DCBOOKS
Malayalam News Literature Website

മരണത്തിന്റെ അലൗകിക സൗന്ദര്യം

ശംസുദ്ദീന്‍ മുബാറക്കിന്റെ മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍ എന്ന നോവലിന് സലീം ദേളി എഴുതിയ വായനാനുഭവം

മനുഷ്യന്റെ ചിന്തയെ ഉലയ്ക്കുന്നതാണ് മരണവും മരണാനന്തര ജീവിതവും. പരിമിതമാണ് മനുഷ്യന്റെ മരണാനന്തര അറിവ്. അതറിയാനുള്ള ത്വര മരണഭയം മൂലം മനുഷ്യന്‍ ഉപേക്ഷിക്കും. ആത്മീയ ബോധമനസ്സാണ് മരണത്തിനപ്പുറത്തെ ജീവിതത്തെ വര്‍ണ്ണിക്കുന്നത്. പരിഷ്‌കൃത ബോധത്തിന് പരിഹസമാണ് ആത്മീയത. പലപ്പോഴും ഏകാഗ്രത ആഗ്രഹിക്കുന്ന പലരും ആത്മീയതയിലേക്കാണ് അഭയം പ്രാപിച്ചത്.

മലയാള സാഹിത്യത്തില്‍ മരണാനന്തരജീവിതം പ്രമേയമാകുന്ന നോവല്‍ വിരളമാണ്. ലോകത്തെ ചലനങ്ങളെ ആവാഹിച്ചെടുക്കുന്ന ദൃഷ്ടിചാതുര്യ രചനകളാണ് മലയാളിക്ക് കൂടുതല്‍ സുപരിചിതം. അഭൗതികമായ കാര്യങ്ങളെ നിര്‍വഹിക്കുന്നതില്‍, പരിചയപ്പെടുന്നതില്‍ മലയാള സാഹിത്യം പിറകിലാണിപ്പോഴും. എന്നാല്‍ തീര്‍ത്തും ഫിക്ഷനായി തോന്നുന്ന റിയലിസ്റ്റിക് രചനാരീതിയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മരണപര്യന്തം; റൂഹിന്റെ നാള്‍മൊഴികള്‍ എന്ന കൃതിയിലൂടെ നോവലിസ്റ്റ് ശംസുദ്ദീന്‍ മുബാറക് സ്വീകരിക്കുന്നത്. ആത്മാവില്‍ തൊടുന്ന ആഖ്യാനസൗന്ദര്യത്തിലൂടെ പ്രമേയത്തിന്റെ വൈവിധ്യമാര്‍ന്ന അര്‍ഥതലങ്ങള്‍ വായനക്കാരനു സമ്മാനിച്ചതുകൊണ്ടു കൂടിയാണ് നോവല്‍ ഒരു വര്‍ഷത്തിനകംതന്നെ മൂന്നാം പതിപ്പ് പുറത്തിറക്കാനായത്.

മരണത്തിന്റെ മൂകത നോവലുടനീളം അനുഭവിക്കുമ്പോള്‍ സൗന്ദര്യാത്മകമായ ആത്മീയത കാവ്യാത്മകമായി അവതരിപ്പിക്കുന്നുണ്ട്. തയിലപ്പറമ്പില്‍ അബൂബക്കറിന്റെ മകന്‍ ബഷീര്‍ മരണപ്പെടുന്നതു മുതലാണ് നോവല്‍ ആരംഭിക്കുന്നത്. മരിച്ചതും കബറടക്കപ്പെടുന്നതും പിന്നീടങ്ങോട്ടുള്ള മനുഷ്യന്റെ നിസ്സംഗതയും വ്യാകുലതയും നിസ്സാരതയുമാണ് പ്രമേയം. പിന്നീട് റൂഹിന്റെ ആഖ്യാനത്തോടെ ബഷീറിന്റെ കുടുംബചിത്രവും നാട്ടുകാര്യവും പറയുന്നു. ചെറുതല്ലാത്ത തെറ്റുകള്‍ ചെയ്ത ബഷീറിന്റെ ഏറ്റുപറച്ചിലും മകനുമായുള്ള സംസാരവും ബന്ധങ്ങളുടെ ശക്തി മനുഷ്യനെ നിര്‍വീര്യമാക്കുന്നതിന്റെ തെളിവുകളാണ്.

സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ കണക്കെടുപ്പുകളുടെ ദിനങ്ങളും അനുഭവിക്കുന്ന മാനസിക വിഭ്രാന്തിയും ഭയവും ലോകത്തിന്റെ പാപക്കറകളുടെ ഭാരങ്ങളെ അറിയിക്കുന്നു. ഇത്രയും വേദനാജനകമായതും ഭീതിപര്‍വ്വവുമായ ആഖ്യാനരീതി മരണാനന്തര ജീവിതം പ്രമേയമാകുമ്പോള്‍ കൃതിയെ മലയാള സാഹിത്യത്തില്‍ വേറിട്ടുനിര്‍ത്തുന്നു.

