മലയാളികളുടെ സംഗീതത്തെ നിറച്ചൂട്ടിയ യൂസഫലി കേച്ചേരിയുടെ ചരമവാര്‍ഷികദിനം

21

1934 മെയ് 16ന് തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബി.എ. എടുത്ത അദ്ദേഹം പിന്നീട് ബി.എല്‍ നേടി. വക്കീലായി ജോലിചെയ്തിട്ടുണ്ട് അദ്ദേഹം.
മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്. 1954 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ യൂസഫലിയുടെ ആദ്യ കവിത ‘കൃതാര്‍ത്ഥന്‍ ഞാന്‍’ പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്‌കൃതപണ്ഡിതന്‍ കെ.പി. നാരായണപിഷാരടിയുടെ കീഴില്‍ സംസ്‌കൃതം പഠിച്ചു അദ്ദേഹം. ഇന്ത്യയില്‍തന്നെ സംസ്‌കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം ‘സൈനബ’ യാണ്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതി.

1962ലാണ് ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. ‘മൂടുപടം’ എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനങ്ങള്‍ രചിച്ചത്. ‘മഴ’ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ല്‍ ദേശീയപുരസ്‌കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തിട്ടുണ്ട്. 1979 ല്‍ സംവിധാനം ചെയ്ത ‘നീലത്താമര’ എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009ല്‍ ലാല്‍ജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരില്‍ തന്നെ സംവിധാനം ചെയ്ത് ഇറക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏറെക്കാലം വിവിധ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടിയ അദ്ദേഹം ശ്വാസകോശ അണുബാധ മൂലം 2015 മാര്‍ച്ച് 21ന് കൊച്ചിയില്‍ അന്തരിച്ചു.

Categories: TODAY