കേരള ടൂറിസം വകുപ്പ് തയ്യാറാക്കിയ ‘എ റീഡിംഗ്‌ റൂം വിത്ത് എ വ്യു’ വിന് ലോകപ്രശസ്തമായ ക്യൂരിയസ് അവാര്‍ഡ്

a-readindരാജ്യത്തിനു തന്നെ മാതൃകയായ കേരളത്തിന്റെ സാംസ്‌കാരിക സമ്പത്താണ് ഈ പരസ്യചിത്രം അടയാളപ്പെടുത്തുന്നത്. വ്യത്യസ്തമായ മതാനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും വൈരുദ്ധ്യങ്ങളും കേരളസംസ്‌കാരത്തിന്റെ ഭാഗമാണെന്നുകൂടി ചിത്രം പറഞ്ഞുവയ്ക്കുന്നു. മഹാത്മാ ഗാന്ധി, ചെ ഗുവേര, രബീന്ദ്രനാഥ് ടാഗോര്‍ എന്നിവരുടെ ചിത്രങ്ങളിലൂടെ കേരളത്തിന്റെ വ്യത്യസ്തമായ സാമൂഹ്യാന്തരീക്ഷവും പ്രകടമാക്കുന്ന ‘എ റീഡിംഗ്‌ റൂം വിത്ത് എ വ്യു’ എന്ന പരസ്യ ചിത്രത്തിന് ലോകപ്രശസ്തമായ ക്യൂരിയസ് അവാര്‍ഡ്.

യുവധാര വായനശാലയുടെ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്ന സാംസ്‌കാരിക വൈവിധ്യ ദൃശ്യങ്ങള്‍. കേരളത്തിന്റെ സ്വന്തം മുസരീസ് ബിനാലെയുടെ പ്രചാരണത്തിനായി കേരള ടൂറിസം വകുപ്പ് തയ്യാറാക്കിയ ‘എ റീഡിംഗ്‌ റൂം വിത്ത് എ വ്യു’ എന്ന പരസ്യ ചിത്രമാണ് ഇത്തവണ ക്യൂരിയസ് അവാര്‍ഡ് സ്വന്തമാക്കിയത്.

സംവിധായകനും ഛായഗ്രാഹകനുമായ സമീര്‍ താഹിറാണ് എ റീഡിംഗ്‌ റൂം വിത്ത് എ വ്യു സംവിധാനം ചെയ്തത്. ലോകത്തെ പ്രമുഖ ക്രിയേറ്റീവ് മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ലണ്ടനിലെ ഡി ആന്‍ഡ് ഡി എന്ന സ്ഥാപനമാണ് അവാര്‍ഡ് സംഘടിപ്പിച്ചത്. ഒരു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പരസ്യചിത്രങ്ങളുടെ വിഭാഗത്തിലാണ് ചിത്രത്തിന് അവാര്‍ഡ് നേടിയത്. കേരളത്തെ ആഗോള സാംസ്‌കാരിക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ കൊച്ചി മുസിരിസ് ബിനാലെ ലോക ശ്രദ്ധയാകര്‍ഷിച്ചുവെന്നുള്ളതിനു തെളിവുകൂടിയാണ് ഈ അവാര്‍ഡ്.