‘ഖസാക്കിന്റെ ഇതിഹാസം’ നാടകത്തിന് ഇന്ന് കൊച്ചിയിൽ തിരശീല ഉയരും

 

khasak

മലയാളിയെ മോഹിപ്പിച്ച അക്ഷരങ്ങൾ നിറഞ്ഞ നോവൽ ഖസാക്കിന്റെ ഇതിഹാസം ഇന്ന് കൊച്ചിയിൽ അരങ്ങേറും . രവിയും മൈമൂനയും നൈസാമലിയും അപ്പുക്കിളിയും അള്ളാപ്പിച്ചാ മൊല്ലാക്കയുമെല്ലാം മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങളാണ്. ഒ.വി. വിജയന്‍റെ തൂലികയിൽ പിറന്ന ഖസാക്കിന്‍റെ ഇതിഹാസം എന്ന നോവലിന്‍റെ നാടകാവിഷ്ക്കാരത്തിലൂടെ രവിയും നൈസാമലിയും മൈമൂനയുമൊക്കെ പുനർജനിച്ചിരിക്കുന്നു.തൃക്കരിപ്പൂർ ഗ്രാമത്തിലെ ആൽമരച്ചോട്ടിൽ പിറവിയെടുത്ത ആ നാടകം ഇന്ന് മെട്രോ നഗരമായ കൊച്ചിയിലേക്കെത്തിയിരിക്കുന്നു.

നാടകത്തിന്‍റെ സംവിധായകൻ ദീപൻ ശിവരാമൻ ഖസാക്കിന്‍റെ ഇതിഹാസത്തെക്കുറിച്ച്

ഖസാക്കിന്‍റെ ഇതിഹാസത്തിന്റെ കാവ്യഭംഗിയും സുന്ദരമായ പ്രകൃതിയും പ്രേതാത്മാക്കളുമൊക്കയും ആകർഷിക്കുന്നതാണ്. ഖസാക്കിന്‍റെ നാടകാവിഷ്ക്കാരത്തിന് മാസങ്ങളെടുത്തു. തൃക്കരിപ്പൂരിലെ പെയ്ന്‍റിങ് തൊഴിലാളിയും ഹെൽത്ത് ഇൻസ്പെക്റ്ററും ഡോക്റ്ററും കർഷകനും ഓട്ടൊറിക്ഷ ഡ്രൈവറുമൊക്കെയാണ് നാടകത്തിൽ കഥാപാത്രങ്ങളാകുന്നത്. ഇവരൊന്നും ഏതെങ്കിലും നാടകസ്ഥാപനങ്ങളിൽ നിന്നു പഠിച്ചിറങ്ങിയവരൊന്നുമല്ലെങ്കിലും നാടകബോധമുള്ളവരാണ്.

വർഷങ്ങളായി തെയ്യം കളിക്കുന്ന ആൽപ്പറമ്പിലാണ് നാടകം അരങ്ങേറുന്നത്. റിഹേഴ്സലും ഈ ആൽമരച്ചോട്ടിലായിരുന്നു. വലിയ മൂന്ന് ആൽമരങ്ങൾ കൂട ചൂടി നിൽക്കുന്ന പറമ്പിൽ നാടകം പരിശീലിക്കുമ്പോൾ ചുറ്റും വലിയ ആൾക്കൂട്ടമായിരിക്കും. അഭിനയിക്കുന്നവരുടെ വീട്ടുകാരും കൂട്ടുകാരുമൊക്കെയാണത്. പാതിരാനേരം പിന്നിട്ടാലും ആകാംക്ഷയോടെയാണ് പലരും നോക്കിയിരിക്കുന്നത്. പിന്നീട് തൃശൂരിലാണ് അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തും കൊടുങ്ങല്ലൂരിലും ബെംഗളുരൂവിലുമൊക്കെ നാടകത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. തിങ്ങിനിറഞ്ഞ സദസ്… ഇമ തെറ്റാതെ മൂന്നു മണിക്കൂർ നേരം കണ്ടിരുന്നു.

