കൊച്ചി മെട്രോയുടെ കരുത്തായി വനിതാ ജീവനക്കാരുടെ വൻ പ്രാതിനിധ്യം

girls-in-metroകൊച്ചി മെട്രോയുടെ കരുത്തായി വനിതാ ജീവനക്കാരുടെ വൻ പ്രാതിനിധ്യം. ട്രെയിൻ ഓപ്പറേറ്റർമാരായ ഏഴുപേരുൾപ്പെടെ 629 വനിതകളാണ്‌ കൊച്ചി മെട്രോ റയിൽ ലിമിറ്റഡിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്‌. ഇതിൽ 562 കുടുബശ്രീ പ്രവർത്തകരാണ്‌. സ്റ്റേഷൻ പരിപാലനം, ടിക്കറ്റ്‌ വിതരണം, കസ്റ്റമർ ഹെൽപ്പ്ലൈൻ തുടങ്ങിയ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നത്‌. കൂടാതെ ശുചീകരണം, പാർക്കിങ്‌ എന്നിവയും ഇവരുടെ കൈയ്യിൽ ഭദ്രമാണ്‌. മറ്റ്‌ മെട്രോകളിൽ നിന്ന്‌ നിരവധി കാര്യങ്ങളിൽ വ്യത്യസ്തമായ കൊച്ചി മെട്രോ സാങ്കേതികമായും ഏറെ മുന്നിലാണ്‌. ആകെ സർവീസ്‌ നടത്തുന്ന ആറ്‌ ട്രെയിനുകളിൽ രണ്ടെണ്ണം പൂർണ്ണമായും നിയന്ത്രിക്കുന്നത്‌ വനിതാ ട്രെയിൻ ഓപ്പറേറ്റർമാരാണ്‌. മൂന്നു കോച്ചുകൾ ഉള്ള ട്രെയിനിന്റെ രണ്ടറ്റത്തുമുള്ള കാബിനുകളിൽ ഇരുന്നാണ്‌ ട്രെയിനുകളെ നിയന്ത്രിക്കുന്നത്‌. കൂടാതെ മെട്രോയുമായി ബന്ധപ്പെട്ട എല്ലാമേഖലകളിലും വനിതാസാന്നിധ്യം ദൃശ്യമാണ്‌. ഇത്രയധികം വനിതകൾക്ക്‌ ജോലിനൽകിയതിലൂടെ കൊച്ചിമെട്രോ ഉദാത്ത മാതൃകയാവുകയാണ്‌.

ട്രെയിൻ ഓപ്പറേറ്റർമാരുൾപ്പെടെയുള്ള 67 വനിതാ ജീവനക്കാർ കെഎംആർഎല്ലിന്റെ ജീവനക്കാരാണ്‌. സർക്കാർ നിർദേശമനുസരിച്ച്‌ എറണാകുളം നഗരത്തിലെ കുടുംബശ്രീ പ്രവർത്തകരിൽ നിന്നും കെഎംആർഎല്ലും കുടുംബശ്രീമിഷനും നടത്തിയ തെരഞ്ഞെടുപ്പിലൂടെ ആറു മാസത്തെ കരാർ വ്യവസ്ഥയിലാണ്‌ കുടുംബശ്രീ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്‌. ശമ്പളത്തിനു പുറമെ പിഎഫ്‌, ഇഎസ്‌ഐ ആനുകൂല്യങ്ങളും ഇവർക്ക്‌ ലഭ്യമാകും. കൂടാതെ 22 ഭിന്നശേഷിക്കാർക്കും 23 ട്രാൻസ്ജെൻഡേഴ്സിനും മെട്രോയിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്‌.

Categories: HIGHLIGHTS

Related Articles