കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ നാളെ കാവുതീണ്ടല്‍

kodungalloor

ചെമ്പട്ടണിഞ്ഞ് അരമണിയും ചിലമ്പും കുലുക്കി ഉടവാള്‍ കൊണ്ട് ശിരസ്സില്‍ വെട്ടി രക്തമൊഴുക്കിയ കോമരങ്ങള്‍ ശ്രീകുരുംബക്കാവില്‍ നിറഞ്ഞു. മീനഭരണി മഹോത്സവത്തിലെ പ്രധാന ചടങ്ങുകളായ അശ്വതി പൂജയ്ക്കും കാവു തീണ്ടലിനും കൊടുങ്ങല്ലൂര്‍ കുരുംബക്കാവ് നാളെ വേദിയാകും. ദേവിദാരികയുദ്ധത്തില്‍ ദേവി ദാരികനെ നിഗ്രഹിക്കുന്നത് രേവതി നാളിലാണെന്നാണ് വിശ്വാസം.

ദേവിയുടെ വിജയം വിളംബരം ചെയ്ത് അസംഖ്യം ദീപങ്ങള്‍ തെളിയിച്ച് രേവതി വിളക്ക് ആഘോഷിക്കും. യുദ്ധത്തില്‍ മുറിവേറ്റ ദേവിക്ക് ഭിഷഗ്വരനായ പാലക്കവേലന്‍ നിശ്ചയിക്കുന്ന ചികിത്സയുടെ ഭാഗമായാണ് തൃഛന്ദനച്ചാര്‍ത്ത് നടത്തുന്നത്. ഇതോടൊപ്പം അതിരഹസ്യ വിധി പ്രകാരമുള്ള ശാക്‌തേയ പൂജയായ അശ്വതി പൂജയും നടത്തും.ക്ഷേത്രത്തിലെ പൂജാരികളായ അടികള്‍മാരിലെ കാരണവര്‍മാരാണ് ഇത് നിര്‍വ്വഹിക്കുക.

അശ്വതി നാളായ ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ ആരംഭിക്കുന്ന അശ്വതി പൂജ 4 മണിയോടെ സമാപിക്കും. അശ്വതി പൂജ സമാപിച്ച് വലിയ തമ്പുരാനും അടികള്‍മാരും ക്ഷേത്രത്തിനു പുറത്തു വന്ന് കിഴക്കെ നടയിലെ നിലപാടുതറയിലിരിപ്പുറപ്പിക്കും. തുടര്‍ന്ന് വലിയ തമ്പുരാന്റെ അനുമതിയോടെ കോയ്മ ചുവന്ന കുട നിവര്‍ത്തുമ്പോള്‍ പാലക്കവേലന്റെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ കാവുതീണ്ടും.

യുദ്ധത്തില്‍ ദാരികന്‍ കൊല്ലപ്പെടുന്നതോടെ അനാഥരാകുന്ന അസുരഗണങ്ങള്‍ സര്‍വ്വസ്വവും ദേവിക്കു സമര്‍പ്പിക്കുന്നതിനെ അനുസ്മരിച്ച് ഭക്തര്‍ മുളവടികളും വഴിപാടു പൊതികളും ക്ഷേത്രത്തിലേക്ക് എറിഞ്ഞാണ് ഓട്ടപ്രദക്ഷിണത്തോടെ കാവുതീണ്ടല്‍ നടത്തുന്നത്. അശ്വതി പൂജക്കു മുമ്പായി ക്ഷേത്രനടയടച്ചാല്‍ ഏപ്രില്‍ അഞ്ചിനാണ് ദര്‍ശനത്തിനായി തുറക്കുക. മുളം തണ്ടുകള്‍ തട്ടി ദേവിസ്തുതികള്‍ ആലപിച്ചും അമ്മേ ശരണം വിളികളോടേയും ക്ഷേത്രനഗരിയിലെ വീഥികളെ ഭക്തിലഹരിയിലാഴ്ത്തി ഭക്തലക്ഷങ്ങളാണ് ശ്രീകുരുംബക്കാവിലേക്കു പ്രവഹിക്കുന്നത്.

Categories: ART AND CULTURE