കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദി വര്‍ണ്ണാഭമാക്കാന്‍ ഗ്രാഫിറ്റി രചനയും

graffityജനുവരി 14 ന് വൈകന്നേരം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയായ കോഴിക്കോട് ബീച്ചിലെ മറൈന്‍ ഗ്രൗണ്ടിന്റെ ചുമരില്‍ നിറക്കൂട്ടില്‍ ചിത്രങ്ങളൊരുക്കാന്‍ കേരളത്തിലെ പ്രസിദ്ധ ഗ്രാഫിറ്റി ചിത്രകാരന്മാര്‍ ഒന്നിക്കുന്നു. ഇതോടെ സാഹിത്യോത്സവ വേദിയും പരിസരവും വര്‍ണ്ണാഭമാകും. മാത്രമല്ല കോഴിക്കോട് ജില്ലയിലെ കോളജ് വിദ്യാര്‍തഥികള്‍ക്കായി ഗ്രാഫിറ്റി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

സാഹിത്യ ചിന്തയുടെ പുതിയ വാതായനങ്ങള്‍ തുറന്നുകൊണ്ട് ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ചിരിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിനോടനുബന്ധിച്ചാണ് ഗ്രാവിറ്റിരചനയും മത്സരവും സംഘടിപ്പിക്കുന്നത്.

2017 ഫെബ്രുവരി 2 മുതല്‍ 5 വരെയുള്ള തിയതികളിലാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കയുള്‍പ്പടെയുള്ളരാജ്യങ്ങളില്‍ നിന്നായി 200 ല്‍ പരം എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചിന്തകരുമാണ് സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനായി എത്തുന്നത്. മലയാളക്കരയിലെ അക്ഷരസ്‌നേഹികള്‍ക്ക് സാഹിത്യവിരുന്നൊരുക്കുന്ന ഈ വലിയ വേദിയില്‍ സഹൃദയരായ സാഹിത്യാസ്വാദകരെ കാത്തിരിക്കുന്നത് വര്‍ണ്ണാഭമായ പരിപാടികളാണ്. കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ എഴുത്തോല, വെള്ളിത്തിര, തൂലിക, അക്ഷരം എന്നീ നാലു വേദികളിലായി സംവാദങ്ങള്‍, മുഖാമുഖങ്ങള്‍, കഥയരങ്ങ്, പാചകോത്സവം, ചലച്ചിത്രോത്സവം, നൃത്താവതരണം, ഷെഹ്നായി കച്ചേരി, കാവ്യാര്‍ച്ചന, ഗ്രോത്രകലോത്സവം എന്നിങ്ങനെ ആസ്വാദകഹൃദയങ്ങളില്‍ കുളിര്‍മഴ ചൊരിയുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.