പി കേശവദേവിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം

P.-keshavadev

ചില സാഹിത്യകാരന്മാര്‍ പറയുന്നു, വായനക്കാരെ വിനോദിപ്പിക്കുവാന്‍ വേണ്ടിയാണ് അവര്‍ എഴുതുന്നതെന്ന്. വിനോദിപ്പിക്കുന്ന ജോലി എനിക്കുള്ളതല്ല. അത് ബഫൂണ്‍മാര്‍ക്കുള്ളതാണ്. അവര്‍ ആ ജോലി നിര്‍വഹിച്ചുകൊള്ളട്ടെ. മറ്റു ചില സാഹിത്യകാരന്മാര്‍ പറയുന്നു, തത്ത്വസംഹിതകള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടിയാണ് അവര്‍ എഴുതുന്നതെന്ന്. ഞാന്‍ ഒരു തത്ത്വസംഹിതയുടെയും പ്രചാരകനല്ല. നിത്യപ്പച്ചയായ ജീവിതവൃക്ഷത്തില്‍ ഓരോ കാലഘട്ടത്തില്‍ ഉണ്ടാകുന്ന കായകളാണ് തത്ത്വശാസ്ത്രങ്ങളെന്നും അവയെല്ലാം പഴുത്തു കൊഴിഞ്ഞുപോകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പിന്നെ ചില സാഹിത്യകാരന്മാര്‍ പറയുന്നു, ഭാഷയോടും സാഹിത്യത്തോടും എന്തെങ്കിലും കടമയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ കടമകള്‍ നിറവേറ്റുവാനുള്ള മാര്‍ഗങ്ങളിലൊന്ന് എഴുതുകയാണ്. അതുകൊണ്ട് ഞാന്‍ എഴുതുന്നു. സാഹിത്യം എനിക്കൊരു പ്രശ്‌നമല്ല. ജീവിതമാണെന്റെ പ്രശ്‌നം.പി. കേശവദേവ്.

അധികാരി വർഗത്തെ എതിർക്കുന്ന ആശയങ്ങൾക്ക് keshavadevപ്രചാരണം നൽകിയ മനുഷ്യ സ്നേഹിയായ ഒരു കഥാകാരൻ കൂടിയായിരുന്നു പി. കേശവദേവ്. അന്നത്തെ നാടകം, ദീനാമ്മ, ഭാവി വരൻ , ജീവിത ചക്രം, തുടങ്ങിയ കഥകൾ വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രങ്ങളാണ്. പി കേശവദേവിന്റെ ഏറ്റവും മികച്ച കൃതികളുടെ സമാഹാരം ‘കേശവദേവിന്റെ കഥകൾ‘ എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ ഡി സി ബുക്സ് പുറത്തിറക്കിയിരിക്കുന്നത്.

പി കേശവദേവിന്റെ കഥ ദീനാമ്മയിൽ നിന്നൊരു ഭാഗം.

”കൊക്കുപോലുള്ള കണ്ഠവുമൊട്ടിയ
മൂക്കു , മർദ്ധനിമീലിതനേത്രങ്ങൾ,
ആനച്ചുണ്ടുകണക്കെയധരങ്ങൾ
മാനിനീമണി ദീനാമ്മയല്ലോ ..”

കറുത്ത മുഖവും ഉണ്ടക്കണ്ണുകളും തടിച്ച ശരീരവുമുള്ള ദീനാമ്മ.കണ്ടാല്‍ ആര്‍ക്കും ഇഷ്ടപ്പെടാത്ത ദീനാമ്മ. ജീവിതത്തില്‍ എപ്പോഴും ശകാരം മാത്രമേ ദീനാമ്മ കേട്ടിട്ടുള്ളൂ.ഒരു ദിവസം പോലും ദീനാമ്മ കരയാതെയിരുന്നിട്ടില്ല.വെളൂത്ത് സുന്ദരിയായ അനുജത്തിക്ക് കറൂമ്പിയായ ദീനാമ്മയെ ഇഷ്ടമില്ല.എപ്പോഴും അവള്‍ ചേച്ചിയെ കളിയാക്കും.ദീനാമ്മക്ക് ഒരുപാട് വിവാഹാലോചനകള്‍ വന്നു.പക്ഷേ അവളെ ആര്‍ക്കും ഇഷ്ടപ്പെട്ടില്ല.എല്ലാവര്‍ക്കും അനുജത്തിയെയാണ് ഇഷ്ടപ്പെട്ടത്.ആദ്യമൊക്കെ ദീനാമ്മക്ക് വിഷമമുണ്ടായെങ്കിലും പിന്നെ അവള്‍ക്കതൊരു കാര്യമല്ലാതെയായി.

അങ്ങനെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അനുജത്തിക്ക് വിവാഹമായി.പക്ഷേ ദീനാമ്മയ്ക്ക് അതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.തനിക്കൊരു വിവാഹജീവിതം ഉണ്ടാകുമെന്ന പ്രതീക്ഷ ദീനാമ്മക്കില്ലായിരുന്നു.പക്ഷേ അവളുടെ ജീവിതത്തിലേക്കും ഒരാള്‍ കടന്നുവന്നു.അങ്ങനെ ദീനാമ്മയും ഒരാളുടെ ജീവിതസഖിയായി.
പക്ഷേ അവിടെയും അവള്‍ തനിച്ചായിരുന്നു.അയാള്‍ വര്‍ണ്ണങ്ങുടെയും ചിത്രങ്ങളുടെയും ലോകത്തായിരുന്നു.അയാള്‍ ദീനാമ്മയോട് സംസാരിക്കുകപോലുമില്ല.പക്ഷേ അവള്‍ക്കതില്‍ പരിഭവവുമില്ലായിരുന്നു.

ഒരു ദിവസം അവള്‍ക്ക് മനസ്സിലായി അയാളുടെ മനസ്സില്‍ താനുണ്ടെന്ന്.വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് അയാള്‍ വരച്ചത് ദീനാമ്മയുടെ ചിത്രമായിരുന്നു.

ദീനാമ്മ ഉൾപ്പെടെ 38 കഥകളുടെ സമാഹാരമാണ്  കേശവദേവിന്റെ കഥകൾ. കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി. കേശവദേവ്. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ 1904 ലാണ് അദ്ദേഹം ജനിച്ചത്. പ്രൈമറി വിദ്യാലയത്തില്‍ തന്നെ പഠനം അവസാനിപ്പിച്ച അദ്ദേഹം സ്ഥിരപ്രയത്‌നം കൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലും അറിവ് നേടി. 1930കളില്‍ മലയാള കഥാസാഹിത്യത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നല്കി. എണ്‍പതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ഓടയില്‍ നിന്ന് ആണ്. ഭ്രാന്താലയം, റൗഡി, കണ്ണാടി, സ്വപ്‌നം, എനിക്കും ജീവിക്കണം, ഞൊണ്ടിയുടെ കഥ, ആദ്യത്തെ കഥ, എങ്ങോട്ട് എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. 1983 ജൂലൈ ഒന്നിന് അന്തരിച്ചു. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങൾ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്തു കേശവദേവ്.

Categories: Editors' Picks, LITERATURE