ആട്ടവിളക്ക് തെളിയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ആളും അരങ്ങുമൊരുക്കി അറബിക്കടലിന്റെ റാണി കാത്തിരിക്കുന്നു. ലോക സമകാലിക കലയുടെ ഒളിംപിക്‌സ് എന്നറിയപ്പെടുന്ന കൊച്ചി മുസിരിസ് ബിനാലെയ്ക്കായി. ഡിസംബര്‍ 12നു വൈകുന്നേരം അഞ്ചരയ്ക്ക്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ത്യന്‍കലയുടെ ചരിത്രത്തിലെ ആദ്യ ബിനാലെ ഉദ്ഘാടനം ചെയ്യും.
ഫോര്‍ട്ട്‌കൊച്ചിയിലെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ലോക സമകാലിക കലയിലെ പ്രമുഖര്‍ എത്തും. കൊച്ചിയിലും പഴയ മുസിരിസ് പ്രദേശങ്ങളിലുമായാണു പ്രദര്‍ശനങ്ങള്‍ അരങ്ങേറുന്നത്. ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ഇന്‍സ്റ്റലേഷന്‍, ഫിലിം, അവതരണ കല തുടങ്ങി വിവിധ മാധ്യമങ്ങളില്‍ സ്വദേശീയരും വിദേശീയരുമായ കലാകാരന്മാര്‍ അണിനിരക്കും. മെട്രോനഗരമായ കൊച്ചിയുടെയും പുരാതന തുറമുഖ നഗരമായ മുസിരിപ്പട്ടണത്തിന്റെയും സംസ്‌കാരങ്ങള്‍ സമന്വയിപ്പിക്കുകയാണ് കലയുടെ ഈ മഹാസംഗമം.
ബിനേലേയ്ക്ക് മുന്നോടിയായി കൊച്ചിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. സേതുവിന്റെ മറുപിറവി , എന്‍ എസ് മാധവന്റെ ലന്തന്‍ ബത്തേരിയിലെ ലുത്തീനിയകള്‍ എന്നീ നോവലുകളെ ആസ്പദമാക്കി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടന്നു.
ലോക പ്രശസ്ത മലയാളി ചിത്രകാരന്മാരായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും ചേര്‍ന്നാണ് രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന രാജ്യാന്തര കലാ പ്രദര്‍ശനമായ ബിനാലെയുടെ ക്യുറേഷന്‍ നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ സമകാലിക കലയ്ക്ക് ശക്തമായ അടിത്തറയുണ്ടാക്കുക, ജനങ്ങള്‍ക്ക് സമകാലിക കലയുമായി ബന്ധപ്പെടുന്നതിനുള്ള വേദിയും സാധ്യതകളും ഒരുക്കുക എന്നിവയാണ് ബിനാലെയുടെ ലക്ഷ്യങ്ങള്‍.
2012 ഡിസംബര്‍ 12 മുതല്‍ 2013 മാര്‍ച്ച് 13 വരെ മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ബിനാലെയ്ക്ക് ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി എട്ടുലക്ഷം സന്ദര്‍ശകരെങ്കിലും എത്തുമെന്നാണു സംഘാടകര്‍ കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന സിംഗപ്പൂര്‍ ബിനാലെ ഒമ്പതു ലക്ഷം പേര്‍ സന്ദര്‍ശിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2010ലെ ഗ്വാങ്ചു ബിനാലെയില്‍ അഞ്ചുലക്ഷത്തോളം കാണികളെത്തി. 6.28 ലക്ഷം പേരെ ആകര്‍ഷിച്ച ലിവര്‍പൂള്‍ ബിനാലെ രാജ്യത്തിനു നേടി കൊടുത്തത് 232.2 കോടി രൂപയുടെ സാമ്പത്തിക നേട്ടമായിരുന്നു. ലോക കലാഭൂപടത്തില്‍ ബിനാലെ വഴി ഇടം നേടുന്നതോടെ സാംസ്‌കാരിക ടൂറിസത്തിലും കൊച്ചിയുടെ പ്രാധാന്യമേറും.
കൊച്ചിയുടെയും മുസിരിസ് മേഖലയുടെയുടെയും പ്രൗഢിയും പാരമ്പര്യവും വിളിച്ചോതുന്ന വേദികളാണ് ബിനാലെയ്ക്കു വേണ്ടി ഒരുങ്ങുന്നത്. ഈ വേദികളില്‍ കലാകാരന്മാരുടെ ഇന്‍സ്റ്റലേഷനുകളും ചിത്രപ്പണികളും അവസാനഘട്ടത്തിലാണ്.
ബിനാലെയോട് അനുബന്ധിച്ച ഇന്‍സ്റ്റലേഷനുകളും സാംസ്‌കാരിക പരിപാടികളും ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. ആസ്പിന്‍വാള്‍ ഹൗസ്, ഡേവിഡ് ഹാള്‍ , കൊച്ചിന്‍ ക്ലബ്, പെപ്പര്‍ ഹൗസ്, മട്ടാഞ്ചേരി ബസാര്‍ റോഡ് എന്നിവയ്ക്കു പുറമേ നഗര ഹൃദയത്തില്‍ എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷന് സമീപമുള്ള ദര്‍ബാര്‍ ഹാളും ഈ മഹാസംഗമത്തിന് വേദിയാകും.













