കൊച്ചി-മുസിരിസ് ബിനാലെയുടെ നാലാമത് പതിപ്പിന് ഡിസംബര്‍ 12-ന് തുടക്കം കുറിക്കും. ‘പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ജീവിതങ്ങളുടെ സാധ്യതകള്‍’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണ കലാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത്. 32 രാജ്യങ്ങളില്‍ നിന്നായി 138 ആര്‍ട്ടിസ്റ്റുകള്‍ ബിനാലെയില്‍ പങ്കെടുക്കുന്നുണ്ട്. അനിത ദുബൈയാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യൂറേറ്റര്‍.
പ്രമേയം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ വ്യത്യസ്തമാണ് ഇത്തവണത്തെ ബിനാലെ. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ദര്‍ബാര്‍ ഹാള്‍ എന്നിവിടങ്ങളിലാണ് പ്രധാന വേദികള്‍. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടായിരിക്കും ബിനാലെ അരങ്ങേറുക. ബിനാലെയില്‍ പങ്കെടുക്കുന്നവര്‍ കൂടുതലും സ്ത്രീകളാണെന്ന പ്രത്യേകതയും നാലാം ലക്കത്തിനുണ്ട്.
പ്രദര്‍ശനങ്ങള്‍ക്ക് സമാന്തരമായി നിരവധി നടക്കുന്ന ഒട്ടനവധി പരിപാടികളാണ് കൊച്ചി ബിനാലെയെ വ്യത്യസ്തമാക്കുന്നത്. ദക്ഷിണേഷ്യയിലെ കലാവിദ്യാര്‍ത്ഥികളെ ഒന്നിച്ചണിനിരത്തുന്ന സ്റ്റുഡന്റ്‌സ് ബിനാലെ, പ്രഗത്ഭരുടെ ‘ലെറ്റ്‌സ് ടോക്ക്’ പ്രഭാഷണ പരമ്പര, കൊച്ചിയില്‍ താമസിച്ചു കലാസൃഷ്ടികളൊരുക്കാന്‍ സൗകര്യമൊരുക്കുന്ന പെപ്പര്‍ ഹൗസ് റസിഡന്‍സി പ്രോഗ്രാം, വളര്‍ന്നുവരുന്ന കലാകാരന്‍മാര്‍ക്കു പരിശീലനക്കളരിയൊരുക്കുന്ന മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോ, ‘വേദനയകറ്റാന്‍ കലയും സംഗീതവും’ അരങ്ങൊരുക്കുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പ്രോഗ്രാം, സമകാലിക കലകളില്‍ ഗവേഷണസൗകര്യമൊരുക്കുന്ന വീഡിയോ ലാബ്, പരമ്പരാഗതവും സമകാലികവുമായി സംഗീതരൂപങ്ങള്‍ക്കു വേദിയൊരുക്കി മ്യൂസിക് ഓഫ് മുസിരിസ്, സിനിമകളും ഡോക്യുമെന്ററികളുമായി ‘ആര്‍ട്ടിസ്റ്റ്‌സ് സിനിമ’ എന്നിവയും ഇതോടൊപ്പം നടക്കുന്ന പരിപാടികളാണ്. ഊരാളി ബാന്‍ഡിന്റെ സംഗീതനിശയാണ് ബിനാലെയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. 2019 മാര്‍ച്ച് 29-ന് ബിനാലെ സമാപിക്കും