താരാധിപത്യം തകര്‍ത്ത് തുടക്കം: ‘ന്യൂജനറേഷനെ’ തരിപ്പണമാക്കി വര്‍ഷാന്ത്യം
On 31 Dec, 2013 At 04:29 PM | Categorized As Movies

Malayalam-Film-2013
റിലീസായ ചിത്രങ്ങളുടെ എണ്ണത്തില്‍ റിക്കോര്‍ഡിട്ടാണ് 2013 കടന്നുപോകുന്നത്.158 മലയാളസിനിമകളും 12 മൊഴിമാറ്റ ചിത്രങ്ങളും അടക്കം 170 സിനിമകള്‍ ഈ വര്‍ഷം പുറത്തിറങ്ങി. സാറ്റലൈറ്റ് അവകാശത്തിന്റെ കരുത്തില്‍ സിനിമകള്‍ വിജയം നേടുന്ന ന്യൂജനറേഷന്‍ പ്രവണതയ്ക്ക് കടുത്ത തിരിച്ചടി നല്‍കിക്കൊണ്ട് അമ്പതിലധികം സിനിമകളെ എഡിറ്റഡ് ഡിസ്‌കുകളില്‍ ഉറക്കിക്കിടത്തിക്കൊണ്ട് 2014 കടന്നുവരികയാണ്.

വിജയത്തിന്റെ കണക്കെടുപ്പില്‍ തല്‍ക്കാലം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ആമേന്‍ , റോമന്‍സ് എന്നീ ചിത്രങ്ങളാണെങ്കിലും വര്‍ഷാന്ത്യ റിലീസായ ദൃശ്യം രണ്ടിനേയും കടത്തിവെട്ടുമെന്നാണ് സൂചന. താരാധിപത്യത്തിന് തിരിച്ചടിയേകിക്കൊണ്ട് 2013ലെ തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് മോഹന്‍ലാല്‍ എന്ന താരം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് ഈ ചിത്രം നല്‍കുന്നത്. പൂര്‍ണ്ണമായും ജീത്തുജോസഫ് എന്ന സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും വിജയമാണ് ദൃശ്യമെങ്കിലും മോഹന്‍ലാല്‍ കഥയിലെ നന്മ തിരിച്ചറിഞ്ഞു എന്നത് ചെറിയ കാര്യമല്ല. മുംബൈ പോലീസ്, മെമ്മറീസ്, ഡ്രാക്കുള 2012 തുടങ്ങിയ ചിത്രങ്ങളും 2013ലെ മെഗാഹിറ്റുകള്‍ തന്നെ.

ആറു സിനിമകളെ മെഗാഹിറ്റാക്കിയ മലയാളി പ്രേക്ഷകര്‍ സൂപ്പര്‍ഹിറ്റുകളും കുറച്ചില്ല. നേരം, ഫിലിപ്‌സ് ആന്‍ഡ് ദി മങ്കീപെന്‍ , പുണ്യാളന്‍ അഗര്‍ബത്തീസ്, എബിസിഡി, സൗണ്ട് തോമ, ശൃംഗാരവേലന്‍ , ഹണീബീ എന്നീ ചിത്രങ്ങളും തിയേറ്ററുകളില്‍ വിജയം കൊയ്തു. വര്‍ഷാന്ത്യം പുറത്തിറങ്ങിയ ഒരു ഇന്ത്യന്‍ പ്രണയകഥയും ഈ ശ്രേണിയിലേക്ക് എത്തിച്ചേരുമെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തിയേറ്റര്‍ കളക്ഷന്‍ കൊണ്ടുമാത്രം ലാഭം നേടിയ ചിത്രങ്ങള്‍ ഈ പതിനാലില്‍ ഒതുങ്ങുമെങ്കിലും തിയേറ്റര്‍ , സാറ്റലൈറ്റ്, ഓവര്‍സീസ് അവകാശങ്ങള്‍ വഴി വിജയം നേടിയ കുറേയേറെ സിനിമകള്‍ പോയ വര്‍ഷം മലയാളത്തിലുണ്ടായി. അന്നയും റസൂലും, നി.കൊ.ഞാ.ചാ, സെല്ലുലോയ്ഡ്, ഷട്ടര്‍ , ലക്കിസ്റ്റാര്‍ , ഭാര്യ അത്ര പോര, ഇമ്മാനുവല്‍ , ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ , ഹോട്ടല്‍ കാലിഫോര്‍ണിയ, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, കളിമണ്ണ്, തിര, ബൈസൈക്കിള്‍ തീവ്‌സ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ത്രീ ഡോട്ട്‌സ് തുടങ്ങിയ ചിത്രങ്ങളെ ഈ പട്ടികയില്‍ പെടുത്താം.

