ഓര്‍ഹന്‍ പാമുകിന്റെ ‘മൗനവീട്’

maunaveedu2

തൊണ്ണൂറ് വയസ്സുള്ള വിധവയായ ഫാത്മ. ഇസ്താംബുളിനടുത്തുള്ള ചെറിയഗ്രാമത്തിലെ കൊട്ടാരസദൃശമായ ആ പഴയ ബംഗ്ലാവില്‍ അവര്‍ക്കൊപ്പം രെജെപ്പ് എന്ന് പേരുള്ള കുള്ളന്‍ മാത്രം. വര്‍ഷാവര്‍ഷം നടക്കുന്ന ഒരു ആചാരം കണക്കെ അവരുടെ ചെറുമക്കള്‍ – ചരിത്രഗവേഷണത്തില്‍ തത്പരനായ ഫറൂക്, ഇടതുപക്ഷ ചിന്താഗതിക്കാരിയായ നില്‍ഗുന്‍, അമേരിക്കന്‍ ജീവിതം സ്വപ്നം കാണുന്ന മെറ്റിന്‍ – ഈ വീടിന്റെ നിശബ്ദതയിലേയ്ക്ക് കടന്നു ചെല്ലുന്നു. അവരറിയാത്ത രെജെപ്പിന്റെ ജന്‍മരഹസ്യം ഫാത്മയുടെ ചിന്തകളെ നോവിച്ചു. ഇസ്താംബൂളിന്റെ കഥാകാരന്‍ ഓര്‍ഹന്‍ പാമുക്കിന്റെ രണ്ടാമത്തെ നോവലാണ് ‘സൈലെന്റ് ഹൗസ്’. ഇതിന്റെ മലയാള പരിഭാഷയാണ് മൗനവീട്.

1980ലെ ടര്‍ക്കിഷ് സൈനിക അട്ടിമറിയ്ക്ക് തൊട്ടുമുന്‍പുള്ള സാമൂഹികാന്തരീക്ഷമാണ് ഓര്‍ഹന്‍ പാമുക് മൗനവീട് എന്ന നോവലില്‍ ഒരുക്കുന്നത്. യുഎസും യുഎസ്എസ്ആറും തമ്മില്‍ ശീതയുദ്ധം നടന്നുകൊണ്ടിരിക്കുന്നു. തലമുറകളുടെ ചിന്തകള്‍ തമ്മില്‍ പ്രകടമായ വ്യത്യാസമാണ് നോവല്‍ വരച്ചുകാട്ടുന്നത്. ഫാത്മയുടെ ഭര്‍ത്താവ് സെലാഹാറ്റിന്‍ ഡോക്ടര്‍ എന്നതിലുപരി പരമ്പാരാഗത വിശ്വാങ്ങള്‍ക്കെതിരെ ഗവേഷണം നടത്തുന്ന വ്യക്തിയായിരുന്നു. മദ്യത്തിനടിമയായിരുന്ന സെലാഹറ്റിന്‍ ഗവേഷണാവശ്യങ്ങള്‍ക്കായ് ഫാത്മയുടെ ആഭരണങ്ങള്‍വരെ വിറ്റു. ഫാത്മയെ സംബന്ധിച്ചിടത്തോളം ദൈവവിശ്വാസങ്ങള്‍ക്കെതിരെയുള്ള ഭര്‍ത്താവിന്റെ പ്രവര്‍ത്തികള്‍ മാനസികമായി തകര്‍ക്കുന്നവയായിരുന്നു. മധ്യത്തിലുള്ള തലമുറയുടെ അസാന്നിധ്യം പെട്ടെന്നുള്ള മരണങ്ങളിലൂടെയും മൂന്ന് ശവകൂടീരങ്ങളിലൂടെയും പറഞ്ഞുകൊണ്ട് പാമുക് വായനക്കാരനെ തുടര്‍ന്നും ഉത്കണ്ഠാകുലനാക്കുന്നു.പാരമ്പര്യം, പരിവര്‍ത്തനം, തലമുറകള്‍ക്കിടയിലുള്ള സങ്കീര്‍ണ്ണതകള്‍ തുടങ്ങിയവയെ നോവലിനെ നയിക്കുന്ന ചാലകഘടകങ്ങളായി കണക്കാക്കാം.

