മഹാകവി പി അനുസ്മരണവും പുരസ്‌കാരദാനവും

kavi-pമഹാകവി പി കുഞ്ഞിരാമന്‍ നായരുടെ 39 -ാമത് ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ‘പി അനുസ്മരണ’സമ്മേളനം സംഘടിപ്പിക്കുന്നു. സംസ്ഥാനസര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും മഹാകവി പി ഫൗണ്ടേഷനും സംയുക്തമായി ജൂണ്‍ 17 ന് തിരുവനന്തപുരം, തൈക്കാട് ഭാരത് ഭവനിലാണ് ‘കവിയുടെ കാല്പാടുകള്‍ എന്നു പേരിട്ടിരിക്കുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അനുസ്മരണസമ്മേളനത്തോടനുബന്ധിച്ച് കവിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ കളിയച്ഛന്‍ പുരസ്‌കാരം സി രാധാകൃഷ്ണന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ സമ്മാനിക്കും.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ പി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ക്ക് തുടക്കമാകും. വി മധുസൂധനന്‍ നായര്‍, പ്രഭാവര്‍മ്മ, പി നാരായണക്കുറുപ്പ്, എം ആര്‍ ജയഗീത തുടങ്ങിയവര്‍ കവി പൂജയില്‍ പങ്കെടുക്കും. തുടര്‍ന്ന ഭാരത് ഭവനില്‍ 10.30 മുതല്‍ കാവ്യസ്മൃതി(പി യുടെ കവിതകളുടെ ആലാപനം), ചിത്രോത്സവം (പി യുടെ കവിതകളെ ആസ്പദമാക്കി ഗ്രേസി ഫിലിപ്പ്, ബ്രിജി തുടങ്ങിയവര്‍ വരച്ചചിത്രങ്ങളുടെ പ്രദര്‍ശനം), സതീഷ് ബാബു പയ്യന്നൂര്‍, വി രവീന്ദ്രന്‍ നായര്‍, മാധവന്‍ പുറച്ചേരി, ആലങ്ങാട്ട് മുരളീധരന്‍, കലാമണ്ഡലം ഗോപി എന്നിവര്‍ പങ്കെടുക്കുന്ന കവിയോര്‍മ്മ, ഗരീഷ് പുലിയൂര്‍, സുമേഷ് കൃഷ്ണന്‍, ജയശ്രീ ഇ എസ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന കവിസമ്മേളനം എന്നിവ നടക്കും.

ഉച്ചകഴിഞ്ഞ് മലയാളം-ഭാഷയും സംസ്‌കാരവും എന്ന വിഷയത്തില്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ.വി കാര്‍ത്തികേയന്‍ സെമിനാര്‍ അവതരിപ്പിക്കും. ഡോ എം ആര്‍ തമ്പാന്‍, ഡോ സുജ സൂസന്‍ ജോര്‍ജ്, പ്രൊഫ. ഒലീന എ ജി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സോപാനസംഗീതാവതരണം ഉണ്ടാകും. വൈകിട്ട് 5.30 മുതല്‍ നടക്കുന്ന പൊതുസമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.  കളിയച്ഛന്‍ പുരസ്‌കാരവും മറ്റ് പുരസ്‌കാരങ്ങളും അദ്ദേഹം സമ്മാനിക്കും കെ എ മരളീധരന്‍ അദ്ധ്യക്ഷനാകും. ശ്രീകുമാരന്‍ തമ്പി മുഖ്യപ്രഭാഷണം നടത്തും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മഹാകവി പി അനുസ്മരണം നടത്തും. കളിയച്ഛന്‍ പുരസ്‌കാരജേതാവ് നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. ഡോ പുതുശ്ശേരി രാമചന്ദ്രന്‍, കലാമണ്ഡലം ഗോപി, അടൂര്‍ ഗോപാലകൃഷ്‌ണന്‍ശ്രീകുമാരന്‍ തമ്പി, നെയ്യാറ്റിന്‍കര കോമളം, ഡോ. ജോര്‍ജ്‌ ഓണക്കൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. റോസ്‌മേരി, പ്രൊഫ. അലിയാര്‍, പത്മശ്രീ മധു, ഇ എം രാധ, സാറാതോമസ്, സ്പീക്കര്‍ പി ശ്രീരാംകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

തുടര്‍ന്ന് കളിയച്ഛന്‍ സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.