DCBOOKS
Malayalam News Literature Website

കെ.എം മാണി പാലായില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍… ചരിത്രത്താളുകളിലെ ആദ്യ തെരഞ്ഞെടുപ്പിന്റെ കഥ

1964 ഒക്ടോബറില്‍ രൂപംകൊണ്ട കേരളാ കോണ്‍ഗ്രസിന്, 1965 ഫെബ്രുവരിയില്‍ ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. പാര്‍ട്ടിയെ ഗ്രാമതലത്തില്‍ സംഘടിപ്പിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോന്ന ഒരു ആള്‍ക്കൂട്ടമെന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ് ഗ്രാമങ്ങളില്‍ സ്വയം രൂപം കൊള്ളുകയായിരുന്നു. കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിറുത്തുമെന്ന് പത്രക്കുറിപ്പുകളും പ്രസ്താവനകളും ഇറക്കിയെങ്കിലും പകുതി നിയോജക മണ്ഡലങ്ങളില്‍പ്പോലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാകില്ലെന്ന് വളരെ വ്യക്തമായിരുന്നു. മധ്യ തിരുവിതാംകൂറില്‍ മാത്രമാണ് കേരളാകോണ്‍ഗ്രസ് ജ്വരം ജനങ്ങളെ ബാധിച്ചിരുന്നത്.

സീറ്റ് വിഭജന പ്രശ്‌നത്തില്‍ കൂടിയാലോചന നടത്തി രമ്യപരിഹാരമുണ്ടാക്കാനുള്ള ഉപസമിതിയില്‍ താനും അംഗമായിരുന്നുവെന്ന് ജോസഫ് പുലിക്കുന്നേല്‍ ഓര്‍ത്തെടുക്കുന്നു.പ്രശ്‌നസീറ്റുകളില്‍ ഒന്ന് പാലാ നിയോജകമണ്ഡലം ആയിരുന്നു. പാലാ സീറ്റില്‍ മത്സരിക്കുന്നതിന് കെ.എം മാണി ആഗ്രഹം പ്രകടിപ്പിച്ചു. കോട്ടയം ഡിസിസി പ്രസിഡന്റായിരുന്ന മാത്തച്ചന്‍ കുരുവിനാക്കുന്നേലും ട്രഷറര്‍ ആയിരുന്ന കെ.വി കുര്യന്‍ പൊട്ടന്‍കുളവും മറ്റു ചില നേതാക്കളും കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപന ദിവസത്തെ യോഗത്തിലും, കേരളാ കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ള കോട്ടയത്തെ പ്രവര്‍ത്തകരുടെ പിറ്റേദിവസം കൂടിയ യോഗത്തിലും പങ്കെടുത്തിരുന്നു.

എന്നാല്‍ അന്ന് ഡി.സി.സി സെക്രട്ടറിയായിരുന്ന മാണി ഈ യോഗങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. പാലാ സീറ്റിനു വേണ്ടിയുള്ള മാണിയുടെ ആഗ്രഹത്തെ മാത്തച്ചന്‍ ശക്തമായി എതിര്‍ത്തു. മാത്തച്ചന്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവും പാലാക്കാരനുമായിരുന്നതിനാല്‍ മാത്തച്ചന്റെ വാക്ക് അവസാനവാക്കു തന്നെയായിരുന്നു.

