DCBOOKS
Malayalam News Literature Website

മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

പ്രശസ്ത മാധ്യമപ്രവര്‍ത്തകയും കോളമിസ്റ്റുമായ ലീല മേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. മേജര്‍ ഭാസ്‌കരമേനോനാണ് ഭര്‍ത്താവ്. ലീലാമേനോന്റെ മൃതദേഹം തിങ്കളാഴ്ച്ച രാവിലെ 10 മുതല്‍ 12 വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 1 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കാരം.

സൂര്യനെല്ലി കേസ്, വിതുര പെണ്‍വാണിഭം, സംസ്ഥാനത്തെ എയ്ഡ്‌സ് രോഗബാധ തുടങ്ങി നിരവധി വാര്‍ത്തകള്‍ ജനങ്ങള്‍ ആദ്യമറിഞ്ഞത് ലീലാ മേനോനിലൂടെയാണ്. സുപ്രീംകോടതിയുടെ ചില വിധിന്യായങ്ങളിലും ലീലാമേനോന്റെ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കപ്പെട്ടു. ഇടയ്ക്ക് കാന്‍സര്‍ ബാധിച്ചിരുന്നുവെങ്കിലും ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നു.

പെരുമ്പാവൂര്‍ വെങ്ങോലയില്‍ തുമ്മാരുകുടി ജാനകിയമ്മയുടേയും പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റേയും മകളായി 1932 നവംബര്‍ പത്തിനാണ് ലീല മേനോന്റെ ജനനം. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് സ്‌കൂള്‍, നൈസാം കോളേജ് എന്നിവിടയങ്ങളിലായിരുന്നു വിദ്യഭ്യാസം.

തപാല്‍ വകുപ്പിലായിരുന്നു ആദ്യം ജോലി ചെയ്തത് പിന്നീട് 1978ലാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദില്ലി ബ്യൂറോയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിക്കുന്നത്. ഗോള്‍ഡ് മെഡല്‍ നേടി മാധ്യമപഠനം പൂര്‍ത്തിയാക്കിയായിരുന്നു മാധ്യമപ്രവര്‍ത്തനരംഗത്തേക്കുള്ള അവരുടെ വരവ്. പിന്‍ക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ കൊച്ചി, കോഴിക്കോട്, ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. 2000ത്തില്‍ പ്രിന്‍സിപ്പള്‍ കറസ്‌പോണ്ടന്റായാണ് വിരമിച്ചത്. ഹിന്ദു, ഔട്ട്‌ലുക്ക്, വനിത, മാധ്യമം, മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായി പ്രവര്‍ത്തിച്ചു. പിന്നീട് ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്റായി.

Comments are closed.