ഏപ്രില്‍ 29, 30, മെയ് 1 തീയതികളില്‍ ഖസാക്കിന്റെ ഇതിഹാസം കഥാഭൂമികയില്‍ അവതരിപ്പിക്കുന്നു

khasakk

കൂമന്‍കാവില്‍ ബസിറങ്ങിയപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. കൂമന്‍കാവില്‍ ബസിറിങ്ങിയപ്പോഴാണല്ലോ വെളുത്തമഴ ഇതിഹാസ ഭൂമിയെ പ്രണയിച്ചു തുടങ്ങിയത്. വെളിമ്പുറങ്ങളിലൂടെ.. ആമ്പല്‍ക്കുളങ്ങളിലൂടെ… ആ മഴ ഒലിച്ചിറങ്ങി. ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാവനാസമ്പന്നമായ വരികള്‍. ഈ വരികള്‍ ഒരു തവണയെങ്കിലും ഏറ്റു ചൊല്ലാത്ത നോവല്‍ പ്രേമികള്‍ ഭൂമി മലയാളത്തില്‍ ഉണ്ടാകില്ല. കാലം കടന്നുപോയി. ഇതിഹാസഭൂമിയില്‍ ഇപ്പോള്‍ കാലവര്‍ഷത്തിന്റെ വെളുത്തമഴ പെയ്യാറില്ല, കാലാന്തരങ്ങളിലും വെളുത്തമഴ പെയ്തിട്ടില്ല. ഊട്ടുപുലായ്ക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി. വിജയന്‍ രവിയായി തണ്ണീര്‍പന്തലില്‍ (കൂമന്‍കാവ്) ബസിറങ്ങിയപ്പോള്‍ മാത്രമാണ് വെളുത്തമഴ പെയ്തിട്ടുളളത്.

പാലക്കാട്ടെ കൊടുമ്പ് പഞ്ചായത്തിലെ ഇപ്പോഴും പരിഷ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത തസ്രാക്കിനെകുറിച്ചും അവിടുത്തെ ആളുകളെക്കുറിച്ചുമാണ് ഒ.വി. വിജയന്‍ ഖസാക്കിന്റെ ഇതിഹാസം രചിച്ചത്. ഈ തസ്രാക്കാണ് നോവല്‍ ഭാഷയില്‍ ഖസാക്കായി പരിണമിക്കപ്പെട്ടത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം കഥാഭൂമികയില്‍ തന്നെ ഖസാക്കിന്റെ ഇതിഹാസം അവതരിപ്പിക്കപ്പെടുകയാണ്. നാം അക്ഷരങ്ങളില്‍ വായിച്ചറിഞ്ഞ കഥാപാത്രങ്ങള്‍ സ്വന്തം നട്ടില്‍ പുനര്‍ജ്ജനിക്കുകയാണ് ദീപന്‍ ശിവരാമന്‍ സംവിധാനംചെയ്ത നാടകത്തിലൂടെ…!

ഏപ്രില്‍ 29, 30, മെയ് 1 തിയതികളിലായി തസ്രാക്കിലെ ഞാറ്റുപുരക്ക് സമീപമാണ് നാടകം അരങ്ങേറുക. പാലക്കാട് ഗവ: പോളിടെക്‌നിക്കില്‍ രൂപമെടുത്ത ഗ്രാമ്യയുടെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമിയുടെയും ഒ.വി. വിജയന്‍ സ്മാരക സമിതിയുടെയും സഹകരണത്തോടെയാണ് നാടകം അവതരിപ്പിക്കുന്നത്. തൃക്കരിപ്പൂര്‍ കെ.എം.കെ. കലാസമിതിയാണ് നാടകം അവതരിപ്പിക്കുന്നത്.

ഖസാക്കിന്റെ ഇതിഹാസം വായിച്ച നിരവധി പേരാണ് ഇപ്പോഴും തസ്രാക്കിലെത്തുന്നത്. നോവലിലൂടെ പരിചയപ്പെട്ട നിരവധിയിടങ്ങള്‍ വലിയ മാറ്റമൊന്നുമില്ലാതെ തസ്രാക്ക് അവരെ സ്വാഗതം ചെയ്യുന്നു. പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍, പാടവരമ്പിന് അഴകായി നിരനിരയായി സ്ഥാനം പിടിച്ചിരിക്കുന്ന തെങ്ങിന്‍ക്കൂട്ടങ്ങള്‍, അതിനൊപ്പം തലയുയര്‍ത്തി ചാഞ്ചാടുന്ന കരിമ്പനക്കൂട്ടങ്ങള്‍. തസ്രാക്കിന്റെ കാഴ്ചകള്‍ വര്‍ണാതീതമാണ്. ഈ കാഴ്ചാസൗകുമാര്യത്തിനൊപ്പം നന്മമാത്രം വിളമ്പുന്ന നാട്ടുമ്പുറത്തുകാരായ ആളുകള്‍. ഇതിഹാസത്തെക്കുറിച്ചും ഒ.വി. വിജയനെക്കുറിച്ചും പറയാന്‍ ഇവര്‍ക്കിപ്പോഴും നൂറുനാവാണ്. ഇതിഹാസ രചനക്കായി ഒ.വി. വിജയന്‍ തസ്രാക്കിലെത്തിയത് ഇന്നലെ കഴിഞ്ഞതുപോലെയാണ്, അവിടുത്തെ പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നത്. തങ്ങളുടെ കുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കിയതിന്റെ നന്ദി എപ്പോഴും ഇവരുടെ മനസിലുണ്ട്. ആ ഇതിഹാസനോവല്‍ നാടകമായി കാണാനുള്ള തിടുക്കത്തിലും ആവേശത്തിലുമാണ് ഇവിടുത്തുകാര്‍…!

Categories: LATEST EVENTS