വേറെയും ചില വിജയ സിനിമകള്‍ പോയ വര്‍ഷം മലയാളത്തിലുണ്ടായി. സാറ്റലൈറ്റ് തുകയ്ക്ക് താഴെ ചിത്രീകരണം പൂര്‍ത്തിയാക്കുകയും തിയേറ്ററുകളില്‍ തകര്‍ന്നടിയുകയും ചെയ്ത ഇരുപതോളം സിനിമകളാണ് അവ. ഈ സിനിമകള്‍ യഥാര്‍ത്ഥത്തില്‍ സാറ്റലൈറ്റ് വിപണിയെ ഇല്ലാാതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഒന്നര കോടി മുതല്‍ മുകളിലുള്ള തുകയ്ക്ക് ചാനലുകള്‍ വാങ്ങിയ ഈ സിനിമകള്‍ അവര്‍ക്ക് വരുത്തിയത് വന്‍ നഷ്ടമാണ്. ഇക്കൂട്ടത്തില്‍ ഒരെണ്ണം ചാനലില്‍ സംപ്രേഷണം ചെയ്തപ്പോള്‍ ഒരു ലക്ഷം രൂപ പോലും തികച്ച് കിട്ടിയില്ലെന്ന് ഒരു പ്രമുഖ ചാനലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പച്ചത്തെറിയും സെന്‍സര്‍ ബോര്‍ഡ് ശബ്ദം മ്യൂട്ട് ചെയ്തതു മൂലം ഉണ്ടാകുന്ന ‘ചൂളംവിളികളു’മായി എത്തിയ ഒരു ന്യൂജനറേഷന്‍ സൂപ്പര്‍ഹിറ്റിന്റെയും ചാനലിലെ അവസ്ഥ ഇതുതന്നെയായിരുന്നു. ന്യൂജനറേഷന്‍ സിനിമകള്‍ കുടുംബത്തിന് കാണാന്‍ കൊള്ളാത്തവയാണെന്ന ധാരണ ചാനല്‍ പ്രേക്ഷകര്‍ക്കിടയിലുണ്ടെന്നാണ് റേറ്റിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെറിയ സിനിമകളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന ആ ചാനലും അതോടെ ന്യൂജനറേഷന്‍ ചിത്രങ്ങള്‍ നോക്കിയും കണ്ടും എടുത്താല്‍ മതിയെന്ന് തീരുമാനിച്ചിരിക്കുകയാണ്.

തിയേറ്ററില്‍നിന്നും അല്ലാതെയും അമ്പതോളം ചിത്രങ്ങള്‍ക്ക് മുടക്കുമുതല്‍ കിട്ടി എന്നത് അഭിനന്ദനാര്‍ഹമായ കാര്യം തന്നെ. എന്നാല്‍ ചാനല്‍ നല്‍കുന്ന തുകയില്‍ കണ്ണുവെച്ച് ചിത്രീകരണം ആരംഭിച്ച അമ്പതോളം സിനിമകള്‍ പൂര്‍ത്തിയാകാത്ത അവസ്ഥയിലായി എന്നതാണ് ഇതിന്റെ മറുവശം. ഇരുപത് ലക്ഷം മുതല്‍ അഞ്ച് കോടി വരെ മുടക്കിയ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. 2002ല്‍ ഷക്കീല തരംഗം അവസാനിച്ച കാലത്ത് അമ്പതോളം സിനിമകള്‍ പെട്ടിയ്ക്കുള്ളിലായപ്പോയതിനു സമാനമാണ് ഇപ്പോഴത്തെ അവസ്ഥ. ഫിലിം ഇല്ലാതായതോടെ പെട്ടി ഇല്ലാതായി എന്ന വ്യത്യാസം മാത്രം.

Summary in English:

Malayalam Cinema in 2013—Balance Sheet

When we are at the end of the year 2013, the Malayalam cinema lovers have witnessed 158 Malayalam films and 12 dubbed movies. The year was a setback for the new generation movies which was on high demand for satellite rights. The movies which topped the year’s box office collection Amen and Romans’ position might be taken by the year end release movie Drishyam. Other releases movies which collected on the box office include Neram, Sound Thoma, Philip and the Monkey Pen, Punyalan Agarbattis, ABCD, Srangaravelan, Honey Bee among others.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>1 + = 3