DCBOOKS
Malayalam News Literature Website

മണ്ണും മനുഷ്യനും

ഇന്ന് ലോക മണ്ണ് ദിനം. ലോകത്തിലെ എല്ലാ ജീവിവര്‍ഗ്ഗത്തിനും അതിപ്രധാനവും പ്രത്യേകതയും നിറഞ്ഞ ദിനം..!

തായ്‌ലാന്റിലെ രാജകൊട്ടാരത്തില്‍ നിന്ന് വയലിലെ ചേറുമണ്ണിലേക്ക് ഇറങ്ങിയ മണ്ണിനെ അതിരറ്റ് സ്‌നേഹിച്ച അതിന്റെപ്രാധാന്യം ലോകത്തോട് വിളിച്ചുപറഞ്ഞ രാജാവാണ് ഭൂമിബോല്‍ അതുല്യതേജ്. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബര്‍ 5 ആണ് ഐക്യരാഷ്ട്രസംഘടന ലോക മണ്ണ് ദിനമായി ആചരിക്കുന്നത്.

തിന്നും തിന്നപ്പെട്ടും മത്സരിച്ചും സഹകരിച്ചും ജീവിക്കുന്ന അനേകം ജീവികളുടെ മായികലോകമാണ് മണ്ണ്. ആ മണ്ണ് രൂപം കൊള്ളുന്നതും, അതിന് രൂപമാറ്റ മുണ്ടാകുന്നതുമൊക്കെ രസകരമായി കുട്ടികളുടെ ഭാഷയില്‍ വിശദീകരിക്കുന്ന കൃതിയാണ് മണ്ണും മനുഷ്യനും. ഒപ്പം മണ്ണിലൂടെ ശാസ്ത്രബോധം പകരുന്ന രസകരമായ ആക്ടിവിറ്റികളും ഉള്‍പ്പെടുത്തി പ്രൊഫ. എസ്.ശിവദാസ് രചിച്ച പുസ്തകമാണ് മണ്ണും മനുഷ്യനും.

അനേകകോടി ജീവജാലങ്ങള്‍ക്ക് അഭയമേകുന്ന മണ്ണിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാംതന്നെ ഈ പുസ്തകത്തിലുണ്ട്. ജീവന്റെ നിലനില്പ് തന്നെ മണ്ണിലാണ്. അതുകൊണ്ടുതന്നെ മണ്ണിന്റെ രൂപീകരണം മുതലുള്ള കാര്യങ്ങള്‍ ലളിതമായി ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. കുട്ടികള്‍ക്ക് ലളിതമായി മണ്ണിനെ അറിയാന്‍ സഹായിക്കുന്ന പ്രവര്‍ത്തിപരിചയം മണ്ണിന്റെ മായാലോകത്തിലേക്കിറങ്ങാന്‍ കുട്ടികളെ സഹായിക്കുന്നതാണ്.

മണ്ണിനെയും മണ്ണില്‍ വിരിയുന്ന പൂക്കളെയും പുഴുക്കളെയും വരെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചുകൊണ്ട് മനുഷ്യനെ സ്‌നേഹിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ ശിവദാസ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട ശിവദാസ് മാമന്‍ കുട്ടികളോട് കഥ പറയുന്ന രീതിയിലാണ് പുസ്തകത്തിന്റെ അവതരണം. നിസ്സരമായി നാം കരുതുന്ന വസ്തുക്കളുടെയും ജീവജാലങ്ങളുടെയും അതിബൃഹത്തായ ചരിത്രം ലളിതമായി പറയുന്ന പുസ്തകം കുട്ടികള്‍ അറിയാതെ തന്നെ അവരുടെ ഉള്ളിലേക്ക് മഹത്തായ അറിവുകളുടെ ലോകം തുറന്നിടുന്നു.  മാമ്പഴം ഇംപ്രിന്റിലാണ് മണ്ണും മനുഷ്യനും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

 

Comments are closed.