DCBOOKS
Malayalam News Literature Website

‘ക്രമസമാധാനം’ പുതിയ കാലത്തെ കഥകള്‍

സ്ത്രീപക്ഷ രചനകളുടെ പുതിയമുഖമാണ് സില്‍വിക്കുട്ടിയുടെ കഥകള്‍. ധീരതയും ഹാസ്യവും വിലക്കുകളെ വിലക്കുന്നതിലുള്ള വീറും വിരുതും സില്‍വിക്കുട്ടിയുടെ രചനകളെ കഥാലോകത്ത് വേറിട്ടു നില്‍ക്കുന്ന ശബ്ദമാക്കുന്നു. ഈ സമാഹാരത്തിലെ ഓരോ കഥയ്ക്കുമുണ്ട് അതിന്റേതായ അസമാന്യത.

ഫോണ്‍ബന്ധം, സഹയാത്രിക, പുതുവര്‍ഷം, ക്രമസമാധാനം, ജാരന്‍, അനുയായികള്‍, നാരദപര്‍വ്വം, ഓമനകള്‍ തുടങ്ങി 43 കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ആണ്‍കോയ്മയ്ക്കും പെണ്‍കോയ്മയ്ക്കും എതിരെ തൊടുക്കുന്ന വിമര്‍ശന ഹാസ്യത്തിന്റെ അമ്പുകളാണ് ഇതിലെ കഥകളോരോന്നും. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സില്‍വിക്കുട്ടിയുടെ ക്രമസമാധാനം എന്ന ചെറുകഥാസമാഹാരം ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

സില്‍വിക്കുട്ടിയുടെ കഥകളെ കുറിച്ച് ഡോ.എം.ലീലാവതി എഴുതുന്നു

സില്‍വിക്കുട്ടിയുടെ കഥകള്‍ ഉളവാക്കുന്ന പ്രതികരണങ്ങള്‍ക്കുള്ള ഉത്തമസാധാരണഘടകം ഉണ്മയും പൊയ്യും ഉരുകിച്ചേര്‍ന്നൊന്നായിത്തീര്‍ന്ന മിശ്രിതത്തില്‍നിന്ന് ഉണ്മയെ വേര്‍തിരിച്ചെടുത്ത് കാട്ടിത്തരുമ്പോള്‍ വൈരുദ്ധ്യബോധത്താല്‍ ഉളവാകുന്ന ഹാസമാണ്. ചിലപ്പോഴത് ലഘുവായ നര്‍മ്മം ആണെങ്കില്‍ പലപ്പോഴും ഗുരുതയാര്‍ന്ന ജീവിതമര്‍മ്മജ്ഞത നിര്‍മ്മമമായി ധ്വനിപ്പിക്കുന്ന കടും ചിരിയാണ്. നിലവിലുള്ള ആര്‍ത്ഥിക വ്യവസ്ഥിതിയിലെ കഠോരമായ അസമത്വത്തില്‍ കേന്ദ്രിതമായ ധര്‍മ്മരോഷത്തിനു പ്രാമുഖ്യമില്ലാത്ത പ്രമേയങ്ങളോടുകൂടിയ കഥകളില്‍പ്പോലും വിപ്ലവാത്മകമായ പരിവര്‍ത്തനത്തിനുള്ള തൃഷ്ണ അടിയടരുകളില്‍ ജ്വലിക്കുന്നുണ്ട്. സന്തപ്തതയുടെ സമസ്യകള്‍ പോലും പശ്ചാദ്ഗമന പ്രവണതയുണര്‍ത്തുന്നില്ല. അതുമാത്രമല്ല, ജീവിതത്തിലെ ബന്ധങ്ങള്‍. വ്യക്തിയും വ്യക്തിയും തമ്മിലുള്ളതും സ്ത്രീയും പുരുഷനും തമ്മിലുള്ളതും ജനകജന്യര്‍ തമ്മിലുള്ളതും സഹോദരങ്ങള്‍ തമ്മിലുള്ളതും തുല്യപ്രധാനങ്ങളായ ബന്ധങ്ങള്‍ തന്നെ. അവയില്‍ ഏതിനെ ആസ്പദമാക്കിയും വാക്ക്, വര, വര്‍ണ്ണം, നാദം, ശരീരാംഗം മുതലായ മാധ്യമങ്ങളിലൂടെ മികച്ച കലാത്മകമായ സൃഷ്ടികള്‍ ഏതുകാലത്തും സര്‍ഗ്ഗശക്തിധനരില്‍നിന്ന് ഉണ്ടാവും. മുഖംമൂടി മാറ്റി പ്രകാശിപ്പിക്കുന്ന സത്യം അതിമാത്രമിരുള്‍ തിങ്ങുന്ന അന്ധകൂപങ്ങളിലേക്ക് ചെറുകിരണങ്ങളെങ്കിലും പായിക്കുമ്പോള്‍ ആ പ്രക്രിയ എക്കാലത്തും എവിടെയും കാമ്യവും ഹൃദ്യവുമായിത്തീരുന്നു, തന്മൂലം പുരോഗമനപരവും.”

സില്‍വിക്കുട്ടി– മൂലമറ്റം സ്വദേശിനി. അല്‍ഫോന്‍സാ കോളെജ് പാലാ, സി.എം.എസ് കോളെജ് കോട്ടയം, വിമന്‍സ് കോളെജ് തിരുവനന്തപുരം, ഗവ. ട്രെയിനിങ് കോളെജ് തൃശ്ശൂര്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ‘സ്ത്രീസ്വത്വാവിഷ്‌കാരം മലയാള ചെറുകഥയില്‍’ എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടി. അന്നയും കര്‍ത്താവും, അവള്‍ സിനിമ കാണുകയാണ് എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ എറണാകുളം മഹാരാജാസ് കോളെജില്‍ മലയാളം വകുപ്പദ്ധ്യക്ഷയാണ്.

 

 

 

Comments are closed.