കഴക്കൂട്ടം അമ്പാടി ബാലഗോകുലത്തിലെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഒത്തു ചേരും. തലമുറകൾ കൈമാറി കിട്ടിയ ആചാരങ്ങളും വിശ്വാസങ്ങളും കൈമോശം വരാതെ തങ്ങളുടെ പ്രദേശത്തെ വീടുകളിൽ രാമായണ പാരായണം നടത്തുകയാണ് അവർ. സ്കൂൾ വിട്ടെത്തിയാലുടൻ ഈ കുരുന്നുകൾ രാമകഥയും രാമ ചിത്രവുമേന്തി വീടുകളിലേക്ക് തിരിക്കും.
ട്യൂഷനും മറ്റെല്ലാ കാര്യങ്ങൾക്കും ഒരു മാസത്തെ ഇടവേള. ഇനി കർക്കിടകം അവസാനിക്കുന്ന നാൾ വരെ നാവിൽ രാമമന്ത്രവും മനസ്സിൽ രാമരൂപവും മാത്രം. കളിയും ചിരിയുമായെത്തുന്ന ബാലഗോകുലത്തിന്റെ കുട്ടിക്കൂട്ടത്തെ ഇരുകയ്യും നീട്ടിയാണ് പ്രദേശവാസികൾ സ്വീകരിക്കുന്നത്. വീടുകളിലെത്തിയാൽ ആരും പറഞ്ഞു കൊടുക്കാതെ തന്നെ ചിട്ടവട്ടങ്ങളെല്ലാം പാലിച്ച് അവർ പാരായണം ആരംഭിക്കും. ബാലഗോകുലത്തിന്റെ ഈ കുട്ടികൾ വൈകുന്നേരങ്ങളിൽ വീട്ടിൽ രാമായണം വായിക്കാനെത്തുന്നതിൽ മുത്തശ്ശിമാർക്കും സന്തോഷം.