു കഥ. ബാലഭാവനകളെ ഉത്തേജിപ്പിക്കുന്ന അഭൗമിക ഘടകങ്ങള്‍,ആദര്‍ശലോകങ്ങള്‍, കാടും നാടും മാറിമാറി മുഖം കാണിക്കുന്ന പ്രകൃതിവിലാസ വിവരണങ്ങള്‍, നന്മയും തിന്മയുമായുള്ള പോരാട്ടങ്ങള്‍ ഒടുവില്‍ നന്മയുടെ വിജയത്തിലെത്തി നില്ക്കുന്ന ആഹ്ലാദകരമായ ഒരു ഗുണപാഠപര്യവസാനവും. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച മിഷേലിന്റെ കഥയുടെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

സിസിലിയാമ്മ പെരുമ്പനാനി– ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴേ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി. ചെറുകഥകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍, തുടങ്ങിയവ തുടര്‍പംക്തിയായും അല്ലാതെയും ധാരാളമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ ആസ്‌ട്രേലിയയുടെ മുഖപത്രമായ ദി വെസ്റ്റ് ആസ്‌ട്രേലിയന്‍ ഉള്‍പ്പെടെ പല ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും സൃഷ്ടികള്‍ പ്രകാശിപ്പിച്ചു. ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുണ്ടായ യാത്രാനുഭവങ്ങള്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചു.

Comments are closed.