കേസരി സ്മാരക ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം ഏപ്രില്‍ 9 മുതല്‍

sahithyolsavam

കേസരി എ ബാലകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന പറവൂര്‍ മാടവന പറമ്പിലെ മുസരീസ് കേസരി സ്മാരകത്തില്‍ ഏപ്രില്‍ 9 മുതല്‍ 11 വരെ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.സാംസ്‌കാരികോത്സവം, നൃത്തസന്ധ്യ, സംഗീതസായാഹ്നം, സെമിനാര്‍ തുടങ്ങി വിവിധ പരിപാടികളാണ് സാഹിത്യോത്സവത്തോടനുബന്ധിച്ച് നടത്തുന്നത്. വായിച്ച് വല്ലാതെ ഇഷ്ടപ്പെട്ട എഴുത്തുകാരെ നേരില്‍ കാണാനുള്ള അവസരവും സാഹിത്യോത്സവത്തിലൂടെ സാക്ഷാത്കരിക്കാവുന്നതാണ്. മൂന്നുദിവസങ്ങളിലായി പത്തുസഷനിലൂടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്പതോളം പ്രശസ്തരായ എഴുത്തുകാരാണ് സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നത്.

ഏപ്രില്‍ 9ന് രാവിലെ 9.30ന് കേസരി അന്ത്യവിശ്രമം കൊള്ളുന്ന മാടവനപറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സാറാജോസഫ്, കെ ജയകുമാര്‍, സേതു, വി സി സതീശന്‍ എംഎല്‍എ, എസ് ശര്‍മ്മ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് 11.30 മുതല്‍ 1.30 വരെ ‘കേസരിയുടെ സാഹിത്യജീവിതത്തെ‘ ആസ്പതമാക്കിയുള്ള സെമിനാര്‍. ഡോ എ ലീലാവതി (സാഹിത്യം)ബി ആര്‍ പി ഭാസ്‌കര്‍,(പത്രപ്രവര്‍ത്തനം) എം വി നാരായണന്‍(കല) എന്നിവര്‍ പങ്കെടുക്കും. ചരിത്രകാരനായ സുനില്‍ പി ഇളയിടം മോഡറേറ്റ് ചെയ്യും. ഉച്ചയ്ക്ക് 2 മുതല്‍ ആലങ്കോട് ലീലാകൃഷ്ണന്‍, റഫീക്ക് അഹമ്മദ്, അന്‍വര്‍ റഷീദ്, വി എം ഗിരിജ, പി എന്‍ ഗോപീകൃഷ്ണന്‍, സെബാസ്റ്റ്യന്‍, കെ ആര്‍ ടോണി, മനോജ് കുറൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ‘കവിസമ്മേളനം’.

രണ്ടാം ദിവസമായ ഏപ്രില്‍ 10 ന് രാവിലെ ‘സാഹിത്യത്തിന്റെ സമകാലിക‘ എന്ന വിഷയം ചര്‍ച്ചചെയ്യും. എം സാനു, തമിഴ് സാഹിത്യകാരി സല്‍മ, സാഹിത്യകാരന്‍ ചോ ധര്‍മ്മന്‍, കന്നഡ എഴുത്തുകാരന്‍ വിവേക് ഷന്‍ബാഗ് എല്‍ ആര്‍ സ്വാമി, കെ എസ് വെങ്കിടാചലം എന്നിവര്‍ പങ്കെടുക്കും. 11.30 മതല്‍ പുതുകാല നോവല്‍ പുതുകാല കഥ എന്ന വിഷയം കെ വി മോഹന്‍കുമാര്‍, ജോര്‍ജ് ജോസഫ്, പി എഫ് മാത്യുസ്, തോമസ് ജോസഫ്, രാജീവ് ശിവശങ്കര്‍, സോക്രട്ടീസ് വാലത്ത് എന്നിവര്‍ ചര്‍ച്ചചെയ്യും. തുടര്‍ന്ന് 2.30 മുതല്‍ കലയും ആവിഷ്‌കാരസ്വാതന്ത്ര്യവും ചര്‍ച്ച. എഴുത്തുകാരുടെ മാഗ്നകാര്‍ട്ട എന്ന് വിശേഷിപ്പിക്കാവുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള അന്വേഷണം. സക്കറിയ, എം എന്‍ കാരശ്ശേരി, എം ജി രാധാകൃഷ്ണന്‍, ടി ഡി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. എന്‍ എം പിയേഴ്‌സണ്‍ മോഡറേറ്റ് ചെയ്യും.

മൂന്നാം ജിവസമായ ഏപ്രില്‍ 11ന് മൗലീകാന്വേഷണങ്ങളുടെ ജാലകം തുറക്കുന്ന പാരമ്പര്യവും മതനിരപേക്ഷതയും ചര്‍ച്ചചെയ്യും. എന്‍ എസ് മാധവന്‍, കമല്‍, കെ വേണു, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ച കെ പി രാമനുണ്ണി മോഡറേറ്റ് ചെയ്യും. തുടര്‍ന്ന് 11.30 മുതല്‍ ദക്ഷിണേന്ത്യന്‍ സാഹിത്യം ഇന്ന് എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. കൊങ്കണി എഴുത്തുകാര്‍ രാമോദര്‍ മൗസോ, ആര്‍ എസ് ഭാസ്‌കര്‍, തെലുങ്ക് എഴുത്തുകാരന്‍ ശിവ റെഡ്ഡി, കന്നഡ സാഹിത്യകാരന്‍ കെ സത്യനാരായണ എന്നിവര്‍ പങ്കെടുക്കും. പി പി രവീന്ദ്രന്‍ മോഡറേറ്ററാകും. തമിഴ്, കന്നഡ, തെലുങ്ക് കൊങ്കിണി ഭാഷകളില്‍ ശക്തമായ മനുഷ്യാനുഭാവങ്ങള്‍ ചിത്രീകരിക്കപ്പെടുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യും. 2.30 മുതല്‍ 4 വരെ പറവൂരിന്റെ പൈതൃകം– സെമിനാര്‍.ഗീത സുരാജ്, പൂയപ്പള്ളി തങ്കപ്പന്‍, ബോണി തോമസ് എന്നിവര്‍ പങ്കെടുക്കും. 4 .30 മുതല്‍ സമാപന സമ്മേളനം. സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനം ചെയ്യും.

പങ്കെടുക്കാന്‍ താപര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനു മുമ്പ് പേരു രജിസ്റ്റര്‍ ചെയ്യണം
വിവരങ്ങള്‍ക്ക് -9447159374, 9745304939..