DCBOOKS
Malayalam News Literature Website

കാലത്തിന്റെ കുതിരക്കുളമ്പടി കേള്‍ക്കാന്‍ കാത്തിരിക്കുന്ന പെണ്‍മനസ്സിന്റെ സ്വപ്‌നങ്ങളും പ്രത്യാശകളും

“പതിനെട്ടരക്കാവുകളിലെ ഭഗവതിമാരില്‍ ഏറ്റവും ഊറ്റമുള്ളവളാണ് മങ്ങാട്ടുകാവില്‍ ഭഗവതി. സാക്ഷാല്‍ ഭദ്രകാളിയായ മങ്ങാട്ടുകാവിലമ്മയുടെ ഭരണി ഉല്‍സവം അടുത്തുവരികയാണ്. കുംഭമാസത്തിലെ ഭരണി. എല്ലാ കരയില്‍ നിന്നും കുതിരകള്‍ മങ്ങാട്ടുകാവിലേക്കു കുതിച്ചുകയറും. കുതിരകള്‍ ഓരോ ദേശത്തെയും പ്രതിനിധീകരിച്ചു വരുന്ന കുതിരകളാണ്. ആ പഴയ കൊങ്ങന്‍പടയെ അനുസ്മരിപ്പിക്കുന്നതിനു വേണ്ടി എല്ലാ കരക്കാരും കൂടി യോജിച്ചുകൊണ്ടു നടത്തുന്ന കുംഭഭരണി കാണാന്‍ അവിടേയ്‌ക്കോടിയെത്തുന്ന ജനാവലി, പറയിപെറ്റ പന്തിരുകുലത്തില്‍പെട്ട എല്ലാ ജാതിക്കാരും ഉള്‍ക്കൊള്ളുന്ന വലിയ ആള്‍ക്കൂട്ടം. എല്ലാറ്റിനും ചില നാട്ടാചാരങ്ങളുണ്ട്. ആ ആചാരങ്ങളില്‍ മുറുകിപ്പിടിച്ചു കൊണ്ട് ഇന്നും മങ്ങാട്ടുകാവിലമ്മ ഗ്രാമദേവതയായ് വിലസുകയാണ്. അമ്മയുടെ ശക്തിയെക്കുറിച്ച് ഒട്ടനവധി കഥകള്‍ ഗ്രാമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

എല്ലാ കരക്കാരും തയ്യാറെടുപ്പിലാണ്. അശ്വതികാവു തീണ്ടിക്കഴിഞ്ഞു. തട്ടകങ്ങള്‍ അടിച്ചുകഴുകി വൃത്തിയാക്കി വൃശ്ചികക്കാറ്റിന്റെ ചൂളംവിളി അവസാനിച്ചു കഴിഞ്ഞു. ധനുമാസത്തിലെ തണുപ്പ് ശീതമായ് പ്രഭാതങ്ങളില്‍ ഉറഞ്ഞുനിന്നു. തിരുവാതിര കുളിക്കുന്ന പെണ്‍കൊടിമാര്‍ കുളിരില്‍ കമനീയകളായി. മകരത്തില്‍ മഞ്ഞുകോച്ചുന്ന തണുപ്പില്‍ മകരസംക്രമം കടന്നുപോയി…”

അസുരശക്തി ദൈവികശക്തിയെ കീഴടക്കുന്ന മുഹൂര്‍ത്തത്തിന് വേണ്ടി മങ്ങാട്ടുകാവ് കാതോര്‍ത്തുകിടന്നു. മങ്ങാട്ടുകാവിലെ പുതുമണ്ണില്‍ ഇനി എന്നാണാവോ കുതിരക്കുളമ്പടി കേള്‍ക്കാനിടവരിക. പതിനെട്ടരക്കാവുകളില്‍ നിന്നും കൊങ്ങന്‍പടയെ അനുസ്മരിപ്പിച്ചു കൊണ്ട് കാലാകാലങ്ങളായി ഓടിയെത്തുന്ന കുതിരകള്‍…പുതുമഴ കാത്തിരിക്കുന്ന വരണ്ടുണങ്ങിയ വയല്‍നിലം പോലെ ദേവകിയമ്മ ആ കുളമ്പടിയൊച്ചയ്ക്കായി കാത്തിരുന്നു. അടുത്ത കുതിരവേലയ്ക്കു മുമ്പ് തനിക്കൊരമ്മയാകണം. അതിന് മങ്ങാട്ടുകാവിലമ്മ തന്നെ കനിഞ്ഞനുഗ്രഹിക്കുകയും വേണം. കാലത്തിന്റെ കുതിരക്കുളമ്പടി കേള്‍ക്കാന്‍ കാത്തിരിക്കുന്ന പെണ്‍ മനസ്സിന്റെ സ്വപ്‌നങ്ങളും പ്രത്യാശകളും നിറഞ്ഞ നോവലാണ് ഉണ്ണിക്കൃഷ്ണന്‍ പുതൂരിന്റെ കുതിരവേല. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Comments are closed.