മാധ്യമം ലിറ്റററി ഫെസ്റ്റ് സമാപിച്ചു

madhyamam

കടുത്തനിലപാടുകളും കാര്‍കശ്യവുമായി ഭാഷാപിതാവിന്റെ തറവാട്ടുമുറ്റത്തെ രണ്ടുനാള്‍ ഉത്സവമാക്കിയ മാധ്യമം ലിറ്റററി ഫെസ്റ്റിന് സമാപനമായി. മലയാളത്തിന്റെ യശസ്സുവാനോളമുയര്‍ത്തിയ മഹാപ്രതിഭകള്‍ക്ക് സ്‌നേഹാദരങ്ങളര്‍പ്പിച്ചാണ് ലിറ്റററി ഫെസ്റ്റിന് പരിസമാപ്തികുറിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ തുടിച്ച തുഞ്ചന്‍പറമ്പിലെ ‘തലയോലപ്പറമ്പ്’ വേദിയില്‍ മഹാത്മാഗാന്ധിയുടെ പേരക്കുട്ടി രാജ്‌മോഹന്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത മാധ്യമം ലിറ്റററി ഫെസ്റ്റ് തിരൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയില്‍ നടന്ന ‘മധുരമെന്‍ മലയാളം’ വേദിയിലെ പ്രതിഭാ ആദരത്തോടെയാണ് സമാപിച്ചത്.

മലയാള സിനിമയുടെ പെരുമ ലോകത്തോളം എത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, അഭിനയചക്രവര്‍ത്തി മധു, മലയാള സാഹിത്യനിരൂപണ രംഗത്തെ തമ്പുരാട്ടി ഡോ. എം. ലീലാവതി, തലമുറകളെ മാപ്പിളപ്പാട്ടിന്റെ മൊഞ്ചില്‍ ആറാടിച്ച റംലാ ബീഗം എന്നിവര്‍ക്കാണ് അക്ഷരാദരം അര്‍പ്പിച്ചത്. തുടര്‍ന്ന്, മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയ ഗാനരചയിതാക്കളായ പി. ഭാസ്‌കരന്‍, ഒ.എന്‍.വി, യൂസഫലി കേച്ചേരി, കാവാലം നാരായണപ്പണിക്കര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ പാട്ടുകള്‍ കോര്‍ത്തിണക്കി എം.ജി. ശ്രീകുമാറും അഫ്‌സലും നയിച്ച ഗാനസന്ധ്യ അരങ്ങേറി.

പതിനായിരങ്ങള്‍ സാക്ഷിയായ സദസ്സിനെ മാധ്യമംമീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ സ്വാഗതം ചെയ്തു. മലയാളത്തിന്റെ മഹാപ്രതിഭകള്‍ക്കുള്ള ആദരപത്രം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് വായിച്ചു. എം.ജി. ശ്രീകുമാറിന് ഗള്‍ഫ് മാധ്യമം റെസി. എഡിറ്റര്‍ പി.ഐ. നൗഷാദും മെജസ്റ്റിക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജിങ് പാര്‍ട്ണര്‍ പി. അഹമ്മദും ചേര്‍ന്ന് ഉപഹാരം നല്‍കി. എം.ജി. ശ്രീകുമാര്‍, അഫ്‌സല്‍, സിതാര, നിഷാദ് എന്നിവര്‍ ഗാനങ്ങളാലപിച്ചു.

Categories: Editors' Picks, LITERATURE

Related Articles