ലോക ക്ലാസ്സിക് കഥകളുടെ പുസ്തകത്തിനായി ഞാനും ആകാംക്ഷയോടേ കാത്തിരിക്കുന്നു; മനോജ് കുറൂര്‍

manoj

“ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ലോക ക്ലാസ്സിക് കഥകളുടെ പുസ്തകത്തിനുവേണ്ടി ആല്‍ബേര്‍ കമ്യുവിന്റെ The Renegade എന്ന നീണ്ടകഥ വിവര്‍ത്തനം ചെയ്യാനിരുന്നപ്പോള്‍, ചുട്ടുപൊള്ളുന്ന മരുഭൂമിയിലേക്ക് കാല്‍നടയായി ഇറങ്ങിയതുപോലെ തോന്നി. മറുപുറത്തെത്തുമോ എന്ന ആശങ്കയുണ്ടായെങ്കിലും കാല്‍ പൊള്ളിയതിനാല്‍ നില്ക്കാനായില്ല. വീണ്ടും നടന്നു. മറുപുറത്തെത്തിയിട്ടും ഈ കഥ ഉള്ളില്‍ പതിച്ചുതന്ന വിഭ്രമങ്ങള്‍ക്കു ശമനമുണ്ടായില്ല.

എന്തൊരു കഥയാണിത്! ലളിതവായന മേല്‍ക്കൈ നേടുന്ന ഒരു കാലത്ത് ഇത് എങ്ങനെ വായിക്കപ്പെടും എന്നറിയാന്‍ ആകാംക്ഷയുണ്ട്. നീണ്ട ഒരാത്മഭാഷണമാണത്. മുറിഞ്ഞും ഞരങ്ങിയും നീങ്ങുന്ന വാക്യശകലങ്ങള്‍ ചേര്‍ത്തു കൊരുത്തെടുത്ത നീണ്ട വാചകങ്ങള്‍. നാവ് അറുത്തു മാറ്റപ്പെട്ട ഒരുവന്റെ ഉള്ളില്‍ ചിലയ്ക്കുന്ന നാവാണ് ഇത്തരത്തില്‍ വാചാലമാകുന്നത്. മുന്നറിയിപ്പില്ലാതെ മൂന്നു കാലത്തിലേക്കും വഴുതിമാറുന്ന അനുഭവലോകമാണിതില്‍ കുഴഞ്ഞുമറിയുന്നത്. നന്മയും തിന്മയും കരുണയും ക്രൂരതയും കാടത്തവും നാഗരികതയുമെല്ലാം അവയുടെ പതിവുധാരണകളെ തകിടം മറിക്കുന്നു. യൂറോപ്പിന്റെ, ലോകത്തിന്റെതന്നെ, ഒരു കാലത്തെ രാഷ്ട്രീയവും വിശ്വാസസംഭ്രമങ്ങളുമെന്തെന്ന് ഈ കഥ അനുഭവിപ്പിക്കുന്നു. ഈ കഥ വായനയിലുണ്ടാക്കിയ നടുക്കത്തില്‍നിന്ന് അടുത്തെങ്ങും ഒരു വിടുതിയുണ്ടാവുമെന്നു തോന്നുന്നില്ല.

1957 ല്‍ പുറത്തുവന്ന ഈ കഥ അക്കാലത്തുതന്നെ ജസ്റ്റിന്‍ ഓബ്രിയന്‍ The Renegade എന്ന പേരില്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിരുന്നു. കമ്യുവിന്റെ ഈ മാസ്റ്റര്‍പീസ് 2007 ല്‍ കാരള്‍ കോസ്മാന്‍ വീണ്ടും വിവര്‍ത്തനം ചെയ്തു; അതിന്റെ The Renegade, or a Confused Mind എന്ന തലക്കെട്ട് ഫ്രഞ്ച് മൂലവുമായി കൂടുതല്‍ അടുത്തുനില്ക്കുന്നു. രണ്ടാമത്തേതിനെയാണ് മലയാളവിവര്‍ത്തനത്തിനായി കൂടുതല്‍ ആശ്രയിച്ചത്. യന്ത്രസഹായത്തോടേ, ഫ്രഞ്ചിലുള്ള മൂലകഥയും ഒപ്പംതന്നെ നോക്കിക്കൊണ്ടിരുന്നു. വിവര്‍ത്തനം ഒരു യാന്ത്രികകര്‍മ്മമല്ലെന്ന് അപ്പോഴൊക്കെ ഈ കഥ വീണ്ടും വീണ്ടും എന്നോടു പറഞ്ഞുകൊണ്ടിരുന്നു.

അസാധാരണമായ ഈ കഥയുമുള്‍പ്പെടുന്ന ലോകക്ലാസ്സിക് കഥകളുടെ പുസ്തകത്തിനായി ഞാനും ആകാംക്ഷയോടേ കാത്തിരിക്കുന്നു.”-മനോജ് കുറൂര്‍

വിശ്വസാഹിത്യകാരന്മാരുടെ ക്ലാസിക് കഥകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന പുസ്തകകമാണ് ലോക ക്ലാസിക് കഥകള്‍. മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള സാഹിത്യകരന്‍മാരാണ് ലോക ക്ലാസിക് കഥകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഇതില്‍ ആല്‍ബേര്‍ കമ്യുവിന്റെ ദി റെനഗേഡ് എന്ന കഥ മൊഴിമാറ്റം ചെയ്ത മനോജ് കുറൂറിന്റെ അനുഭവമാണ് മുകളില്‍ കുറിച്ചിരിക്കുന്നത്.

എഴുത്തുകാര്‍ക്കുപോലും വനായനയുടെയും ആകാംക്ഷയോടെയും നവലോകം പകര്‍ന്നുതരുന്ന ലോക ക്ലാസിക് കഥകള്‍ സാധാരണ വായനക്കാര്‍ക്കും ആവേശവും ആകാംക്ഷയും പകരുമെന്നുറപ്പാണ്. 4000 പേജുകളിലായി ആയിരക്കണക്കിന് കഥകളുമായി പുറത്തിറങ്ങുന്ന പുസ്തകം കുറഞ്ഞവിലയില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരവും വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ലോക ക്ലാസിക് കഥകളെ കുറിച്ച് കൂടുതലറിയാനും, പുസ്തകം സ്വന്തമാക്കാനുമായി ഇവിടെ ക്ലിക് ചെയ്യുക.

Categories: Editors' Picks, LITERATURE