കേരളലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് മാറ്റുകൂട്ടാന്‍ ഞെരളത്ത് ഹരിഗോവിന്ദന്റെ കാവ്യാര്‍ച്ചനയും

hari

സോപാന സംഗീതരംഗത്തെ കുലപതി ഞരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ സാഹിത്യപ്രേമികളെ സോപാനസംഗീതത്തിന്റെയും കാവ്യത്തിന്റേയും ലോകത്തേക്ക് ആനയിക്കാന്‍ എത്തുന്നു. ലോകമെമ്പാടുമുള്ള എഴുത്തുകാരുടെയും വായനക്കാരുടെയും സാഹിത്യാസ്വാദകരുടെയും സംഗമവേദിയായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ’ രണ്ടാമത് പതിപ്പിലാണ് അദ്ദേഹം എത്തുന്നത്. ഫെബ്രുവരി 2 മുതല്‍ 5 വരെ കോഴിക്കോട് കടപ്പുറത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് സാഹിത്യസംഗമം നടക്കുന്നത്. സാഹിത്യത്തിന്റെ വിവിധമുഖങ്ങളെ പരിചയപ്പെടുത്തുന്ന വേദിയില്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിക്കുന്ന കാവ്യാര്‍ച്ചന എല്ലാവരുടെയും മനംകവരുമെന്നുറപ്പാണ്..!

ഞെരളത്ത് ഹരിഗോവിന്ദന് ഇണങ്ങുന്ന വിശേഷണങ്ങള്‍ നിരവധിയാണ്. സോപാന സംഗീതരംഗത്തെ കുലപതി ഞരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ എന്നതിനപ്പുറം അദ്ദേഹത്തിന് നന്നായി ഇണങ്ങുന്നത് സമാന്തരതയുടെ സംഗീതകാരന്‍ എന്ന വിശേഷണമായിരിക്കും. കേരളത്തിലുടനീളം സഞ്ചരിച്ച് തോളില്‍ കിടന്നിരുന്ന ഇടയ്ക്കക്കൊപ്പം സോപാനസംഗീതത്തെ തന്റെ ജീവിതം കൊണ്ടുതന്നെ അടയാളപ്പെടുത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്ര സോപാനത്തില്‍ നിന്നിരുന്ന സംഗീതത്തെ തന്നോടൊപ്പം കൂട്ടി. അച്ഛന്റെ സഞ്ചാരപഥങ്ങളില്‍ നിന്ന് നേടിയ സമാന്തരമായ വിദ്യാഭ്യാസവും ആ കരുത്തുമാണ്, ആരോടും വിയോജിക്കാനും തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയാനുമുള്ള നട്ടെല്ല് നേടാന്‍ ഹരിഗോവിന്ദനെ പ്രാപ്തനാക്കിയത്. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ്, ആരെയും പൊള്ളിക്കാന്‍ കഴിയുന്ന വാക്കിനൊപ്പം, തന്റെ പ്രതികരണത്തിന് കവിതയെയും സംഗീതത്തെയും ഹരിഗോവിന്ദന്‍ ആവോളം ഉപയോഗിച്ചിട്ടുണ്ട്. കവിയല്ലെങ്കിലും, സംഗീതത്തെ നെഞ്ചേറ്റുന്ന സംഗീതകാരനുമല്ല ഹരിഗോവിന്ദന്‍. എല്ലാ കാര്യത്തിലും ഒരു സമാന്തരത കൊണ്ട്, തന്നെ പുതുക്കിപ്പണിയുകയാണ് ഹരിഗോവിന്ദന്‍.

ഞെരളത്ത് ഹരിഗോവിന്ദന്‍ 1975 ജൂലൈ 3ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്താണ് ജനിച്ചത്. സുപ്രസിദ്ധ സോപാനഗായകന്‍ ഞെരളത്ത് രാമപ്പൊതുവാളാണ് പിതാവും ഗുരുവും. അമ്മ കൊല്ലീരി ലക്ഷ്മിക്കുട്ടിയമ്മ. 1996 ല്‍ പിതാവ് ദിവംഗദനായതിനു ശേഷം അദ്ദേഹം സോപാനസംഗീതാവതരണം തുടങ്ങി. 011 ജൂണ്‍ വരെ 3300ല്‍ പരം 3300ല്‍ പരം വേദികളില്‍ സോപാനസംഗീതമെന്ന കൊട്ടിപ്പാടിസേവ അവതരിപ്പിച്ചു കഴിഞ്ഞു.

ലോകപ്രസിദ്ധ ഡ്രംസ് മാന്ത്രികന്‍ ശിവമണി, വയലിന്‍ വിദഗ്ദ്ധന്‍ ബാലഭാസ്‌കര്‍, ഇടയ്ക്കാ മാന്ത്രികന്‍ സുബ്രഹ്മണ്യന്‍ പെരിങ്ങോട്, മിഴാവ് വാദകന്‍ കലാമണ്ഡലം രതീഷ് ഭാസ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ക്കൊപ്പം ഹരിഗോവിന്ദന്‍ തന്റെ സോപാന സംഗീതം അവതരിപ്പിച്ചു. യതിബാക്കി എന്ന കഥാസമാഹാരം, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘കേരളസംഗീതം കേട്ടതും കേള്‍ക്കേണ്ടതും’, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച’കേരളീയ വാദ്യകല’ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ് ഇദ്ദേഹം. പിതാവിന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയും കൈയെഴുത്തുപ്രതിയായി തയ്യാറാക്കിയിട്ടുണ്ട്. ആനുകാലിക കലാ പ്രശ്‌നങ്ങളെക്കുറിച്ച് ലേഖനങ്ങളെഴുതാറുണ്ട്. കേരളീയമായ സകല ഗ്രാമീണഗാനങ്ങളുടെയും ആകെത്തുകയാണ് ‘കേരളസംഗീതം’ എന്ന് സമര്‍ത്ഥിച്ചു. ‘മികച്ച മലയാളി’ ഉള്‍പ്പെടെ 14 വ്യത്യസ്ത അവാര്‍ഡുകള്‍ ഹരിഗോവിന്ദനു ലഭിച്ചു കഴിഞ്ഞു.