DCBOOKS
Malayalam News Literature Website

വി മുസഫര്‍ അഹമ്മദിന്റെ യാത്രാക്കുറിപ്പുകള്‍..

md

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം മരുഭൂമിയിലെ പുറംവാസക്കാലത്തേക്ക് ഓര്‍മ്മകളിലൂടെ നടത്തിയ യാത്രയാണ് എഴുത്തുകാരനും വിവര്‍ത്തകനുമായ വി മുസഫര്‍ അഹമ്മദിന്റെ മരിച്ചവരുടെ നോട്ടുപുസ്തകത്തിനടിസ്ഥാനം. ഒപ്പം ഇന്തയിലെ ചില ദേശങ്ങളിലൂടെ നടത്തിയ സഞ്ചാരങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. പുസ്തകത്തില്‍ നിന്നൊരു ഭാഗം;

ചന്തകള്‍ പറഞ്ഞുതന്ന കഥകള്‍

അറേബ്യന്‍ മരുഭൂമിയുടെ വിജനനിശ്ശബ്ദതയില്‍ കണ്ടുമുട്ടിയ ബദു പറഞ്ഞു: ‘ചന്തകള്‍ സന്ദര്‍ശിക്കുമ്പോഴാണ് ഒരു നാട് എങ്ങനെ എന്ന് മനസ്സിലാകൂ’വെന്ന്. അവിടെവെച്ചാണ് ആ നാട്ടിലുള്ളവരുടെ കൊടുക്കല്‍വാങ്ങല്‍ സംസ്‌കാരം മനസ്സിലാകൂ. അവരുെട സ്‌നേഹത്തിന്റെ അളവ്, പാരുഷ്യത്തിന്റെ കഠിനത, ആ ദേശത്തിന്റെ അധോലോകം, ഉപരിലോകം എല്ലാം പെട്ടെന്ന് മനസ്സിലാക്കിയെടുക്കാന്‍ അല്‌പനേരം നാട്ടുചന്തകളില്‍ സമയം ചെലവഴിച്ചാല്‍ മതി. യാത്രകള്‍ക്കിടെ ചന്തകളില്‍ കറങ്ങുന്ന ശീലം എനിക്കുണ്ട്. പക്ഷേ, ഒരു ദേശത്തെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ജി.പി.എസ് ആണിതെന്ന് വ്യക്തമായി മനസ്സിലാക്കിയത് ബദു പറഞ്ഞുതന്നപ്പോള്‍ മാത്രമാണ്. ബദുക്കള്‍ ജ്ഞാനികളാണ്, പ്രവചന സ്വഭാവമുള്ളവരാണ്. പില്‍ക്കാലത്ത് യാത്രചെയ്യുമ്പോള്‍ നാട്ടുചന്തകള്‍ സന്ദര്‍ശിക്കുന്നത് പതിവാക്കി.

അറേബ്യയില്‍ പല ഒട്ടകച്ചന്തകളും കണ്ടപ്പോള്‍, അവിടെ നടക്കുന്ന വ്യവഹാരങ്ങളെ പിന്തുടര്‍ന്നപ്പോള്‍ മനുഷ്യരും മൃഗങ്ങളും ഒരേപോലെ അടിമകളായി മാറുന്ന നിരവധി സന്ദര്‍ഭങ്ങളെ തൊട്ടറിഞ്ഞു. ചന്തകളില്‍ മനുഷ്യര്‍ ഏറ്റവും തുറന്ന ഭാഷകളില്‍ സംസാരിക്കുന്നു, ഏറ്റവും മോശമായ വസ്തു വില്‍ക്കാന്‍വേണ്ടി പറയുന്ന കള്ളത്തിനും സംശയത്തിനിട നല്‍കാത്ത വിധത്തിലുള്ള തുറന്ന ഭാഷ ഉപേയാഗിക്കുന്നു. അറേബ്യയിലെ നാട്ടുചന്തകള്‍ അവിടെ കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ എന്നില്‍ ഒരു സര്‍വ്വകലാശാലയായി പ്രവര്‍ത്തിച്ചു. യാത്രകളുടെ നീണ്ട നീണ്ട പാതകളില്‍ലൂടെ സഞ്ചരിക്കാനുള്ള പാസ്‌വേഡുകള്‍ അവിടെ നിന്നും കണ്ടെടുക്കാനുമായി.

