മംഗളം മ്യൂസിക് അവാര്‍ഡ് 2017 പ്രഖ്യാപിച്ചു; എം.ജി. ശ്രീകുമാറിന് മംഗളത്തിന്റെ ആദരം

music

മംഗളം മ്യൂസിക് അവാര്‍ഡ് 2017 പ്രഖ്യാപിച്ചു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എം.ജി. ശ്രീകുമാര്‍ സംഗീത പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായി . മികച്ച ഗായകന്‍ വിജയ് യേശുദാസിനെയും, മികച്ച ഗായികയായി സിത്താരയെയും, ജനപ്രിയ ഗായകനായി വീനീത് ശ്രീനിവാസനെയും തിരഞ്ഞെടുത്തു.

സംഗീതരംഗത്ത് 35 വര്‍ഷം പൂര്‍ത്തിയാക്കിയ എം.ജി. ശ്രീകുമാറിന് മംഗളത്തിന്റെ ആദരവാണ് സംഗീതപ്രതിഭാ പുരസ്‌കാരം. മൈ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലെ ‘കൈവീശി നീങ്ങുന്ന…’ എന്ന ഗാനമാണ് വിജയ് യേശുദാസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഗോദയിലെ ‘പൊന്നിന്‍ കണിക്കൊന്ന…’ എന്നഗാനമാണ് സിതാരയെ മികച്ച ഗായികയാക്കിയത്.

ചാര്‍ലി, കലി, പുലിമുരുകന്‍ എന്നിവയിലെ ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഗോപീസുന്ദറാണ് മികച്ച സംഗീത സംവിധായകന്‍. അനുരാഗ കരിക്കിന്‍വെള്ളത്തിലെ ‘മനോഗതം ഭവാന്‍…’, കലിയിലെ ‘ചില്ലുറാന്തല്‍…’, ഒപ്പത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ…’, എസ്രയിലെ ‘ലൈലാകമേ…’ എന്നിവ എഴുതിയ ബി.കെ. ഹരിനാരായണനെ മികച്ച ഗാനരചയിതാവായി തിരഞ്ഞെടുത്തു.

ശ്രേയ ജയദീപ് ജനപ്രിയ ഗായിക (‘മിനുങ്ങും മിന്നാമിനുങ്ങേ…’ ഒപ്പം), സച്ചിന്‍ ബാലു മികച്ച നവാഗത ഗായകന്‍ (‘കിസ പാതിവഴിയില്‍’ കിസ്മത്ത്), അപര്‍ണ ബാലമുരളി മികച്ച നവാഗത ഗായിക (‘മൗനങ്ങള്‍…’ മഹേഷിന്റെ പ്രതികാരം) എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കള്‍. ജനപ്രിയ സംഗീതസംവിധാനത്തിനുള്ള പുരസ്‌കാരം 4 മ്യൂസിക് ടീം (ഒപ്പം) സ്വന്തമാക്കി.

പ്രശസ്ത സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ അധ്യക്ഷനും കവയത്രി എം.ആര്‍. ജയഗീത, ചലച്ചിത്ര സംവിധായകന്‍ ശശി പരവൂര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ജൂലൈ 30ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

Categories: HIGHLIGHTS, MUSIC