DCBOOKS
Malayalam News Literature Website

സാംസ്‌കാരികോത്സവത്തിന് തൃശൂരില്‍ തിരിതെളിയും

58-ാമത് കേരളാ സ്‌കൂള്‍ കലോത്സവത്തിന് 2018 ജനുവരി 6-ാം തീയ്യതി കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത് തിരിതെളിയുന്നു. പൈതൃകം ഉറങ്ങുന്ന തേക്കിന്‍കാട് മൈതാനത്ത് ജനുവരി 6 മുതല്‍ 10 വരെയാണ് കലാകേരളം ഒത്തുകൂടുന്നത്. സാംസ്‌കാരിക-സിനിമ-സാഹിത്യ-കവി സമ്മേളനങ്ങള്‍, ഭാരതീയ നൃത്തരൂപങ്ങള്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വിവിധ നൃത്ത ഇനങ്ങള്‍, കാക്കരശ്ശി നാടകം, നാടന്‍ പാട്ടുകള്‍, നാടന്‍ കലകള്‍, പ്രാചീനകലാരൂപങ്ങള്‍, ക്ഷേത്രകലകള്‍ തുടങ്ങി കേരളത്തിന്റെ കലാ-സാംസ്‌കാരിക പരിഛേദം തെക്കേഗോപുരനടയിലെ ‘നിശാഗന്ധി’യില്‍ അവതരിപ്പിക്കപ്പെടുന്നു.

ആദ്യദിനമായ ജനുവരി ആറിന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ഐഎഎസ് സ്വാഗതവും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷതയും വഹിക്കും. ഉദ്ഘാടനം നിര്‍വഹിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണനാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സമ്മാന വിതരണ ഉഘാടനവും കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ തൃശൂര്‍ പെരുമ ഉദ്ഘാടനവും നിര്‍വഹിക്കും. 7 മണിമുതല്‍ ഭാരതീയ നൃത്തരൂപങ്ങളായ ഒഡീസി, മണിപ്പൂരി, കഥക് എന്നിവയുടെ അവതരണം ഉണ്ടാകും.

ജനുവരി ഏഴിന് വൈകുന്നേരം 4.30തിന് സാംസ്‌കാരിക സമ്മേളനം നടക്കും. ശ്രീനിവാസന്‍ മുഖ്യാതിഥിയായെത്തുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്  സത്യന്‍ അന്തിക്കാടാണ്.  വിദ്യാധരന്‍ മാസ്റ്റര്‍,  സുധീര്‍ കരമന,  സുനില്‍ സുഖദ,  പ്രേംലാല്‍ എന്നിവര്‍ മുഖ്യപ്രഭാഷണത്തില്‍ പങ്കെടുക്കും. 6 മണിക്ക് ഓണപ്പാട്ടുകളുടെ അവതരണവും 7 മണിക്ക് നാടന്‍ കലകള്‍, നാടന്‍ പാട്ടുകള്‍ എന്നിവയുടെ അവതരണവും നടക്കും.

മൂന്നാം ദിവസത്തെ സാഹിത്യ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുന്നത് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനാണ്. വൈകുന്നേരം 6ന് നീനവാര്യര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതവും 6.30ന് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ വിവിധ നൃത്ത പരിപാടികളും ഉണ്ടാകും. 7.30ന് പ്രണവം കലാമന്ദിര്‍ അവതരിപ്പിക്കുന്ന കുട്ടികളുടെ കാക്കരശ്ശി നാടകം നടക്കും.

ജനുവരി 9ന്  മുരുകന്‍ കാട്ടാക്കട അധ്യക്ഷത വഹിക്കുന്ന കവി സമ്മേളനത്തില്‍  ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പിന്നീട് തൈവ മക്കള്‍ അവതരിപ്പിക്കുന്ന കരകാട്ടം, കാളകളി, നന്തുണി, വട്ടമുടിയാട്ടം എന്നിവ ഉണ്ടാകും. ജനുവരി പത്തിന് സമാപന സമ്മേളനത്തോടുകൂടി കൗമാരകലയുടെ ഉത്സവത്തിന് കൊടിയിറങ്ങും.

 

Comments are closed.