DCBOOKS
Malayalam News Literature Website

കൃതി അന്താരാഷ്ട്ര പുസ്തകോത്സവം ഫെബ്രുവരി 8 മുതല്‍

കൊച്ചി: രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിനും വിജ്ഞാനോത്സവത്തിനും ഫെബ്രുവരി എട്ടിന് തുടക്കം കുറിക്കുന്നു. വൈകിട്ട് 6 മണിക്ക് സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രൊഫ.എം.കെ. സാനു ആമുഖപ്രഭാഷണം നടത്തും. കഥാകൃത്ത് ടി. പത്മനാഭനെ വേദിയില്‍ വെച്ച് ആദരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ വകുപ്പും എസ്.പി.സി.എസും  ചേര്‍ന്നാണ് സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി 17 വരെ നീളുന്ന പത്ത് ദിവസത്തെ പുസ്തകോത്സവത്തിനു സമാന്തരമായി വിവിധ വിഷയങ്ങളില്‍ ഗഹനങ്ങളായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന വിജ്ഞാനോത്സവം, പത്തു ദിവസവും വൈകിട്ട് സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, വൈവിധ്യമാര്‍ന്ന വിഭവങ്ങളൊരുക്കുന്ന ഭക്ഷ്യമേള, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 250 സ്റ്റാളുകളിലായി 125-ഓളം പ്രമുഖ പ്രസാധകരാണ് ഇത്തവണ കൃതി സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നത്. ചെറുകിട പ്രസാധകരുടെ 22 സ്റ്റാളുകളും ഉണ്ടാകും.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ആശയവും ആവേശവും പകരുന്നതായിരിക്കും ഇത്തവണത്തെ കൃതി സാഹിത്യോത്സവം. ‘ഭാവിയിലേക്കൊരു മടക്കയാത്ര’ എന്നതാണ് മേളയുടെ പ്രധാന ആശയം. ‘ഒരു കുട്ടിക്ക് ഒരു പുസ്തകം’ പദ്ധതിയില്‍ 50,000 വിദ്യാര്‍ത്ഥികള്‍ക്ക് 1.25 കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കും. ‘പ്രളയബാധിത വായനശാലകള്‍ക്കൊരു കൈത്താങ്ങ്’ പദ്ധതിയിലൂടെ 50 ലക്ഷം രൂപയുടെ പുസ്തകങ്ങളും മേളയില്‍ വിതരണം ചെയ്യുന്നുണ്ട്.

കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഡി.സി ബുക്സിന്റെ സ്റ്റാളും ഒരുങ്ങിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന നിരവധി ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ ഇവിടെ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Comments are closed.