DCBOOKS
Malayalam News Literature Website

40 വര്‍ഷം പഴക്കമുള്ള ഈ വായനശാല(വീട്) ഒരല്‍പം വ്യത്യസ്തമാണ്

കൊല്‍ക്കത്ത: കോളെജ് റോഡിലെ ടെമര്‍ ലെയ്‌നിലുള്ള ഈ വായനശാല ഒരല്‍പം വ്യത്യസ്തമാണ്. ഒരു വീടാണ് ഇവിടെ വായനശാലയായി മാറിയത്. വീട്ടിനുള്ളിലെ മുറികള്‍ തിരിച്ചിരിക്കുന്നത് ഭിത്തികെട്ടി മറച്ചല്ല, പകരം ബുക്കുകള്‍ നിറച്ച അലമാരകള്‍ കൊണ്ടാണ്. ഉടമസ്ഥനായ സന്ദീപ് ദത്ത ഈ വായനശാല ആരംഭിച്ചിട്ട് ഇപ്പോള്‍ നാല്‍പത് വര്‍ഷമായി.

ചെറുപ്പത്തില്‍ നാഷണല്‍ ലൈബ്രറിയില്‍ പോയതാണ് ഇങ്ങനെയൊരു ലൈബ്രറി ഒരുക്കാന്‍ കാരണമായത്. അന്ന് അവിടെ പോയപ്പോള്‍ നിരവധി ലിറ്റില്‍ മാഗസിനുകള്‍ നിലത്ത് ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ചിതറിക്കിടക്കുന്നത് കണ്ടു. പലതും പൊടി പിടിച്ചും ചിതലരിച്ചും നാശത്തിന്റെ വക്കിലായിരുന്നു. 1970-കളില്‍ രാജ്യത്ത് സമാന്തര സാഹിത്യം വികസിക്കുന്ന സമയത്താണ് സന്ദീപ് ദത്ത തന്റെ വായനശാല ആരംഭിക്കുന്നത്. മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ഏറെ വികാസം പ്രാപിച്ച സാഹിത്യശാഖയായിരുന്നു സമാന്തര സാഹിത്യം. സാഹിത്യത്തില്‍ അത്ര ശ്രദ്ധേയരല്ലാത്തവരും എന്നാല്‍ എഴുത്തിനോട് താത്പര്യമുള്ളവരുടെതുമായ നിരവധി കൃതികള്‍ ഈ കാലയളവില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.

1500 മാഗസിനുകളുമായാണ് സന്ദീപ് ദത്ത വായനശാല ആരംഭിച്ചത്. ബംഗാളിലെ ലിറ്റില്‍ മാഗസിനുകളുടെ കളിത്തൊട്ടിലെന്ന വിശേഷണം പിന്നാലെ വന്നുചേര്‍ന്നു. ഏറെ വൈകാതെ ഈ വായനശാല കൊല്‍ക്കത്ത ലിറ്റില്‍ മാഗസിന്‍ ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. മഹാശ്വേതാ ദേവിയടക്കം ബംഗാളിലെ നിരവധി പ്രമുഖ എഴുത്തുകാര്‍ ഈ ലൈബ്രറി സന്ദര്‍ശിച്ചിട്ടുണ്ട്. ഏകദേശം 60,000-ത്തോളം മാസികകള്‍ ഈ വായനശാലയില്‍ ഉണ്ട്. അവയില്‍ 1600 എണ്ണം ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. നിരവധി ഗവേഷകര്‍ തങ്ങളുടെ പഠനാവശ്യങ്ങള്‍ക്കായി വായനശാലയെ സ്ഥിരമായി ഉപയോഗിക്കുന്നു.

ഒരിക്കല്‍ മഹാശ്വേതാ ദേവിക്ക് താന്‍ എഴുതിയ ചില കൃതികളുടെ കൈയ്യെഴുത്തു പ്രതികളും പതിപ്പുകളും നഷ്ടപ്പെട്ടിരുന്നു. ഇവയെല്ലാം കണ്ടെത്തി നല്‍കിയത് സന്ദീപ് ദത്തയായിരുന്നു.

Comments are closed.