കെ.എം മാണി കോഴിക്കോട്ടെത്തി എന്നെ കണ്ട് തന്റെ ആവശ്യം ഉന്നയിച്ചു. 1957-58 കാലഘട്ടത്തില്‍ മാണിയും ഞാനും പാലായില്‍ രാഷ്ട്രീയത്തില്‍ സുഹൃത്തുക്കളായിരുന്നു. മാത്തച്ചന്റെ എതിര്‍പ്പിനെക്കുറിച്ച് മാണിക്ക് നന്നായി അറിയാമായിരുന്നു. 15 എംഎല്‍എമാരില്‍ ജോസഫ് ചാഴികാടന് പാലാ സീറ്റ് നല്‍കണമെന്നതായിരുന്നു മാത്തച്ചന്റെ വാദം. ചാഴികാടന്‍ ജയിച്ചത് ഉഴവൂര്‍ സീറ്റില്‍ നിന്നായിരുന്നു. ഉഴവൂര്‍ നിയോജകമണ്ഡലം വിഭജിച്ചാണ് പുതുതായി പാലാ നിയോജകമണ്ഡലത്തിന് രൂപം നല്‍കിയത്. പിന്നീട് കോട്ടയത്ത് വെച്ചു നടന്ന ഇലക്ഷന്‍ കമ്മിറ്റി ചര്‍ച്ചയില്‍ ചാഴികാടനെ കടുത്തുരുത്തിയില്‍ നിറുത്താന്‍ തീരുമാനിച്ചു. പാലാ സീറ്റിന് അവകാശികളില്ലാതായിത്തീര്‍ന്നു. മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല. പാലായില്‍ കെ.എം മാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. പുറത്തിറങ്ങി മാണിയെ ഈ വിവരം അറിയിച്ചപ്പോള്‍, അദ്ദേഹം സന്തോഷിച്ച് എന്നെ കെട്ടിപ്പിടിച്ചത് ഓര്‍ക്കുന്നു.

1956-ല്‍ ഞാന്‍ രാഷ്ട്രീയം വിട്ടതിനു ശേഷം കേരളാ കോണ്‍ഗ്രസ് പിളര്‍ന്നു. മാത്തച്ചന്‍ കേരളാ കോണ്‍ഗ്രസിനു പുറത്തായി. പിന്നീട് ഒന്നോ രണ്ടോ തവണയെങ്കിലും ‘മാണിക്ക് സീറ്റു നല്‍കിയ പാപത്തിനുത്തരവാദി പുലിക്കുന്നനാണ്’ എന്ന് മാത്തച്ചന്‍ പറഞ്ഞതോര്‍ക്കുന്നു. മാത്തച്ചന് ഞാന്‍ അനഭിമതനായി…

(കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപനചരിത്രത്തില്‍ ജോസഫ് പുലിക്കുന്നേല്‍ രേഖപ്പെടുത്തിയത്)

കേരളാകോണ്‍ഗ്രസിന്റെ സ്ഥാപനചരിത്രംജോസഫ് പുലിക്കുന്നേല്‍

അരനൂറ്റാണ്ടു കാലമായി പിളര്‍ന്നും യോജിച്ചും മുന്നണികള്‍ മാറിയും കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായിമാറിയ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപനത്തെക്കുറിച്ചും അക്കാലഘട്ടത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചുമുള്ള രേഖാചിത്രമാണ് ഈ കൃതി. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപന കാര്യത്തില്‍ മുഖ്യപങ്കാളിയായിരുന്ന ജോസഫ് പുലിക്കുന്നേല്‍ കേരളാ കോണ്‍ഗ്രസിന്റെ ആദ്യകാലത്തെക്കുറിച്ച് വിശദമായി എഴുതുകയാണ് ഈ കൃതിയില്‍. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപനത്തിനു പിന്നിലുണ്ടായിരുന്ന രാഷ്ട്രീയ പ്രേരണകളെന്തായിരുന്നു? വ്യക്തികളേക്കാളേറെ, സംഭവങ്ങളാണ്, കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപനത്തിന് പ്രേരണയായത് എന്ന് ഗ്രന്ഥകര്‍ത്താവ് കരുതുന്നു. 1960-കളിലെ കേരള രാഷ്ട്രീയത്തിലൂടെയുള്ള ത്വരിതസഞ്ചാരമാണ് ഈ ഗ്രന്ഥം.

കേരളാകോണ്‍ഗ്രസിന്റെ സ്ഥാപനചരിത്രം-ഇബുക്ക് വായിക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.