maunaveeduആ കാലഘട്ടത്തിലെ സാമൂഹികപ്രശ്‌നങ്ങളെ കഥാപാത്രങ്ങളിലൂടെ വരച്ചുകാണിക്കുവാന്‍ പാമുക്കിനു കഴിഞ്ഞിട്ടുണ്ട്. നീല്‍ഗുന്‍ കമ്മ്യൂണിസ്റ്റ് ഡെയ്‌ലി ന്യൂസ്‌പേപ്പര്‍ സ്ഥിരമായി വാങ്ങുന്ന ഇടതുപക്ഷചിന്താഗതിക്കിയായ ഒരു വ്യക്തിയാണ്. അവള്‍ സോവിയറ്റ് വിഭാഗം തിരഞ്ഞെടുക്കുമ്പോള്‍ സഹോദരനായ മെറ്റിന്‍ അമേരിക്കയിലാണ് തന്റെ നല്ല ഭാവി സ്വപ്നം കാണുന്നത്. രെജപ്പിന്റെ സഹോദരപുത്രനായ ഹസ്സനാകട്ടെ യു എസ്സ് എസ്സ് ആറിലോ അമേരിക്കയിലോ തുര്‍ക്കിയില്‍പ്പോലുമല്ല ലക്ഷ്യം വയ്ക്കുന്നത്. അവന്‍ ഇസ്ലാമിലേയ്ക്കാണ് നോക്കുന്നത്. എന്നിരുന്നാലും ഈ കഥാപാത്രങ്ങളുടെയൊന്നുംതന്നെ ഭാവി അവരുടെ നിയന്ത്രണത്തിലല്ല.

ഫാത്മയുടെ കുള്ളനായ വേലക്കാരന്‍ രെജെപ്പിന് കുടുംബത്തോട് വീട്ടുകാരെക്കാള്‍ കൂടുതല്‍ അടുപ്പമുള്ളതിനുള്ള കാരണം വായനക്കാര്‍ തുടക്കം മുതല്‍ മനസ്സിലാക്കുന്നു. എന്നാല്‍ മറ്റ് കഥാപാത്രങ്ങള്‍ക്ക് അയാള്‍ വെറുമൊരു വേലക്കാരന്‍ മാത്രമാണ്. അയാള്‍ അടുക്കലില്ലാത്ത സമയങ്ങളില്‍ ഫാത്മ തന്റെ പൂര്‍വ്വ കാലത്തെക്കുറിച്ച്, അസംതൃപ്തമായ തന്റെ കുടുംബജീവിതത്തെക്കുറിച്ച് ഓര്‍ക്കുന്നു. ഓരോ അധ്യായവും ഫാത്മ, രെജെപ്, ഫാറൂക്, മെറ്റിന്‍, ഹസന്‍ എന്നിവരുടെ കാഴ്ച്ചപ്പാടിലുടെയാണ് മുന്‍പോട്ട് പോകുന്നത്. മൗനവീട് (Silent House) എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന ഒരുതരം നിശബ്ദത ഈ നോവലിലുടനീളം കാണാം. ജെനി ആന്‍ഡ്രൂസാണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ഓര്‍ഹന്‍ പാമുക്കിന്റെ കൃതികള്‍ നാല്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2006ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിനു പുറമേ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ മലയാളികള്‍ക്കും ഏറെ പ്രിയങ്കരമാണ്. ഇസ്താംബുള്‍: ഒരു നഗരത്തിന്റെ ഓര്‍മ്മകള്‍, മഞ്ഞ്. വൈറ്റ് കാസില്‍, ചുവപ്പാണെന്റെ പേര് , നിഷ്‌കളങ്കതയുടെ ചിത്രശാല , നിറഭേദങ്ങള്‍ , നോവലിസ്റ്റിന്റെ കല , കറുത്ത പുസ്തകം തുടങ്ങിയ പാമുക്ക് കൃതികള്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.