അതിസൂക്ഷ്മമായ എഴുത്തിലൂടെ നിമിഷാനിമിഷങ്ങള്‍ നമ്മുടെ ജീവിതത്തിന് സമമാക്കി നിര്‍ത്താനുള്ള അക്ഷരവിദ്യ നോവലിസ്റ്റ് കൈവരിച്ചിട്ടുണ്ട്. ജീവിതവും മരണവും വ്യഥയും വേദനകളും പ്രമാണത്തിന്റെ തെളിവില്‍ സുന്ദരമായി സമന്വയിപ്പിച്ച പ്രമേയം വായനക്കാരനെ ഒരു നിമിഷം പരലോകത്തേക്ക് പറഞ്ഞുവിടുന്നുണ്ട്. മരണത്തിനപ്പുറത്തെ നിത്യതയും അനശ്വരതയും വരികളിലെത്തിക്കുമ്പോഴാണ് എഴുത്തുകാര്‍ സൃഷ്ടിക്കപ്പെടുക.

മരണം പുതിയ സാധ്യതകളുടെ ലോകമാണെന്നാണ് കണ്ടെത്തല്‍. അപരിചിതമായ ലോകത്തെ പരിചിതമാക്കുന്ന ലോക ക്ലാസിക് കഥകളിലേക്ക് നോവല്‍ നമ്മെ കൊണ്ടുപോകുന്നു. നരകവും സ്വര്‍ഗവും ചോദ്യംചെയ്യലും കേട്ടുകേള്‍വിയാണെങ്കില്‍ വായനയിലൂടെ പൂര്‍ണ്ണചിത്രം നല്‍കി മനസ്സില്‍ മായാതെ കിടക്കുന്ന എഴുത്തുവിദ്യയാണ് ശംസുദ്ദീന്‍ മുബാറക് പ്രയോഗിച്ചത്. അലൗകികം, അഭൗതികം തുടങ്ങിയ ആത്മീയ ചിന്തകളെ പുനരുജ്ജീവിപ്പിക്കുമ്പോഴുണ്ടാകുന്ന ആന്തരിക ശക്തി വായനയില്‍ ലഭിക്കുന്നുണ്ട്. സ്ത്രീ ഒരു പുരുഷന്റെ പ്രധാന സ്വാധീന ഘടകമെന്ന് കൃതിയില്‍ വരച്ചുകാട്ടുന്നു. സ്ത്രീ സഹിച്ച വേദനകള്‍ക്ക് ദൈവം പരലോകത്ത് അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. ആത്മാവിന്റെ സഞ്ചാരത്തിനിടെ കണ്ടുമുട്ടുന്ന അലപ്പോയിലെ ആത്മാവ് പറയുന്ന വിശേഷങ്ങള്‍ അറബ് ലോകത്തിലെ ആധുനിക സംഘര്‍ഷങ്ങളാണ്. റൂഹിന്റെ ലോകത്തും യുദ്ധങ്ങളും സംഘര്‍ഷങ്ങളും ചര്‍ച്ചയാവുന്നത് നോവലിലെ രാഷ്ട്രീയ പ്രമേയമാണ്.

നോവല്‍ പൂര്‍ണ്ണമായും പ്രമാണങ്ങളിലാണ് നിലനില്‍ക്കുന്നത്. ലിബറല്‍ ചിന്തകള്‍ക്കും പൊതുധാരയ്ക്കും ഇസ്‌ലാം ഭീതി ഏറെ സ്വാധീനിച്ചിട്ടുണ്ട്. ക്രിയാത്മക വായനാനിരൂപകര്‍ പോലും എഴുത്തില്‍ ഇസ്‌ലാമിക വിരുദ്ധത സൗന്ദര്യാത്മകമായി ജീവിപ്പിക്കുന്നു. ഇത്തരം നോവലുകള്‍ മുസ്‌ലിം ജീവിതത്തിന്റെ ആത്മീയ മണ്ഡലം എത്രത്തോളം ചിന്തോദ്ദീപകമാണെന്ന് വിവരണം ചെയ്യുന്നത് മറ്റിതര ബോധത്തില്‍ നിന്നുള്ള അപകര്‍ഷതയെ പ്രതിരോധിക്കുന്നതാണ്.

മതപരമായ എന്തും ആധുനികതയ്ക്കു പുറത്താണെന്ന് പറയുമ്പോള്‍ മുഖ്യധാര ഇടങ്ങളില്‍നിന്ന് പാര്‍ശ്വവല്‍കരിക്കപ്പെടുന്നത് മികച്ച കൃതികളാണ്. സങ്കുചിത മനസ്സുകളില്‍ നിന്നുണ്ടാവുന്ന ലിബറല്‍ ധാരകളാണ് ഇതിനു കാരണം. എന്നാല്‍ മികച്ച ആഖ്യാന രീതിയിലൂടെ കാല്‍പനികമല്ലാത്ത വിശ്വാസത്തെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന രീതിയും ഫിക്ഷന്‍ സ്വഭാവവും വായനയില്‍ ഒരു പുതിയ അനുഭവം നല്‍കും.

Comments are closed.