DCBOOKS
Malayalam News Literature Website

എം.ജി. സോമന്റെ ചരമവാര്‍ഷികദിനം

പ്രമുഖ മലയാളചലച്ചിത്ര നടനായിരുന്ന എം.ജി. സോമന്‍ തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പില്‍ കെ.എന്‍. ഗോവിന്ദപ്പണിക്കരുടെയും പി.കെ. ഭവാനിയമ്മയുടെയും മകനായി 1941 സെപ്റ്റംബര്‍ 28ന് ജനിച്ചു. ഇരുവള്ളിപ്ര സെന്റ് തോമസ് ഹൈസ്‌കൂളിലും ചങ്ങനാശേരി എസ്.ബി കോളജിലുമായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനുശേഷം 20 വയസ്സ് തികയുന്നതിനു മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ജോലിക്കുചേര്‍ന്നു.

നാടകത്തിലൂടെയാണ് എം.ജി. സോമന്‍ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചത്. വ്യോമസേനയില്‍ ഒന്‍പതു വര്‍ഷത്തെ സേവനം കഴിഞ്ഞു തിരിച്ചെത്തിയ ശേഷമാണ് അഭിനയരംഗത്തേക്ക് കടന്നത്. 1973ല്‍ പുറത്തിറങ്ങിയ ഗായത്രി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അക്കൊല്ലം രണ്ടു സിനിമകളില്‍ കൂടി സോമന്‍ അഭിനയിച്ചു. അതു വലിയൊരു പ്രയാണത്തിലേക്കുള്ള തുടക്കമായിരുന്നു. 1975ല്‍ സഹനടനുള്ള സംസ്ഥാന അവാര്‍ഡും 1976ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി സോമന്‍ പ്രതിഭ തെളിയിച്ചു. 1997ല്‍ പുറത്തിറങ്ങിയ ലേലമായിരുന്നു അവസാന ചിത്രം.

നടന്‍ എന്നതിലുപരിയായി ജോണ്‍ പോളിനൊപ്പം ഭൂമിക എന്ന ചിത്രം നിര്‍മിച്ചു. താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡന്റായും ചലച്ചിത്ര വികസന കോര്‍പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചു. സിനിമയില്‍ തിരക്കുള്ളപ്പോഴും ഏതാനും ടിവി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. 1997 ഡിസംബര്‍ 12ന് എറണാകുളം പിവിഎസ് ആശുപത്രിയില്‍ വച്ച് ആ വലിയ നടന്‍ ലോകത്തോടു വിട പറഞ്ഞു.

Comments are closed.