ഇടവത്തിലെ ചോതി നക്ഷത്രം മുതൽ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെ : കൊട്ടിയൂരിൽ ഇത് മഹോത്സവകാലം

kottiyoor-1ശ്രീപരമേശ്വരൻ സ്വയംഭൂവായി കുടികൊള്ളുന്ന കൊട്ടിയൂർ വടക്കേ മലബാറിലെ പ്രസിദ്ധമായ ക്ഷേത്രമാണ്. ക്ഷേത്രത്തിലെ വെെശാഖോത്സവത്തിന് തുടക്കമായി. ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുളള 27 നാളുകളിലാണ് ഇവിടെ വൈശാഖ മഹോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്‌.

ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാർവതിയെ ആരാധിക്കുന്നത്

എല്ലാ ദിവസവും കൊട്ടിയൂരിൽ ഉത്സവമാണ്. എന്നാൽ ഒരു വർഷത്തിൽ 27 ദിവസം ഇവിടെ മനുഷ്യർക്ക് ഉത്സവം നടത്താനുള്ള അവസരമായി കണക്കാക്കാം. ബാക്കി കാലമെല്ലാം ദേവഗണങ്ങളാണ് ഉത്സവം നടത്തുക. അതിനാൽ, തുടക്കവും ഒടുക്കവുമില്ലാതെ നീളുന്ന മഹോത്സവം ആണ് ഇവിടെയെന്ന് വ്യക്തമാകുന്നു.പ്രകൃതിയാണ് ഈശ്വരൻ എന്ന തത്വത്തെ അന്വർത്ഥമാക്കും വിധം കാനനമദ്ധ്യത്തിൽ കാട്ടാറുകളുടെ കളകളാരാവങ്ങളോടെ പാലുകാച്ചി മലമടക്കുകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂരിന് വിശ്വാസത്തിനപ്പുറം മാനവഹൃദയവുമായൊരു ആത്മബന്ധമുണ്ട്.

വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല.ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര സംസ്ഥാനനങ്ങളിൽ നിന്ന് ഒരു പാട്‌ തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്‌.

ഐതിഹ്യം

പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണത്രേ ദക്ഷൻ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തിൽ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതിൽ ദുഖിതയായ സതിദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവൻ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷൻറ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യർത്ഥന പ്രകാരം ദക്ഷനെ പുനർജീവിപ്പിച്ചു യാഗം പൂർത്തിയാക്കി ശിവൻ തപസനുഷ്ടിയ്ക്കാൻ കൈലാസത്തിലേക്ക് പോയി.

പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും, കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തിൽ ഇന്നു കാണുന്ന ചിട്ടകൾ ഉണ്ടാക്കിയത് ശങ്കരാചാര്യർ ആണെന്ന് കരുതുന്നു.

ഉൽസവം

മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (മെയ്-ജൂൺ മാസങ്ങളിൽ) ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു. മുഴുവൻ ജനവിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൻറെ ഭാഗമായ ചടങ്ങുകൾ മാറ്റിവെച്ചിട്ടുണ്ട്. കുറിച്യവിഭാഗത്തിൽ പെട്ട സ്ഥാനികനായ ഒറ്റപ്പിലാണ് ആദ്യത്തെ അഭിഷേകം നടത്തേണ്ടത്. താത്ക്കാലിക നിർമ്മാണപ്രവർത്തനങ്ങൾക്ക് അളവ് തിരിച്ചു നൽകാനുള്ള അവകാശം ആശാരിക്കാണ്. വിവിധ ദൈവസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഓലക്കുടകൾ നിർമ്മിച്ചു നൽകേണ്ടത് കണിയാൻമാരാണ്. അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് നായർ വിഭാഗത്തിൽ പെട്ടവരാണ്. ഇളന്നീരാട്ടത്തിനുള്ള ഇളനീർ എഴുന്നള്ളിക്കേണ്ടത് തീയ്യവിഭാഗത്തിൽ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരാനുള്ള അധികാരം വണ്ണത്താൻ സമുദായക്കാരുമാണ്.

ഉൽസവത്തിന് മുന്നോടിയായി നീരെഴുന്നെള്ളത്തുണ്ട്. ബാവലിക്കരയിൽ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. സ്ഥാനികരും അവകാശികളും അടങ്ങുന്ന സംഘം കൂവ ഇലയിൽ ബാവലി തീർഥം ശേഖരിച്ച് മണിത്തറയിലുള്ള ദേവസ്ഥാനത്ത് അർപ്പിക്കുന്നതാണിത്. മണത്തണയിലെ ഒരു ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയ ശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരേക്ക് പ്രവേശനമുള്ളു. തവിഞ്ഞാൽ‍ ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു വാൾ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവൻ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവിൽ ഈ വാൾ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാൻമാർ കൊട്ടിയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുമ്പോൾ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ്. ഈ ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ്. വിഗ്രഹത്തിൽ നെയ്യഭിഷേകം, ഇളനീർ അഭിഷേകം എന്നിവയാണ് ഈ ചടങ്ങുകളിൽ നടക്കുക

Categories: LIFESTYLE

Related Articles