1

ഏറെ വായിച്ചും ചർച്ചകൾ ചെയ്തും പരിചിതമായ ഖസാക്കിന്‍റെ ഇതിഹാസം നാടകമാക്കുമ്പോൾ ഏതു നാടകം ചെയ്യുമ്പോഴുമുണ്ടാകുന്ന വെല്ലുവിളി മാത്രമേയുണ്ടായുള്ളൂ. വർഷങ്ങൾക്ക് മുൻപ് ഞാൻ വായിച്ച നോവലാണിത്. നാടമാക്കുന്നതിന് വേണ്ട ഗവേഷണങ്ങളൊക്കെ നടത്തിയിരുന്നു. പലതവണ തസ്രാക്കിൽ പോയിട്ടുണ്ട്. നാടകത്തിൽ അഭിനയിക്കുന്നവർക്കൊപ്പവും തസ്രാക്കിലെ ഞാറ്റുപുരയും അറബിക്കുളവും പള്ളിയുമൊക്കെ പോയി കണ്ടു. അതൊരു വലിയ അനുഭവമായിരുന്നു. നാടകത്തിൽ രവിയല്ല നായകൻ… അല്ലെങ്കിൽ എല്ലാവർക്കും തുല്യപ്രധാന്യമാണ് നൽകിയിരിക്കുന്നതെന്നു പറയാം. രവിയായി അഭിനയിക്കുന്നത് സുനിലാണ്. മൈനൂനയുടെ വേഷത്തിലെത്തുന്നത് ഡോ. താരിമയും. രാജീവൻ വെള്ളൂർ നൈസാമലിയായും സുധീർ അള്ളാപ്പിച്ച മൊല്ലാക്കയായുമൊക്കെ അഭിനയിക്കുന്നു. ഏതാണ്ട് അറുപതോളം കലാകാരൻമാർ ഒരുമിക്കുന്നുണ്ട്.

തൃശൂരിലെ സ്കൂൾ ഒഫ് ഡ്രാമയിൽ നിന്നു തിയെറ്റർ ഡ്രാമ, പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ നിന്നു എംഎ തിയെറ്റർ, മഹാത്മഗാന്ധി യൂനിവേഴ്സിറ്റിയിൽ നിന്നു സ്കൂൾ ഒഫ് ലെറ്റേർസിൽ എംഫിലും പൂർത്തിയാക്കിയാണ് ദീപൻ  ലണ്ടനിലേക്ക് പോകുന്നത്. ഏതാണ്ട് പത്തുവർഷക്കാലം ലണ്ടനിലായിരുന്നു. നാടകത്തിന്‍റെ ദൃശ്യഭാഷയുമായി ബന്ധപ്പെട്ട് എംഎയെടുക്കുന്നത് അന്നാളിലാണ്.കുറേ യാത്രകൾ ചെയ്തു… നാടകം കാണുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തു,  ദീപൻ പറയുന്നു. ഡൽഹിയിലെ അംബേദ്ക്കർ യൂനിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നുമുണ്ട് ദീപൻ. പോളണ്ടുകാരിയായ അനേറ്റയാണ് ഭാര്യ. ഡൽഹിയിലെ പോളിഷ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കൾച്ചറൽ പ്രോഗാം സ്പെഷ്യലിസ്റ്റ് അനേറ്റ.

ഇന്ന് മുതൽ ഞായർ വരെയാണ് കൊച്ചിയിൽ നാടകം അരങ്ങേറുന്നത്. തേവരയിലെ സേക്രഡ് ഹാർട്ട് കോളെജിലെ ഗ്രൗണ്ടാണ് വേദി. കായലിന്‍റെ അരികത്ത് മനോഹരമായ ഗ്രൗണ്ടിൽ കായലിനോട് അഭിമുഖമായാണ് വേദിയൊരുക്കിയിരിക്കുന്നത് ഓപ്പൺ എയറിലാണ് നാടകം. 29, 30 തിയതികളിലായി പലക്കാട് നാടകം അരങ്ങേറും. വിജയന്‍റെ കോളെജായ വിക്റ്റോറിയയിൽ.

Categories: LATEST NEWS

Related Articles