കഥകളെ ഇഷ്ടപ്പെടാത്തവരായി ആരുമില്ലെങ്കിലും കഥ പറയുക എന്നത് വളരെ പ്രയാസമുള്ള സംഗതിയാണെന്ന് ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ മനു ജോസഫ്. ഒരു കഥാകാരന് പൂര്‍ണമായി സാത്വികനായിരിക്കേണ്ട ആവശ്യമില്ലെന്നും ഹൃദയത്തില്‍ രഹസ്യമായി ധാര്‍ഷ്ട്യം സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
അമാനുഷികത വിഷയമായ സാഹിത്യ കൃതികളോട് വ്യക്തിപരമായി താല്പര്യം ഇല്ലെങ്കിലും ഹാരി പോട്ടര്‍ സീരീസ് മാന്ത്രിക വിദ്യയില്‍ ഊന്നിയ നോവലുകള്‍ ആയതിനാല്‍ എനിക്ക് പ്രിയപ്പെട്ടതാണ്. ഒരു എഴുത്തുകാരനും വായക്കാരനെ പൂര്‍ണമായി മനസ്സിലാക്കേണ്ടതില്ല. അവര്‍ക്കു വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതില്ലെന്നും ഇത്തരത്തില്‍ ലോകത്തെ മുഴുവന്‍ അനുനയിപ്പിക്കാന്‍ ഒരു എഴുത്തുകാരനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പ്രവര്‍ത്തനമേഖലകളായ പത്രപ്രവര്‍ത്തനത്തിലെയും സാഹിത്യരചനയിലെയും എഴുത്തുശൈലികള്‍ തികച്ചും വ്യത്യസ്തമാണ്. വസ്തുതകളാണ് വാര്‍ത്തയെ നിയന്ത്രിക്കുന്നത്. വാക്കുകളുടെ ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും ഇത്തരത്തിലുള്ള ഒരു നിയന്ത്രണം ഉണ്ട്. എന്നാല്‍ നോവലിസ്റ്റിനു തന്റെ കൃതികളിലൂടെ വായനക്കാരന്റെ മനസ്സ് കൈയടക്കാന്‍ കഴിയുന്നു. നോവലുകളിലെ ഓരോ വാക്കുകള്‍ക്കും തീവ്രമായ അര്‍ത്ഥമാണ് എഴുത്തുകാരന് കല്പിക്കുന്നത്- മനു ജോസഫ് പറഞ്ഞു.
മനു ജോസഫിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘മിസ് ലൈല, ആംഡ് ആന്‍ഡ് ഡേഞ്ചേഴ്സ്’ എന്ന പുസ്തകത്തിലെ കേന്ദ്ര കഥാപാത്രമായ ‘ലൈല’ ശക്തമായ സ്ത്രീത്വത്തിന്റെ പ്രതീകമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ അടിച്ചമര്ത്തപ്പെട്ടപ്പോഴൊക്കെ പുരുഷത്വത്തെ അനുകരിക്കാനുള്ള ആഹ്വാനങ്ങള്‍ ആണ് മുഴങ്ങിയിട്ടുള്ളത്. തന്റെ കഥാപാത്രമായ ലൈല ഇത്തരത്തിലുള്ള ഫെമിനിസ്റ്റ് ചിന്തകളെ പരിഹാസത്തോടെ കാണുന്നു. യൗവ്വനത്തില്‍ സ്ത്രീകളോട് മാന്യമായി പെരുമാറുക എന്ന തലത്തില്‍ നിന്ന തന്റെ കാഴ്ചപ്പാട് മകളുടെ ജനനത്തോടെ സ്ത്രീയെ മനസിലാക്കുക എന്ന തലത്തിലേക്കു മാറി. ടെന്നിസ് മകള്‍ക്കു പരിചയപ്പെടുത്തിയപ്പോള്‍ വനിതാ താരങ്ങളെയാണ് കൂടുതല്‍ ശ്രദ്ധിച്ചത്. സ്ത്രീയെ കൂടുതല്‍ സ്വാധീനിക്കാന്‍ സ്ത്രീകള്‍ക്ക് തന്നെയാണ് കഴിയുകയെന്നും മനു പറഞ്ഞു.
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്സ്, ആലിസ് മുന്റോ, ജെ.കെ റോളിങ് എന്നിവരാണ് തന്നെ സ്വാധീനിച്ച എഴുത്തുകാരെന്നും കുട്ടികളുടെ ചോദ്യത്തിന് മനു ജോസഫ് മറുപടിപറഞ്ഞു.