മലയാളത്തിലെ ശ്രേഷ്ഠരായ എഴുത്തുകാരുടെ രുചിയനുഭങ്ങള്‍ തേടിയുള്ള യാത്ര ‘മെനുസ്മൃതി’

menusmruthi

പുറകോട്ടൊഴുകുന്ന നടിയായ ഓർമ്മകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ പലപ്പോഴും കണ്ണുടക്കുന്നതു അന്നനുഭവിച്ച വിശപ്പിന്റെ വേദനകളിലോ അന്നാസ്വാദിച്ചിരുന്ന ഏതെങ്കിലും വിഭവത്തിന്റെ രുചിയുടെ ഓർമ്മകളിലോ ആയിരിക്കും. ഒരു ദീർഘശ്വാസമെടുത്ത്  മതിയാവോളം ആസ്വദിച്ച് നാം വീണ്ടും വീണ്ടും ആ ഓർമ്മകൾ അയവിറക്കുന്നു. ഇടയ്ക്കെപ്പോഴെങ്കിലും ആ ഓർമ്മകൾ പങ്കുവയ്ക്കുവാൻ കൂട്ടിനാരെങ്കിലും എത്തിയാൽ അവിടെ തുടങ്ങും അനുഭവങ്ങളുടെ നൂറു നൂറു കഥകൾ ….

വാക്കുകൾകൊണ്ട് അക്ഷരസദ്യയൊരുക്കിയ മലയാളത്തിലെ എഴുത്തുകാരുടെ മറക്കാനാകാത്ത രുചി അനുഭവങ്ങളുടെ പുസ്തകമാണ് ‘മെനു സ്മൃതി’. മെട്രോ മനോരമയിൽ പ്രസിദ്ധീകരിച്ച രസാക്ഷരങ്ങൾ എന്ന പ്രതിവാര പംക്തിയുടെ പുസ്തകരൂപം. ഹൃദയത്തിൽ പച്ചകുത്തിയതുപോലെ നിലനിൽക്കുന്ന വിഭവങ്ങളും അവയുടെ പാചകരീതിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രുചിയനുഭവങ്ങളുടെയും പാചകകുറിപ്പുകളുടെയും അപൂർവ്വ കൂടിച്ചേരൽ.

ബെന്യാമിൻ  , സുഭാഷ് ചന്ദ്രൻ ,  ഉണ്ണി , സുസ്മേഷ് ചന്ദ്രോത്ത് , ടി ഡി രാമകൃഷ്ണൻ തുടങ്ങി  നമ്മുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരുടെ നാവിൻതുമ്പത്തെ രുചിക്കൂട്ടുകളുടെ രസകരമായ കുട്ടിക്കഥകളും ഒപ്പം വൈവിധ്യവും വ്യത്യസ്തവുമായ വിഭവങ്ങളും മെനുസ്മൃതി പരിചയപ്പെടുത്തുന്നു.

menuമത്തങ്ങ പച്ചടി , അവിൽ വെള്ളയപ്പം , പാൽ വാഴപ്പഴം , ശക്തിമാൻ പുട്ട് , കടു മുടു വയനാടൻ വടുക് , പവർഫുൾ ഉപ്പുമാവ് , ഇഞ്ചിത്തൈര് , തുടങ്ങി കേൾക്കുമ്പോൾ തന്നെ പുതുമ തോന്നിക്കുന്ന 25 ൽ പരം പാചകരീതികളും  അവയ്ക്കൊപ്പം എഴുത്തുകാരുടെ ഇഷ്ടഭക്ഷണങ്ങളുടെ രസകരമായ  ആലോചനപുസ്തകവുമാണ് മെനുസ്മൃതി. പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒ വി വിജയൻ സ്മാരക നോവൽ പുരസ്കാരവും , കൈരളി അറ്റ്ലസ് കവിതാ പുരസ്കാരവും നേടിയ വിനു ജോസഫ് എറണാകുളം സ്വദേശിയാണ്. മലയാള മനോരമ കൊച്ചി എഡിഷൻ ചീഫ് സബ് എഡിറ്റർ ആണ് വിനു.

Categories: Editors' Picks, LITERATURE