കേരളത്തിന്റെ പ്രകൃതിഭംഗിയാല്‍ നിറഞ്ഞ് കൊച്ചിമെട്രോ

kochi-metro

പശ്ചിമഘട്ടത്തിന്റെ ഹരിതാഭയും പച്ചപ്പുമൊക്കെ ഇനി കൊച്ചി മെട്രോസ്‌റ്റേഷനില്‍ നിറഞ്ഞുകാണാം. മലയാളികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന കേരളത്തിന്റെ പ്രകൃതിയും കാഴ്ചകളും ഒരുക്കിയാണ് കൊച്ചി മെട്രോ റെയില്‍വേ സ്‌റ്റേഷനുകള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള 11 സ്‌റ്റേഷനുകളിലും പശ്ചിമഘട്ടത്തിന്റെ ഹരിതാഭയും പുല്‍മേടുകളും, പൊട്ടിത്തെറിച്ചും അലകളുയര്‍ത്തിയും ഒഴുകുന്ന പെരിയാറും മറ്റ് നദികളും, പീലിവിടര്‍ത്തിയാടുന്ന മയില്‍ക്കൂട്ടങ്ങള്‍, പഞ്ചവര്‍ണക്കിളികള്‍, രാജവെമ്പാലയും ഒച്ചുകളും, ആന, കടുവ…. കേരളത്തിന്റെ നാവിക പാരമ്പര്യത്തിന്റെ നേര്‍ചിത്രങ്ങള്‍, ചിത്രശലഭങ്ങള്‍, മത്സ്യസമൃദ്ധി, കലയും സാഹിത്യവും സമന്വയിക്കുന്ന ചുമര്‍ചിത്രങ്ങളാല്‍ മനോഹരമാക്കിയിരിക്കുന്നു. ഇനി ഇടപ്പള്ളി, പാലാരിവട്ടം സ്‌റ്റേഷനുകളിലൂടെ ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ കൊച്ചിമെട്രോ പൂര്‍ണ്ണമായും പച്ചപ്പണിയും.

metro-1മട്രൊയിലെ ആദ്യ സ്‌റ്റേഷനായ ആലുവയില്‍ പെരിയാറിന്റെയും കേരളത്തിലെ മറ്റ് നദികളുടെയും വര്‍ണചിത്രമാണ് ഒരുക്കിയിട്ടുള്ളത്.സ്‌റ്റേഷനിലെ തറകള്‍ നദീജലസമ്പത്ത് അടയാളപ്പെടുത്തുന്ന രീതിയിലാണ് രൂപകല്‍പ്പന. പുളിഞ്ചുവട്ടിലാണ് പശ്ചിമഘട്ടത്തിലെ പുല്‍മേടുകളുടെ സൗന്ദര്യവും ശാന്തതയും പകര്‍ത്തിയിരിക്കുന്നത്. മനുഷ്യനും മലനിരകളും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നതാണ് കമ്പനിപ്പടി സ്‌റ്റേഷനിലെ ചിത്രങ്ങള്‍.

കാവുകളുടെയും മറ്റു ജീവിവര്‍ഗങ്ങളുടെയും നിലനില്‍പ്പ് അനിവാര്യമാണെന്നു തെളിയിക്കുന്ന ചിത്രങ്ങളാണ് അമ്പാട്ടുകാവില്‍ ഒരുക്കിയിട്ടുള്ളത്. പീലിവിടര്‍ത്തിയാടുന്ന മയിലുകളും പഞ്ചവര്‍ണക്കിളികളും ഉള്‍പ്പെടെ കേരളത്തിലെ പക്ഷിസമ്പത്താണ് മുട്ടം സ്‌റ്റേഷന്റെ പ്രത്യേകത. പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളില്‍ വിലസുന്ന കടുവയും ആനയും മാനും പശ്ചാത്തലമൊരുക്കുന്ന കളമശേരി സ്‌റ്റേഷനില്‍ മലമുഴക്കി വേഴാമ്പലും പച്ചിലച്ചാര്‍ത്തും മഴത്തുള്ളികളും നയനാനന്ദകരമാകും.metro-2

കേരളത്തിന്റെ നാവിക പാരമ്പര്യവും പ്രാചീന ജലഗതാഗത സംസ്‌കാരവുമാണ് കുസാറ്റ് സ്‌റ്റേഷന്റെ പ്രത്യേകത. കടല്‍ജീവികളുടെയും മത്സ്യഇനങ്ങളുടെയും ചിത്രങ്ങളാല്‍ സമ്പന്നമാണ് പത്തടിപ്പാലം സ്‌റ്റേഷന്‍. സുഗന്ധവ്യഞ്ജനങ്ങളുടെ രേഖാചിത്രങ്ങള്‍ നിറയുന്ന ഇടപ്പള്ളിയില്‍ നാടിന്റെ ചരിത്രവും പൈതൃകവും സമന്വയിക്കുന്നു. കാല്‍പ്പനിക കവിതകളാല്‍ മലയാളികളെ ആനന്ദിപ്പിച്ച കവി കൃഷ്ണപിള്ളയുടെ നാട്ടില്‍ കേരളത്തിന്റെ കലാരൂപങ്ങള്‍, കല, സാഹിത്യം, ചരിത്രം എന്നിവ കുറിക്കുന്ന ചുമര്‍ചിത്രങ്ങളാണ് മിഴിവേകുക. മലയാളത്തെ സ്‌നേഹിച്ച സാഹിത്യകാരന്മാര്‍, ഭാഷാ പണ്ഡിതര്‍ എന്നിവരോടുള്ള ആദരവും ചിത്രങ്ങളിലുണ്ട്. വര്‍ണാഭമായ പൂക്കളാല്‍ സമൃദ്ധമാണ് പാലാരിവട്ടം. കണ്ണിന് ഇമ്പംപകരുന്ന വര്‍ണചിത്രങ്ങള്‍ ഭിത്തികളിലും ചില്ലുചുവരുകളിലുമാണ് പകര്‍ത്തിയിട്ടുള്ളത്.

metro3നിര്‍മാണം പുരോഗമിക്കുന്ന കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷനില്‍ കായികപാരമ്പര്യത്തെയും കലൂരില്‍ കാലവര്‍ഷം, വെള്ളച്ചാട്ടം, നീര്‍ത്തടങ്ങള്‍ എന്നിവയുമാണ് രേഖപ്പെടുത്തുക. ലിസി സ്‌റ്റേഷനില്‍ തുമ്പികളും പൂമ്പാറ്റുകളുമാണ് യാത്രക്കാരെ വരവേല്‍ക്കുക. ജീവിവര്‍ഗങ്ങളും സസ്തനികളുമാണ് മഹാരാജാസ് സ്‌റ്റേഷനില്‍ ഒരുക്കുക.

Categories: ART AND CULTURE, GENERAL