തോമസ് ജേക്കബിന് സ്വദേശാഭിമാനി കേസരി പുരസ്‌കാരം

thomas-jസംസ്ഥാന സര്‍ക്കാരിന്റെ 2015ലെ സ്വദേശാഭിമാനി-കേസരി അവാര്‍ഡ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ തോമസ് ജേക്കബിന്. മാധ്യമമേഖലയ്ക്ക് നല്‍കിയ  സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനും എഴുത്തുകാരനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ. ഡി. ബാബുപോൾ, പത്രപ്രവർത്തകരായ എസ്.ആർ. ശക്‌തിധരൻ, എം.ജി. രാധാകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ അവാർഡ് നിർണയ സമിതിയാണ് ജേതാവിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. ആറാമത്തെ സ്വദേശാഭിമാനി–കേസരി അവാർഡാണ് ഇത്. ടി. വേണുഗോപാലൻ, ശശികുമാർ, ബി.ആർ.പി. ഭാസ്കർ, വി.പി. രാമചന്ദ്രൻ, കെ.എം. റോയി എന്നിവർക്കാണ് മുമ്പ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

അര നൂറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സജീവമായി തുടരുന്ന തോമസ് ജേക്കബ് മലയാള പത്രപ്രവർത്തനത്തിന്റെ പുരോഗതിക്കു നൽകിയ സംഭാവന വിലയേറിയതാണെന്നും മേഖലയെ അന്തർദേശീയ നിലവാരത്തിലെത്തിച്ചവരിൽ പ്രമുഖനാണെന്നും സമിതി വിലയിരുത്തി.

പത്രപ്രവര്‍ത്തന രംഗത്ത് 56 വര്‍ഷം തികയുന്ന തോമസ് ജേക്കബ് ലോകത്തിലെ സീനിയര്‍പത്രപ്രവര്‍ത്തകര്‍ക്കായി തോംസണ്‍ ഫൗണ്ടേഷന്‍ ബ്രിട്ടനില്‍ നടത്തിയ പരിശീലന കോഴ്‌സില്‍ 1969ല്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ്. എന്‍ വി പൈലി പ്രൈസ്, കെ വിജയരാഘവന്‍ പുരസ്‌കാരം, കെ വി ദാനിയേല്‍ പുരസ്‌കാരം, സി.എച്ച്. മുഹമ്മദ് കോയ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കഥക്കൂട്ട്, കഥാവശേഷർ, പത്രപ്രവർത്തകൻ ടി. വേണുഗോപാലുമായി ചേർന്ന് പ്രാദേശികപത്രപ്രവർത്തകർക്കായി നാട്ടുവിശേഷം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Categories: AWARDS