DCBOOKS
Malayalam News Literature Website

‘കുമ്മനാന’; പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കുഞ്ഞനാനയുടെ പേരുകേട്ടവരെല്ലാം ഞെട്ടി. കുമ്മനാന..! പേര് നിര്‍ദ്ദേശിച്ചതാകട്ടെ ലിജോ വര്‍ഗീസ് എന്ന എഫ്ബി യൂസര്‍ ആണ്. പിന്നീട് ഈ പേരിന്റെ പിന്നാലെയായി എല്ലാവരും. ലൈക്കും കമന്റും കൂടി. സംഭവം ഹിറ്റായി. പക്ഷേ ശരിക്കും പെട്ടിരിക്കുന്നത് കൊച്ചി മെട്രോ അധികൃതരാണ്. കാരണം മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് ഒരു പേര് നിര്‍ദ്ദേശിക്കാന്‍ അവശ്യപ്പെട്ടത് അവരാണ്.

അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല ‘കൂള്‍’ ആയൊരു പേരു വേണമെന്നായിരുന്നു നിര്‍ദേശം. ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന പേര് കുഞ്ഞനാനയ്ക്ക് നല്‍കുകയും ചെയ്യും.

നിര്‍ദ്ദേശം കേട്ടതോടെ സോഷ്യല്‍മീഡിയയില്‍ പേരുകളുടെ ബഹളമായിരുന്നു. അതില്‍നിന്നാണ് കുമ്മനാന എന്ന പേര് പൊങ്ങിവന്നത്. എല്ലാവരും ഏറ്റെടുത്ത പേര് തിരഞ്ഞെടുക്കാതെ നിവര്‍ത്തിയില്ലല്ലോ..! എന്നാല്‍ സംഭവം കൈവിട്ട് പോകുമെന്ന് തോന്നിയതോടെ, അവര്‍ പോസ്റ്റ് തിരുത്തുകയും ചെയ്തു. ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന പേര് പാടില്ലെന്നായിരുന്നു തിരുത്ത്. എന്നാല്‍ കുമ്മനാന തന്നെയാണ് ഏറ്റവും മുന്‍പന്തിയില്‍.

ഇപ്പോഴിതാ, പേരു നിര്‍ദേശിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ, ‘കുമ്മനാന’യില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരിക്കുന്നു.

മറുപടി ഇങ്ങനെ: തുല്യനിന്ദ സ്തുതിര്‍മൗനി. നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്. എന്ത് ചെയ്താലും എന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ഞാന്‍ നോക്കിക്കാണുകയാണ്. ആരോടും പ്രയാസമില്ല, സന്തോഷവുമില്ല.

Comments are closed.