പാര്‍ലമെന്റിലും തരംഗമായി ‘കവിതകള്‍’

PARLIMENT

വാഗ്‌വാദങ്ങളിലോ ചര്‍ച്ചകളിലോ പങ്കെടുക്കുമ്പോള്‍ സാഹിത്യത്തിന്റെ കൂട്ടുതേടുന്നവരാണ് ഏറെപ്പേരും. പ്രത്യേകിച്ച് സന്ദര്‍ഭോജിതമായി ചില കവിതാശകലങ്ങള്‍ ചൊല്ലിയാല്‍ അത് കാര്യങ്ങള്‍ എളുപ്പമാക്കും. ഇപ്പോള്‍ പാര്‍ലമെന്ററിലെ ചൂടേറിയ ചര്‍ച്ചകളിലെ താരം കവിതാശകലങ്ങളാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടക്കുന്ന ചര്‍ച്ചകളില്‍ വാദഗതികള്‍ ഉറപ്പിക്കാന്‍ സാഹിത്യത്തിന്റെ, പ്രത്യേകിച്ച് കവിതകളുടെ സഹായം എം പിമാര്‍ തേടാറുണ്ട്. ഇത്തരത്തില്‍ സാഹിത്യത്തിന്റെ സഹായം തേടുന്ന പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് ലോക്‌സഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ‘വിറ്റ്‌സ് ആന്‍ഡ് ഹ്യൂമര്‍, പോയട്രി ആന്‍ഡ് കപ്‌ലറ്റ്’ എന്ന റിപ്പോര്‍ട്ട് പറയുന്നത്.

ഈ വര്‍ഷം ഏപ്രില്‍ പന്ത്രണ്ട് വരെയുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ 106 കവിതാശകലങ്ങളും 26 ഈരടികളും എം പിമാര്‍ ഉപയോഗിച്ചിട്ടുണ്ടത്രെ. ആറു ശ്ലോകങ്ങളും ചൊല്ലിയിട്ടുണ്ട്. ജി എസ് ടി ചര്‍ച്ചയ്ക്കിടെ ഉറുദു കവിയായ നിദാ ഫസ്‌ലിയുടെ വരികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബഡ്ജറ്റ് സമ്മേളനങ്ങളിലാണ് കൂടുതലായും എം പിമാര്‍ കവിതകളെ കൂട്ടുപിടിക്കുന്നത്. 2017 ബഡ്ജറ്റ് സമ്മേളനത്തില്‍ 36 കവിതകളാണ് എം പിമാര്‍ ചൊല്ലിയിട്ടുള്ളത് എന്നാണ് കണക്കുകള്‍. ഇതില്‍ ശ്ലോകങ്ങളും ഉറുദു ഈരടികളും ഉപയോഗിക്കുന്നവരുമുണ്ട്.

അതേസമയം, 2016 ലെ കണക്കുകള്‍ പരിശേധിച്ചാല്‍ 35 കവിതകളും അഞ്ച് ഈരടികളുമാണ് അംഗങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഗൗരവമുള്ള കാര്യങ്ങള്‍ക്കു മാത്രമല്ല തമാശയ്ക്കും കവിതകള്‍ ചൊല്ലുന്ന എം പിമാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Categories: LIFESTYLE

Related Articles