കേരളം 60 പുസ്തകപരമ്പരയിലെ 2 പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു

DC-ibf-AUG13

ഡി സി പുസ്തകമേളയില്‍ ആഗസ്റ്റ് 13ന് കേരളം 60 പുസ്തകപരമ്പരയിലെ 2 പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു.  ജോര്‍ജ് പുളിക്കന്‍ എഴുതിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെസമാഹാരമായ തോറ്റചരിത്രം കേട്ടിട്ടില്ല, എന്‍ എം പിയേഴ്‌സൺ  എഴുതിയ വിമോചന സമര ചരിത്രം പൂണൂലും കൊന്തയും എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്.

ഇരുപതാംനൂറ്റാണ്ടില്‍ കേരളത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുകയും മുന്നോട്ട് നയിക്കുകയും ഒക്കെ ചെയ്ത സംഭവങ്ങളെ അടയാളപ്പെടുത്തുന്ന മുദ്രാവാക്യങ്ങളുടെ സമാഹാരമാണ് “തോറ്റചരിത്രം കേട്ടിട്ടില്ല” എന്ന പുസ്തകം. കേരള രൂപീകരണം മുതലിങ്ങോട്ട് പശ്ചിമഘട്ടത്തെ പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യങ്ങള്‍ നവതലമുറയ്ക്ക് ചരിത്രത്തിലേക്കുള്ള ഒരുസഞ്ചാരം കൂടിയാണ്. വിമോചനസമരം, അടിയന്തിരാവസ്ഥ, വിദ്യാഭ്യാസപരിഷ്‌കരണം, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ മുന്നേറ്റങ്ങള്‍ തുടങ്ങി ഏറ്റവും ഒടുവില്‍ സോളാര്‍ സമരവും ചുംബനസമരവും വരെ ഏറ്റെടുത്ത സമൂഹം ഉറക്കെയുറക്കെ വിളിച്ച മുദ്രാവാക്യങ്ങളാണ് ഈ എന്ന പുസ്തകത്തിലുള്ളത്.

ആദർശ രാഷ്ട്രീയത്തിന് ചരമക്കുറിപ്പെഴുതിയ വിമോചനസമരം തീർത്ത മുദ്രകൾ കേരളീയ ജീവിത വ്യവസ്ഥയിൽ ഇന്നും മായാതെ കിടക്കുന്നു. സമരത്തിന്റെ കാണാപ്പുറങ്ങളിലേക്ക് , ആന്തര തലങ്ങളിലേക്ക് , ഉൾക്കാഴ്ചയോടെ നടത്തുന്ന അന്വേഷണമാണ് എൻ എം പിയേഴ്‌സൺ രചിച്ച ‘പൂണൂലും കൊന്തയും‘ എന്ന കൃതി.

ചടങ്ങില്‍ വി ഡി സതീശന്‍,  എന്‍ പി രാജേന്ദ്രന്‍, അഡ്വ.ജയശങ്കര്‍, ജോര്‍ജ് പുളിക്കന്‍എന്‍ എം പിയേഴ്‌സണ്‍ എന്നിവര്‍ പങ്കെടുക്കും.