DCBOOKS
Malayalam News Literature Website

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കനക കിരീടം കോഴിക്കോടിന്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം തവണയും കനകകിരീടവിജയവുമായി കോഴിക്കോട് ജില്ല. 895 പോയന്റുമായാണ് നേട്ടം. തുടക്കംമുതല്‍ കോഴിക്കോടിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിയ പാലക്കാടിന് ഇത്തവണയും നേരിയ വ്യത്യാസത്തിന് കിരീടം നഷ്ടമായി. പാലക്കാട് 893 പോയന്റുമായി രണ്ടാമതെത്തി. 875 പോയന്റോടെ മലപ്പുറം മൂന്നാമതായി. ആതിഥേയരായ തൃശ്ശൂര്‍ 865 പോയന്റുമായി നാലാം സ്ഥാനത്തെത്തി.

തേക്കിന്‍കാട് മൈതാനത്തെ ഒന്നാംവേദിയായ ‘നീര്‍മാതള’ത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. അടുത്തവര്‍ഷത്തെ കലോത്സവം ആലപ്പുഴയില്‍ നടക്കും.ആദ്യദിനം മുതലുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നേടിയ ആറു പോയന്റിന്റെ ലീഡാണ് കോഴിക്കോടിനെ കിരീടനേട്ടത്തിലെത്തിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് 419 പോയന്റുകള്‍ നേടിയപ്പോള്‍ 423 പോയന്റുമായി പാലക്കാടാണ് ഒന്നാമത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 476 പോയന്റുമായി കോഴിക്കോട് മുന്നിലെത്തി. പാലക്കാടിന് 470 പോയന്റ്. അങ്ങനെ ഓവറോളില്‍ രണ്ടു പോയന്റ് വ്യത്യാസത്തില്‍ കോഴിക്കോടിന് വീണ്ടും കിരീടം.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 476 പോയന്റുമായി കോഴിക്കോടിനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ട മലപ്പുറത്തിന്റെ പ്രകടനവും ശ്രദ്ധേയമായി. കലോത്സവത്തോടൊപ്പം നടന്ന സംസ്‌കൃതോത്സവത്തില്‍ 95 പോയന്റുകളോടെ കോഴിക്കോടും അറബിക് കലോത്സവത്തില്‍ 95 പോയന്റുകളോടെ മലപ്പുറവും ചാമ്പ്യന്മാരായി.

പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ സ്ഥാനക്കണക്കിലുള്ള വിജയികളില്ല. ഗ്രേഡ് മാത്രമാണ് വിജയികള്‍ക്ക് ചാര്‍ത്തിക്കൊടുത്തത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ അടിസ്ഥാനത്തില്‍ നടത്തിയ കലോത്സവമെന്ന പ്രത്യേകതയും തൃശ്ശൂര്‍ കലോത്സവത്തിനുണ്ട്.

 

 

Comments are closed.