ലോകാന്തര വർണ്ണക്കാഴ്ചകളുമായി കൊച്ചി മുസിരിസ് ബിനാലെ

sudarsan

ലോകാന്തര കലാവിന്യാസത്തിലൂടെ കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ത്യയിലെ ആദ്യ ബിനാലെയുടെ മൂന്നാം പതിപ്പ് കൊച്ചി-മുസിരിസ് ബിനാലെ 2016 ഡിസംബർ 12 ന് ആരംഭിക്കും. 108 ദിവസം നീണ്ടു നിൽക്കുന്ന ബിനാലെയുടെ തീം ‘ഫോമിംഗ് ഇൻ ദ പ്യൂപ്പിൾ ഓഫ് ആൻ ഐ’ (ഉൾക്കാഴ്ചകളുരുവാകുന്നിടം) എന്നതായിരിക്കും. കലാകാരൻ സുദർശൻ ഷെട്ടി ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെ ചിത്ര, ശിൽപകലകളിൽ ഊന്നിയുള്ള പ്രദർശനങ്ങളോടൊപ്പം ഛായാഗ്രാഹണം, കവിത, സംഗീതം തുടങ്ങിയ മേഖലകളിലെ കലാകാരന്മാരും ബിനാലെയിൽ പങ്കെടുക്കുന്നുണ്ട്. കലയുടെ പ്രവര്‍ത്തനമേഖലയും ബൗദ്ധികതയും ചര്‍ച്ചചെയ്യുന്നതിനുപുറമെ, നിരവധി സാംസ്കാരിക പരിപാടികളിലൂടെ ജനങ്ങളെ നേരിട്ട് പങ്കാളികളാക്കുന്നതിനും ബിനാലെ മുൻകൈയ്യെടുക്കുന്നുണ്ട്.

ബിനാലെയിലെ പ്രഥമ ആര്‍ട്ടിസ്റ്റായി പ്രഖ്യാപിച്ചിട്ടുള്ളത് ചിലിയിലെ പ്രശസ്ത കവി റൗള്‍ സുറിറ്റയെയാണ്. വേദികളായി ആസ്പിന്‍വാള്‍ ഹൗസ്, ദര്‍ബാര്‍ ഹാള്‍, ഡേവിഡ് ഹാള്‍, പെപ്പര്‍ ഹാള്‍ എന്നിവ വീണ്ടും തെരഞ്ഞെടുത്തു. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ബംഗ്ലാവ്, വെയര്‍ഹൗസുകള്‍, ഓഫിസ് കെട്ടിടം എന്നിവ മേളയ്ക്കായി ഉപയോഗിക്കും. കൂടാതെ പെപ്പര്‍ ഹൗസിലെ പ്രദര്‍ശനവേദികള്‍, ആര്‍ട്ടിസ്റ്റ് റസിഡന്‍സി സ്റ്റുഡിയോകള്‍, ആര്‍ട്ട് വര്‍ക്‌ഷോപ്പുകള്‍ എന്നിവയും ബിനാലെയുടെ ഭാഗമാകും. പ്രദർശനങ്ങൾ കൂടാതെ, പ്രഭാഷണങ്ങൾ, സെമിനാറുകൾ, വിദ്യാർത്ഥി ബിനാലെ, കുട്ടികളുടെ കലാസൃഷ്ടി, പഠന കളരികൾ, ചലച്ചിത്ര പ്രദർശനം, സംഗീതപരിപാടി എന്നിങ്ങനെ ഒട്ടേറെ അനുബന്ധങ്ങളും ബിനാലെയിലുണ്ടാകും.

രാജ്യത്തെ പ്രമുഖ കലാവിദ്യാലയങ്ങളിലെ കലാ സൃഷ്ടികൾ പ്രദർശിപ്പിക്കും. എഴുത്തുകാരൻ ആനന്ദ് , പ്രമുഖ കാർട്ടുണിസ്റ് ഇ പി ഉണ്ണി എന്നിവരുടെ കലാസൃഷ്ടികളും ബിനാലെയ്ക്ക് മാറ്റ് കൂട്ടും.സി ഭാഗ്യനാഥ്‌ , ബാര ഭാസ്കരൻ , ടോണി ജോസഫ് , കെ ആർ സുനിൽ , പി കെ സദാനന്ദൻ , ടി വി സന്തോഷ് എന്നിവരാണ് ബിനാലെയിലെ മലയാളി സാന്നിധ്യം.ബിനാലെയുടെ വരവറിയിച്ച് ‘എന്റെ സ്വന്തം ബിനാലെ’ എന്ന പേരിൽ സംസ്ഥാനത്ത് പ്രചാരണ പരിപാടികൾ നടത്തുന്നുണ്ടെന്ന് ബിനാലെ ഫൌണ്ടേഷൻ സെക്രട്ടറി റിയാസ് കോമു അറിയിച്ചു.

Categories: LATEST EVENTS