DCBOOKS
Malayalam News Literature Website

‘കൊലുസണിയാത്ത മഴ’; ലക്ഷ്മീദേവിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം

കവയിത്രി ലക്ഷ്മീദേവിയുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് ‘കൊലുസണിയാത്ത മഴ‘. തിരശ്ശീലയിലൂടെ, ആകാശമത്സ്യത്തിന്റെ കണ്ണ്, കൂട്ടിലെ കുരുവി, നിന്നെയെതിരേല്‍ക്കാന്‍, മകന്‍, വഴിയില്‍ ഉപേക്ഷിച്ചതില്‍ ഒന്ന്, കൊലുസണിയാത്ത മഴ, ചുമടുതാങ്ങി, എരിക്കിന്‍ പൂക്കള്‍, ഓര്‍മ്മയുടെ ഓളം, ഒരു ഹ്രസ്വചിത്രം, നിന്നെയല്ലെനിക്കിഷ്ടം, മുഹൂര്‍ത്തം, ഇ്ല്ലാതായ നക്ഷത്രങ്ങള്‍, കണ്ണുനീര്‍ക്കിളി, പുരാതനസൗഹൃദം, ഒരു സര്‍പ്പംപാട്ട്,ഇനിയും വരില്ലയോ?, പൊള്ളും മധുരം, ഒഴിവുകാലം, ശിലാപൂജ, വഴി, വിശ്വനടനം, കുളിര്‍ക്കിനാവ്, നന്ദി ചൊല്ലട്ടെ ഞാന്‍ തുടങ്ങി പലപ്പോഴായി എഴുതിയ 25 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.

കവി വി മധുസൂദനന്‍ നായര്‍ കൊലുസണിയാത്ത മഴയ്ക്ക്‌ എഴുതിയ അവതാരികയില്‍ നിന്ന്

“ഹിമകണം പോലെയാണ് ലക്ഷ്മീദേവിയുടെ കവിതകള്‍.ഓരോന്നും മനസ്സില്‍ ബിന്ദുവായിപ്പതിക്കുന്നു. ശീതളമായിപ്പടരുന്നു. കണ്ണീര്‍ത്തുള്ളികളായി ഊഷ്മളമായിത്തീരുന്നു. ഉഷ്മാവ് ദുഃഖജ്വാലയാകുന്നു. ജ്വാലയിലെരിയവെ നാം നമ്മെത്തന്നെ പവിത്രീകരിക്കണമെന്നറിയുന്നു.

വേദനയിലൂടെ വേദിതവൃത്തിയിലേക്കുള്ള ആത്മായനമാണിത്. ലോകവേദനയെ ആത്മവേദനയാക്കുകയും സഹനത്തില്‍ സ്ഫുടം ചെയ്ത് സൗമ്യവാക്കായി സ്വയമുതിര്‍ക്കുകയും ചെയ്യുന്ന ഈ കവിയുടെ ഹിമസ്വച്ഛമായ ആര്‍ദ്രവചസ്സില്‍ ഒരുതരം സൂര്യസോമാനലസംയോഗമുണ്ട്. യാതനയുടെയും തിരസ്‌കാരത്തിന്റെയും വാല്‌സല്യത്തിന്റെയും വിരഹത്തിന്റെയും ആത്മവ്യാമര്‍ദത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും അഗ്നിമഥനത്തിലൂടെ ഈ മഞ്ഞുകണങ്ങളുണ്ടായി. ഇവയെ മനസ്സുകൊണ്ടു തൊടുമ്പോള്‍ നാം സ്‌നേഹത്തെത്തൊടുന്നു. സ്‌നേഹജന്യമായ അപാരദുഃഖങ്ങളുടെ പിന്നിലെ നേരുകളെ നേരിട്ടു തൊടുന്നു. ആത്മദാനത്തെത്തൊടുന്നു. ആ നൈര്‍മ്മല്യത്തിലൂടെ ആത്മഭാരങ്ങളൂര്‍ന്ന് ഉദാരതയിലേക്ക് പ്രവേശിക്കുന്നു.

