DCBOOKS
Malayalam News Literature Website

കേരള കലാമണ്ഡലം പുരസ്‌കാരം മഞ്ജുവാര്യര്‍ ഏറ്റുവാങ്ങി

കേരള കലാമണ്ഡലം പുരസ്‌കാരം മഞ്ജുവാര്യര്‍ക്ക് സമ്മാനിച്ചു. 2016 ലെ എം.കെ.കെ. നായര്‍ പുരസ്‌കാരമാണ് മഞ്ജുവിന് സമ്മാനിച്ചത്.  നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി കൂത്തമ്പലത്തില്‍ നടന്ന യോഗത്തില്‍ പി.കെ. ബിജു എം.പി. പുരസ്‌കാരം നല്‍കി. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു.യു.ആര്‍. പ്രദീപ് എം.എല്‍.എ. മുഖ്യാതിഥിയായി. ഭരണസമിതി അംഗങ്ങളായ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, ടി.കെ. വാസു, വള്ളത്തോള്‍ വാസന്തി മേനോന്‍, കലാമണ്ഡലം പ്രഭാകരന്‍, രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂത്തമ്പലത്തില്‍ ഡല്‍ഹി റെഡ്ഡി ലക്ഷ്മിയുടെ കുച്ചിപ്പുഡി ദൃശ്യവിരുന്നായി. പാലക്കാട് ശ്രീറാം, ചെന്നൈ ഡോ. കാര്‍ത്തിക് എന്നിവരുടെ മൃൂസിക് ഫ്യൂഷന്‍ ആസ്വദിക്കാന്‍ ഒട്ടേറെപേരെത്തിയിരുന്നു. തുടര്‍ന്ന് പ്രമുഖ കലാകാരന്‍മാര്‍ അണിനിരന്ന കര്‍ണശപഥം കഥകളിയും അരങ്ങേറി.

ശനിയാഴ്ച 5.30ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ സംസ്ഥാന കലാപുരസ്‌കാരങ്ങള്‍ കലാമണ്ഡലം കെ.ജി. വാസുദേവന്‍, അന്നമനട പരമേശ്വരമാരാര്‍, നിര്‍മല പണിക്കര്‍ എന്നിവര്‍ക്ക് സമ്മാനിക്കും. തുടര്‍ന്ന് 7.30ന് ലീല സാംസണിന്റെയും സംഘത്തിന്റെയും ഭരതനാട്യം, 9.30ന് മുംബൈ ജിതേഷ് സുന്ദരത്തിന്റെ ഗസല്‍, രാത്രി 11.30ന് വയലി ആറങ്ങോട്ടുകരയുടെ മുളവാദ്യസംഗീതം എന്നിവയും നടക്കും.

Comments are closed.