മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എഴുത്തുകാരി മീന കന്തസാമി

meenaകോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളെ സന്ദര്‍ശിക്കാന്‍ ചെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ സിപി റഷീദ്, ഹരിഹര ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മീനാ കന്തസാമി. അതിസുരക്ഷാ സെല്ലിലേക്ക് എങ്ങനെയാണ് പെന്‍ഡ്രൈവ് കടത്താന്‍ കഴിയുക എന്നും സെല്ലിനകത്ത് എങ്ങനെയാണ് പെന്‍ഡ്രൈവ് പ്രവര്‍ത്തിപ്പിക്കുക എന്നും തനിക്കറിയില്ല എന്നും മീന ഫെയ്‌സ്ബുക്കിലെഴുതി. ആക്ടിവിസത്തെ അടിച്ചമര്‍ത്തല്‍ ഒരു ഇന്ത്യന്‍ പ്രതിഭാസമെന്നും മീന പറഞ്ഞു.

ആക്ടിവിസ്റ്റുകൾക്ക് നേരെയുള്ള ഈ കടന്നാക്രമണം ഒരു അഖിലേന്ത്യാ പ്രതിഭാസമായി മാറിയിരിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കുമെതിരായ അനവധി അക്രമങ്ങൾക്ക് ഇതിനകം നമ്മൾ സാക്ഷികളാണ്.

മീന കന്തസ്വാമി എഴുതുന്നു….

“ഇന്ന് കേരളത്തിലെ എനിക്ക് അറിയാവുന്ന രണ്ട് സഖാക്കൾ, ഹരിയും സി പി റഷീദും (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡണ്ട്) തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വച്ച് അറസ്റ്റിലായി. ജയിലിൽ കിടക്കുന്നവർക്ക് പെൻഡ്രൈവ് കൈമാറാൻ ശ്രമിച്ചു എന്നതാണ് അറസ്റ്റിന് കാരണമായി പറയുന്നത്. ജയിലിൽ കിടക്കുന്ന ഒരാൾക്ക് ആരെങ്കിലും പെൻഡ്രൈവ് കൊടുക്കുമോ എന്ന് എനിക്ക് അറിയില്ല. ജയിലിൽ കിടക്കുന്നവർക്ക് പെൻഡ്രൈവ് കൊണ്ട് എന്തെങ്കിലും ഉപയോഗം ഉണ്ടോ എന്നും അറിയില്ല.

എന്റെ സുഹൃത്ത് തിരുമുരുകൻ ഗാന്ധിയെ തമിഴ്‌നാട് പോലീസ് ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. കുപ്രസിദ്ധമായ ഈ നിയമപ്രകാരം കസ്റ്റഡിയിലെടുക്കപ്പെട്ടാൽ ജാമ്യം ലഭിക്കുക എളുപ്പമല്ല. അദ്ദേഹം മെയ് 17 മൂവ്മെന്റിന്റെ നേതാവായിരുന്നു. മറീനയിൽ നടന്ന സമരം മുതൽ ഞാൻ അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വിഷയത്തിൽ ആംനസ്റ്റി ഇന്റര്നാഷണലുമായും അന്താരാഷ്‌ട്ര മാധ്യമങ്ങളുമായും ബന്ധപ്പെടാനും പരാതികൾ നൽകാനും ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ആറ് മാസം മുമ്പ് അദ്ദേഹവുമായി ഫോണിൽ സംസാരിക്കുമ്പോൾ ഇത്തരം ഒരു കരിനിയമം അദ്ദേഹത്തിനെ തേടിയെത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.

ഒരു വ്യക്തി എന്ന നിലയിൽ ഞാൻ നിസ്സഹായയാണ്. കഴിഞ്ഞ രണ്ട്-മൂന്ന് ആഴ്ച്ചയായി ഒരേ ചോദ്യങ്ങൾക്ക് ഉത്തരം പറയുക മാത്രമാണ് ഞാൻ ചെയ്യുന്നത്. എല്ലാം മടുപ്പിക്കുന്ന, മാരിറ്റൽ റേപ്പിനെ കുറിച്ചും വയലൻസിനെ കുറിച്ചും അബ്യുസ്സിനെ കുറിച്ചും ഉള്ളവ. ഒരു സര്ഗാത്മക വൃത്തി എന്നതിൽ കവിഞ്ഞു ഇവയെല്ലാം ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ കടന്നുപോകുന്ന അനുഭവങ്ങളാണ്. ഒരു കലാകാരിയായും ആക്റ്റിവിസ്റ്റായും കോലാഹലങ്ങൾ ഉണ്ടാക്കുക എളുപ്പമാണ് കാരണം അവ ചർച്ചയ്ക്ക് വകയുണ്ടാക്കുന്നു. പക്ഷെ ഒരു ഇര എന്ന രീതിയിൽ അത് എന്നെ ശൂന്യമാക്കുകയും കരുത്ത് ചോർത്തിക്കളയുകയുമാണ് ചെയ്യുന്നത്.

ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒന്നിച്ചു നിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്ത രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള എന്റെ സുഹൃത്തുക്കൾ, അവരുടെ അറസ്റ് വാർത്ത അറിഞ്ഞ രാത്രിഎനിക്ക് ഭയവും അരക്ഷിതാവസ്ഥയും അനുഭവപ്പെട്ടു. കാരണം, എനിക്കറിയില്ല, ഞാൻ ചിന്തിച്ചിട്ടുണ്ട് ഞാൻ എഴുതുന്നതിന്റെ പേരിൽ (ഗാന്ധിയെ കുറിച്ചോ ജാതിയെ കുറിച്ചോ ബീഫിനെ കുറിച്ചോ ആർ എസ് എസിനെ കുറിച്ചോ) എനിക്ക് ജയിലിലേക്ക് പോവേണ്ടി വരികയാണെങ്കിൽ അപ്പോൾ കേരളത്തിലെ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനമായിരിക്കും എനിക്ക് വേണ്ടി ശബ്ദിക്കുക, തമിഴ്‌നാട്ടിലെ മെയ് 17 മൂവ്മെന്റ് ആയിരിക്കും എന്നെ സഹായിക്കുക. അവർ നമുക്ക് എന്നും ആശ്രയിക്കാവുന്ന സഖാക്കളും ആക്ടിവിസ്റ്റുകളും ആയിരുന്നു. അന്യായമായി സ്റ്റേറ്റിന് ഇരകളായവർക്ക് വേണ്ടി അവർ എന്നും ഉണ്ടായിരുന്നു. ഞാനോ ഇവിടെ ലണ്ടനിലെ സുരക്ഷിത സ്ഥാനത്ത് ഒരു വേനൽക്കാല സായാഹ്നം ആസ്വദിച്ചിരിക്കുന്നു. അവരെ കുറിച്ച് എഴുതുന്നു. ഇത് തെറ്റായി തോന്നുന്നുണ്ട്. അവരുടെ മോചനത്തിന് വേണ്ടി ദയവായി നിങ്ങൾ ശബ്ദമുയർത്തൂ,”

Categories: HIGHLIGHTS, LATEST NEWS

Related Articles