കൊലുസണിയാത്ത മഴ എന്ന ഒറ്റക്കവിത തന്നെ ഈ മഹാനുഭവം തരും. പ്രത്യക്ഷത്തില്‍ ഹിമബിന്ദു പോലൊരു കാവ്യജന്മം. കരിങ്കല്ലിനെയും അലിയിച്ചൊഴുക്കുന്ന രാസാഗ്നികല എങ്ങനെ ഈ തുള്ളിക്കവിതയില്‍ നിറഞ്ഞു? പ്രഥമസ്പര്‍ശത്തില്‍ പേശലാര്‍ദ്രമായ ഈ അക്ഷരത്തുള്ളിക്കുള്ളില്‍ ഒരുപാട് അഗ്നികളെ അട വച്ചിരിക്കുന്നു. പുറമേ പൊട്ടിച്ചിതറാത്ത തീക്കണങ്ങള്‍, അകമേ നിഭൃതമായ ദാവാഗ്നി പോലുള്ള ഭാവാഗ്നികള്‍; അനുഭവാഗ്നികള്‍. സംഭൃതമായ മൗനത്തില്‍ നിന്ന് സഹസ്രജിഹ്വയായ വാക്ക് പൊന്തിവരും പോലെ അവയില്‍ നിന്ന് ഉത്കടവ്യഥകളുടെ ഉരിടാടാവചനങ്ങള്‍ സ്ഫുലിംഗങ്ങളായി ഉയര്‍ന്നു പടരുന്നു. ഉള്ളുമുടലും വെന്തുപെയ്യുന്ന മഴക്കന്നിയുടെ മഹാമൗനത്തില്‍ നിന്നാണ് ഈ സ്ഫുലിംഗങ്ങള്‍…”

ആത്മനിഷ്ഠ മനോഭാവം പുലര്‍ത്തുന്ന കവിതകളാണ് ലക്ഷ്മീദേവിയുടെ മിക്കരചനകളും. ‘നന്ദിചൊല്ലട്ടെ ഞാന്‍’ എന്ന കവിതയില്‍ ജീവിതത്തില്‍ ലഭിക്കാത്ത സന്തോഷത്തിനും കിട്ടിയ സങ്കടങ്ങള്‍ക്കും കവയിത്രി നന്ദി പറയുന്നു. പ്രകൃതിയുടെ തിരിച്ചറിയലും സൗന്ദര്യങ്ങളും സ്വത്വബോധത്തിന്റെ തിരിച്ചറിയലും ഈ കവിതയിലുണ്ട്. കാല്പനികത തുളുമ്പുന്ന ഈ കവിതയില്‍, സര്‍വ്വത്തോടും സ്‌നേഹം കാട്ടാന്‍ കഴിയുന്ന ഒരു സ്ത്രീമനസ്സുണ്ട്.

ലക്ഷ്മീദേവി– കവയിത്രി സുഗതകുമാരിയുടെയും ഡോ. കെ. വേലായുധന്‍ നായരുടെയും മകളായി 1961 ല്‍ തിരുവനന്തപുരത്ത് ജനിച്ചു. കേരള സര്‍വ്വകലാശാലയുടെ മനശാസ്ത്രവിഭാഗത്തില്‍ നിന്ന് ബിരുദാനന്തര ബിരുദം. കണ്‍സള്‍ട്ടിങ് സൈക്കോളജി(ക്ലിനിക്കല്‍)യില്‍ എം.ഫില്‍. അഭയഗ്രാമത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റായും ജോലി നോക്കുന്നു. കുഞ്ചുപിള്ള സ്മാരക പുരസ്‌കാരം (1995), യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം സ്മാരക പുരസ്‌കാരം (1998) എന്നിവ ലഭിച്ചിട്ടുണ്ട്. ഇരുള്‍ച്ചിന്തുകള്‍ മൊഴിയും പൊരുളും, ഉപ്പുപാവകള്‍ എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.