DCBOOKS
Malayalam News Literature Website

എരഞ്ഞോളി മൂസ അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ(75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തലശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ആയിരത്തിലധികം മാപ്പിളഗാനങ്ങള്‍ ആലപിച്ചിട്ടുള്ള മൂസ കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.

1940 മാര്‍ച്ച് 18-ന് വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായി തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. വലിയകത്ത് മൂസ എന്നായിരുന്നു ആദ്യകാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടു വര്‍ഷം സംഗീതം പഠിച്ചിരുന്നു. ‘അരിമുല്ലപ്പൂമണം ഉള്ളോളോ അഴകിലേറ്റം ഗുണമുള്ളോളേ…’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം ആരംഭിക്കുന്നത്.

2018-ലെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എരഞ്ഞോളി മൂസ പങ്കെടുക്കാനെത്തിയപ്പോള്‍

അടുത്ത കാലത്ത് ഹിറ്റായ മാണിക്യ മലരായ പൂവി എന്ന ഗാനം ആദ്യകാലത്ത് ആലപിച്ചത് എരഞ്ഞോളി മൂസയായിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ അദ്ദേഹം മാപ്പിള ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത ഗ്രാമഫോണ്‍ എന്ന സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ഭാര്യ: കുഞ്ഞാമി.മക്കള്‍: നസീറ, നിസാര്‍, സാദിഖ്, നസീറ, സമീം, സാജിദ.

തന്റെ കലാജീവിതത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എരഞ്ഞോളി മൂസ എഴുതിയ ജീവിതം പാടുന്ന ഗ്രാമഫോണ്‍ എന്ന ആത്മകഥ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.