DCBOOKS
Malayalam News Literature Website

കേരളത്തിലെ പക്ഷിവൈവിധ്യം-ഒരാമുഖം

 

കേരളത്തിലെ പക്ഷി വൈവിധ്യം നമ്മെ വിസ്മയിപ്പിക്കുന്നതാണ്. നമ്മുടെ നാട്ടിലെ ആവാസവ്യവസ്ഥകളില്‍ കണ്ടുവരുന്ന പക്ഷികളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകമാണ് കേരളത്തിലെ പക്ഷികള്‍. വിവിധയിനം പക്ഷികള്‍, അവയുടെ വര്‍ണ്ണവ്യത്യാസങ്ങള്‍, ആവാസവ്യവസ്ഥിതി, പ്രജനനം, തുടങ്ങിയ വിവരങ്ങളടങ്ങുന്നതാണ് അദ്ധ്യാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ രാജു എസ് തയ്യാറാക്കിയ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം. പക്ഷികളെ കുറിച്ച് പഠനം നടത്തുന്നവര്‍ക്കും, സാധാരണക്കാര്‍ക്കും ഒരേപോലെ മനസ്സിലാക്കുവാന്‍ ലളിതമായ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന റഫറന്‍സ് ഗ്രന്ഥമാണിത്.

പുസ്തകത്തില്‍ നിന്നും…

വൈവിദ്ധ്യപൂര്‍ണ്ണമായ കാലാവസ്ഥയും സസ്യലതാദികളും കേരളത്തിനു സമ്മാനിച്ചത് വളരെ വൈവിദ്ധ്യമാര്‍ന്ന ഒരു പക്ഷിസമൂഹം കൂടിയാണ്. ഇത്രയും ചെറിയ ഒരു ഭൂവിഭാഗത്തില്‍ 500-ലധികം പക്ഷിജാതികളെ കാണാനാവുകയെന്നത് വിസ്മയാവഹംതന്നെയാണ്. ഭൂമിയിലെ ഉയരത്തിലുള്ള വ്യത്യാസങ്ങള്‍ സസ്യലതാദികളിലെ വൈവിദ്ധ്യത്തെയും അതുവഴി പക്ഷിസമൂഹങ്ങളിലെ വൈവിദ്ധ്യത്തെയും സ്വാധീനിച്ചു. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചരിവിലാണ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും. ഇവിടത്തെ പക്ഷിസമൂഹത്തിന്റെ ഘടന, തികച്ചും വ്യത്യസ്തമായ ആവാസവ്യസ്ഥകളുമായി ഇഴചേര്‍ന്നു കിടക്കുന്നു. പക്ഷേ, കേരളത്തിനു പുറത്തുള്ള സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യയില്‍ വളരെ സാധാരണയായി കാണപ്പെടുന്ന പല പക്ഷികളും കേരളത്തില്‍ അപൂര്‍വ്വമാണ് (ഉദാ: – Eurasian Collared Dove). അതുപോലെ കേരളത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന പല പക്ഷികളും പശ്ചിമഘട്ടത്തിനു പുറത്ത് താരതമ്യേന അപൂര്‍വ്വമാണ്. ഉദാ: White Cheeked Barbet (ചിന്നക്കുട്ടുറുവന്‍). ഒരര്‍ത്ഥത്തില്‍ കേരളത്തിലെ പക്ഷിസമൂഹം മറ്റുപ്രദേശങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു.

ഉഷ്ണമേഖലയിലെ നിത്യഹരിത പ്രദേശത്താണ് കേരളം സ്ഥിതിചെയ്യുന്നത്. മറ്റു പ്രദേശങ്ങളിലെ സമാനമായ നിത്യഹരിത വനങ്ങളിലെ പക്ഷിവൈവിദ്ധ്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളത്തിലെ ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളിലെ പക്ഷിവൈവിദ്ധ്യം താരതമ്യേന കുറവാണ്. ഉദാഹരണത്തിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലുള്ളതിന്റെ 3 ഇരട്ടി പക്ഷിജാതികളുണ്ട്. കേരള സംസ്ഥാനത്തിനകത്തുതന്നെ, പല സാധാരണ പക്ഷികളെയും കാട്ടുപക്ഷികളെയും യഥേഷ്ടം കാണാന്‍കഴിയുന്ന ആര്‍ദ്ര ഇലപൊഴിയും കാടുകളിലാണ്, നിത്യഹരിതവനങ്ങളിലെക്കാള്‍ പക്ഷിവൈവിദ്ധ്യം കൂടുതല്‍. ഇതിനൊരു പ്രധാന കാരണം, വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളില്‍നിന്ന് പശ്ചിമഘട്ടം ഒറ്റപ്പെട്ടുനില്‍ക്കുന്നുവെന്നതാണ്. ഇവയ്ക്കിടയിലെ വലിയൊരു ഭൂവിഭാഗം–നിത്യഹരിതവനങ്ങ ളിലെ പക്ഷികള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമല്ലാത്തതാണുതാനും. ഈ തുടര്‍ച്ചയില്ലായ്മ, സ്ഥലത്തിന്റെ ഒറ്റപ്പെടല്‍ എന്നിവ കാരണം കേരളത്തില്‍ പശ്ചിമഘട്ടമലനിരകളില്‍ തനതുപക്ഷികളുടെ (Endemic birds) എണ്ണം കൂടുതലായി കാണുന്നു. ഇന്ത്യയിലെ മറ്റു നിത്യഹരിത വനപ്രദേശങ്ങളില്‍ തനതു പക്ഷികള്‍ കുറവാണ്. കരയില്‍നിന്ന് വളരെ അകന്നുകിടക്കുന്ന ദ്വീപുകളിലും ഇതുപോലെ ഏറ്റവും അടുത്ത കരപ്രദേശങ്ങളിലെക്കാള്‍ കുറഞ്ഞ ജൈവവൈവിദ്ധ്യമായിരിക്കും. പക്ഷേ, അവിടെ തനതു പക്ഷികളുടെ എണ്ണം കൂടുതലായിരിക്കും.