മരിച്ചവരുടെ നോട്ടുപുസ്തകം
മരിച്ചവരുടെ നോട്ടുപുസ്തകം

ചില വര്‍ഷങ്ങള്‍ക്കുമുമ്പ് അന്തമാനിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു ചന്ത കണ്ടു. അവിടെവെച്ച് പരിചയെപ്പട്ട ഒരാള്‍ ആ ദേശത്തിന്റെ ചരിത്രം പറയുമ്പോള്‍ രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്‍ അന്തമാനില്‍ അധിനിവേശം നടത്തിയതിനെക്കുറച്ച് വിശദമാക്കി. പല ദ്വീപുകളിലും ജപ്പാന്‍കാര്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ അറകള്‍ (ബങ്കറുകള്‍) ആ അധിനിവേശത്തിന്റെ അടയാളങ്ങളായി ഇന്നും അവശേഷിക്കുന്നുണ്ട്. താത്കാലികമായാണെങ്കിലും ബ്രിട്ടീഷുകാരെ തുരത്തിയോടിച്ച് അന്തമാന്‍ ദ്വീപസമൂഹങ്ങളില്‍ ജപ്പാന്‍കാര്‍ അധികാരം സ്ഥാപിച്ചു. ഇതോടനുബന്ധിച്ച് അവര്‍ ബ്രിട്ടീഷ് കറന്‍സി മാറ്റി ജപ്പാന്‍കറന്‍സിയുടെ ഉപേയാഗവും അവിടെ നടപ്പിലാക്കി. ജപ്പാനില്‍ അച്ചടിച്ച നോട്ടുകള്‍ ആയിരക്കണക്കിന് ചാക്കുകളിലാക്കി കൊണ്ടുവരികയായിരുന്നു. പട്ടാളക്കാര്‍ ഈ നോട്ടുകള്‍ നല്‍കി നാട്ടുകാരില്‍നിന്ന് സ്ഥലവും കൃഷിക്കളങ്ങളും വാങ്ങിക്കൂട്ടി. പലയിടങ്ങളിലും പ്ലെഷര്‍ ഹൗസുകളും പട്ടാളക്കാര്‍ക്കുവേണ്ടി ഉയര്‍ന്നുവന്നു. ആളുകള്‍ക്ക് ജപ്പാന്‍ കറന്‍സിയില്‍ വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ പട്ടാളക്കാരുടെ തോക്കിന്‍മുനയ്ക്ക് മുന്നില്‍ അവര്‍ പറയുന്നത് അനുസരിക്കുക എന്നതല്ലാതെ മറ്റ് വഴികളുമുണ്ടായിരുന്നില്ല.

കുറച്ചുനാള്‍ക്കകം ജപ്പാനെ ദ്വീപില്‍നിന്നും തുരത്തിബ്രിട്ടീഷുകാര്‍ അധികാരം വീണ്ടെടുത്തു. അതോടെ ജപ്പാന്‍ കറന്‍സി അസാധുവായി. ഏതാണ്ട് രണ്ടു വര്‍ഷക്കാലമാണ് ജപ്പാന്‍ അധിനിവേശം നിലനിന്നത്. ഇക്കാലത്തിനിടയില്‍ അവിടെയുള്ള മനുഷ്യരുടെ കൈവശമുണ്ടായിരുന്നത് ജപ്പാന്‍ കറന്‍സിയായിരുന്നു. അത് കളയാന്‍ ആര്‍ക്കും മനസ്സു വന്നില്ല. ജനങ്ങള്‍ കിടക്കകളിലും തലയിണകളിലുമെല്ലാം ഈ നോട്ടുകള്‍ സൂക്ഷിക്കാന്‍ ശ്രമിച്ചു. രണ്ടുപ്രതീക്ഷകള്‍ അവര്‍ക്കുണ്ടായിരുന്നു. ‘ജപ്പാന്‍ വീണ്ടും തിരിച്ചുവന്നേക്കാം, അല്ലെങ്കില്‍ ഏതെങ്കിലും ജപ്പാന്‍കാരന്‍ വഴി ഈ പണം മാറ്റിയെടുക്കാന്‍ അവസരം ലഭിേച്ചക്കാം”- ഇതായിരുന്നു പ്രതീക്ഷ. രണ്ടുമുണ്ടായില്ല. ആ നോട്ടുകള്‍ പട്ടാളക്കാര്‍ക്കുവേണ്ടി വെറുതെ അച്ചടിച്ച് നല്‍കിയ വെറും പേപ്പര്‍ കറന്‍സി’ മാത്രമായിരുന്നു. അതായത് നോട്ടുകള്‍ അച്ചടിക്കാന്‍ പാലിക്കേണ്ട നിയമങ്ങളും ഗോള്‍ഡ് റിസര്‍വ്വും ജാമ്യമാക്കി അടിച്ചതായിരുന്നില്ല ആ നോട്ടുകള്‍. അതുകൊണ്ടുതെന്ന ഒരുകാലത്തും ജപ്പാന് അത് സ്വീകരിക്കാനുമാകുമായിരുന്നില്ല. ഇന്ന് ആ നോട്ടുകളില്‍ ചിലത് പോര്‍ട്ടബ്ലെയറിലെ സെല്ലുലാര്‍ ജയിലിനോടനുബന്ധിച്ചുള്ള മ്യൂസിയത്തില്‍ കാണാം.

നാട്ടുകാര്‍ നീണ്ട കാലം ഈ ‘പണസഞ്ചി’ മാറ്റിക്കിട്ടുമെന്ന പ്രതീക്ഷയില്‍ സൂക്ഷിച്ചുവെച്ചു. പക്ഷേ, ഒന്നും നടന്നില്ല. ഇത്രയും കാര്യങ്ങള്‍ ചന്തയുടെ ഓരത്തുവെച്ച് കേട്ടേപ്പാള്‍ യാത്രകളില്‍ ഏറ്റവും പ്രധാനെപ്പട്ട ചരിത്രസന്ദര്‍ഭങ്ങള്‍കൂടി തിരിച്ചറിയാന്‍ പറ്റുന്ന സ്ഥലം ചന്തകള്‍തെന്നെയന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെട്ടു.

Comments are closed.