സ്വാഭാവികമായ എല്ലാ ഇടനാടന്‍, തീരപ്രദേശ ആവാസവ്യവസ്ഥകളും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചില മലമ്പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടങ്ങളിലെല്ലാംതന്നെ പക്ഷിസമൂഹങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി മാറ്റത്തിന്റെ പാതയിലാണ്. വൈവിദ്ധ്യമാര്‍ന്ന നമ്മുടെ തനതു സസ്യലതാദികളുടെയും മരങ്ങളുടെയും നാശത്തോടൊപ്പം പുതിയ സസ്യങ്ങളും കളകളും മരങ്ങളും ആവാസ വ്യവസ്ഥ കയ്യടക്കുകയും സ്വാഭാവിക വനങ്ങള്‍ക്കു പകരം ഏകവിളത്തോട്ടങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരത്തിനനുസരിച്ച് പക്ഷിസമൂഹങ്ങളില്‍ വലിയ വ്യത്യാസം ഇന്ന് പ്രകടമല്ല. ചില പ്രത്യേക ആവാസവ്യവസ്ഥകളില്‍ മാത്രം കണ്ടുവന്നിരുന്ന പല പക്ഷികളും ഇന്ന് അപ്രത്യക്ഷമാവുകയോ അപൂര്‍വ്വമാവുകയോ ചെയ്തിരുന്നു. അവയ്ക്കു പകരം, ചൂടുള്ള കാലാവസ്ഥയില്‍ മാത്രം കണ്ടിരുന്ന പല സാധാരണ പക്ഷികളും രംഗം കയ്യടക്കിയിരിക്കുന്നു. ഇന്ന് കേരളത്തിലെ പക്ഷിസമൂഹങ്ങള്‍, ആവാസവ്യവസ്ഥകള്‍ക്കും വാസസ്ഥാനങ്ങള്‍ക്കും സമുദ്രനിരപ്പില്‍നിന്നുള്ള ഉയരത്തിനും അനുസരിച്ച് വലിയ വ്യതിയാനങ്ങള്‍ പ്രകടമാക്കുന്നില്ല. പക്ഷി സമൂഹങ്ങളുടെ ഘടന അപകടകരമാംവിധം കൂടുതല്‍ കൂടുതല്‍ സമാനമായിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ പക്ഷിസമൂഹങ്ങളെ പൊതുവേ ഇങ്ങനെ തരംതിരിക്കാം:

1. ചോലക്കാടുകളിലെയും പുല്‍മേടുകളിലെയും പക്ഷികള്‍.
2. സമുദ്രനിരപ്പില്‍നിന്നും ഉയരത്തിലുള്ള നിത്യഹരിതവനങ്ങളിലെയും ആര്‍ദ്ര ഇലപൊഴിയും കാടുകളിലെയും പക്ഷികള്‍.
3. സമുദ്രനിരപ്പില്‍നിന്നും അധികം ഉയരത്തിലല്ലാത്ത നിത്യഹരിത വനങ്ങളിലെയും പുഴയോരക്കാടുകളിലെയും കാവുകളിലെയും പക്ഷികള്‍.
4. തോട്ടങ്ങളിലെ പക്ഷികള്‍ (കാപ്പി, ഏലം, തേയില, റബ്ബര്‍, കശുവണ്ടി…)
5. വരണ്ട ഇലപൊഴിയും കാടുകളിലെയും കുറ്റിക്കാടുകളിലെയും മേച്ചില്‍പ്പുറങ്ങളിലെയും പക്ഷികള്‍.
6. ഗ്രാമങ്ങളിലെ തോട്ടങ്ങളിലെയും വീട്ടുവളപ്പുകളിലെയും കൃഷിയിടങ്ങളിലെയും പക്ഷികള്‍.
7. നഗരങ്ങളിലെ പൂന്തോട്ടങ്ങളിലെയും തുറസ്സായ സ്ഥലങ്ങളിലെയും മൈതാനങ്ങളിലെയും കോളജ് കാമ്പസ്സുകളിലെയും പക്ഷികള്‍.
8. തണ്ണീര്‍ത്തടങ്ങളിലെ പക്ഷികള്‍ (അഴിമുഖങ്ങള്‍, വയലുകള്‍, കായലുകള്‍, കുളങ്ങള്‍, തടാകങ്ങള്‍, ജലസംഭരണികള്‍, കണ്ടല്‍ക്കാടുകള്‍…)
9. കടല്‍ത്തീരങ്ങളിലെ പക്ഷികള്‍.

 

Comments are closed.